മൃഗാശുപത്രികള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നത് വിപ്ലവകരമായ മാറ്റം: മന്ത്രി കെ.രാജു

post

പത്തനംതിട്ട : മൃഗാശുപത്രികള്‍ 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുക എന്നത് മൃഗസംരക്ഷണ മേഖലയിലെ വിപ്ലവകരമായ മാറ്റമാണെന്ന് വനം - മൃഗസംരക്ഷണം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ശോഭനം 2020 എന്ന മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ആദ്യഘട്ടമെന്ന നിലയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന 27 മൃഗാശുപത്രികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തിയതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു കാര്യം സാധ്യമായത്. ഇതുവഴി മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗസ്നേഹികള്‍ക്കും ഏതു സമയത്തും വെറ്ററിനറി സേവനങ്ങള്‍ക്കായി ആശുപത്രികളെ ആശ്രയിക്കാമെന്നും മന്ത്രി പറഞ്ഞു. 

രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയും രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെയുമുള്ള മൂന്ന് ഷിഫ്റ്റുകളിലായിട്ടാണ് ആശുപത്രിയില്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുക. കാലം മാറിയതിന്റെ ഭാഗമായി പുത്തന്‍  സാങ്കേതിക വിദ്യകള്‍ വന്നത് ഉള്‍പ്പടെ ഈ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ സംവിധാനത്തില്‍ മാറ്റം വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ മേഖലയില്‍ വരും ദിവസങ്ങളില്‍ സമഗ്രമായ പുനസംഘടന നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ വകുപ്പുമായി സഹകരിക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിലെ സ്ഥിരം ഉദ്യോഗസ്ഥര്‍ തന്നെയാകും 24 പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ സേവനം നടത്തുക. എത്രയും വേഗത്തില്‍ സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും ഈ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും  മന്ത്രി പറഞ്ഞു.

24 മണിക്കൂര്‍ സേവനം ആരംഭിച്ച തിരുവല്ല വെറ്ററിനറി പോളി ക്ലിനിക്കിലെ ചടങ്ങ് തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ രണ്ട് മൃഗാശുപത്രികളിലാണ് സേവനം ലഭിക്കുന്നത്. 

 ചടങ്ങില്‍  വാര്‍ഡ് കൗണ്‍സിലര്‍ ബിജു ലങ്കാഗിരി, മല്ലപ്പള്ളി അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ ഡോ. സി. ശ്രീകുമാര്‍, പത്തനംതിട്ട ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. തോമസ് ജേക്കബ്, ഡോ.എ.ജി ജിയോ  ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവല്ല വെറ്ററിനറി പോളി ക്ലിനിക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എം.കെ ബിനു, തിരുവല്ല വെറ്ററിനറി പോളി ക്ലിനിക്ക് വെറ്ററിനറി സര്‍ജന്‍ ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.