പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

post

വയനാട് :  കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം മാനന്തവാടി എം.വി.ജി. ആര്‍ക്കേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു .  പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു .  

റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവര്‍ മുഖ്യാതിഥികളായി. 

സംസ്ഥാനത്ത് ഈ വര്‍ഷം 650 കോടി രൂപയുടെ വായ്പ പദ്ധതിയാണ് പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടിക ജാതി- പട്ടിക വര്‍ഗ- പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ കീഴില്‍ പൂര്‍ത്തിയാക്കിയതും നിര്‍മ്മാണം ആരംഭിക്കുന്നതുമായ 20 പദ്ധതികളുടെയും സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണ സമാപനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 

 പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ അഭിമുഖ്യത്തില്‍ 100 ദിവസം കൊണ്ട് 3060 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി സ്വയം തൊഴില്‍ വായ്പകള്‍ നല്കുന്നു. ചരിത്ര പരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും പിന്നോക്കം പോയ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി സര്‍ക്കാര്‍ നടത്തി വരുന്ന ഇടപെടലുകളാണ് ഇവ. പ്രധാനമായും ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസവും സാമ്പത്തികവും സാമൂഹ്യവുമായ വികസനത്തിനുതകുന്ന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഭൂമി, വീട്, അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍ ഇവയൊരുക്കുന്നതിന് അതീവ പ്രാധാന്യം നല്‍കി. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനന്തവാടിയില്‍ നടന്ന ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗര സഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ. എന്‍. പ്രഭാകരന്‍, കെ.എസ്. ബി. സി. ഡി. സി.  ഡയറക്ടര്‍  ടി. കണ്ണന്‍, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, മാനന്തവാടി നഗര സഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ടി  ബിജു, മാനന്തവാടി ഉപജില്ല ഓഫീസ് മാനേജര്‍ ക്ലീറ്റസ്സ് ഡിസില്‍വ, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ റഷീദ് പടയന്‍, കെ.എസ്. ബി. സി. ഡി. സി. സീനിയര്‍ അസിസ്റ്റന്റ് ബിന്ദു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു