ജില്ലയിലെ 17 'ഹരിത' പഞ്ചായത്തുകള്‍ക്ക് സര്‍ക്കാരിന്റെ അനുമോദന പത്രം

post

ഇടുക്കി : സംസ്ഥാനത്ത് ഹരിതകേരളം 1000 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതിന്റെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലയിലെ കട്ടപ്പന നഗരസഭയുള്‍പ്പടെ 17തദ്ദേശഭരണ സ്ഥാപനങ്ങളെ ഹരിതകേരളം മിഷന്‍ ആദരിച്ചു. ബന്ധപ്പെട്ട പച്ചത്തുരുത്തുകളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ക്കാരിന്റെ അനുമോദന പത്രം വിശിഷ്ടാതിഥികള്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് സമ്മാനിച്ചു.

അടിമാലി, കുമളി, പെരുവന്താനം, കുടയത്തൂര്‍, മുട്ടം, നെടുങ്കണ്ടം, ശാന്തന്‍പാറ, വാഴത്തോപ്പ്, വണ്ണപ്പുറം, പാമ്പാടുംപാറ, രാജകുമരി, സേനാപതി, കരുണാപുരം ,കഞ്ഞിക്കുഴി രാജാക്കാട്, വെള്ളിയാമറ്റം,കട്ടപ്പന നഗരസഭ എന്നിങ്ങനെ 25 പച്ചത്തുരുത്തുകളുടെ ഉടമകളായ തദ്ദേശസ്ഥാപനങ്ങളെയാണ് ആദരിച്ചത്. കേരളത്തിലെ പച്ചത്തുരുത്തുകളെക്കുറിച്ചുള്ള അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചത്തുരുത്തില്‍ നടക്കുന്ന ചടങ്ങില്‍ വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ സാബി വര്‍ഗ്ഗീസ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.

നേരത്തെ പഞ്ചായത്തോഫിസില്‍ നടന്ന ചടങ്ങില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് അനുമോദന പത്രം സമ്മാനിച്ചു.ഹരിതകേരളം ജില്ലാകോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി എസ് മധു,വൈസ് പ്രസിഡന്റ് വി കെ രാജേഷ്,സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കുടയത്തൂരിലെ കയ്പ പച്ചത്തുരുത്തില്‍ നടന്ന ചടങ്ങില്‍ തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന് അനുമോദന പത്രം സമര്‍പ്പിച്ചു.വൈസ് പ്രസിഡന്റ് മുരളീധരന്‍നായര്‍,പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സുശീല ,വാര്‍ഡ് മെംബര്‍മാരായ പി കെ ശശി,വല്‍സമ്മ ഭാസ്‌കരന്‍ സംബന്ധിച്ചു.

മുട്ടം ഗ്രാമപ്പഞ്ചായത്തിനുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കോടതി വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജഡ്ജി മുഹമ്മദ് വസീം പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. വാഴത്തോപ്പില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശനും സേനാപതിയില്‍ കൃഷിഓഫീസര്‍ ബെറ്റ്‌സി മറിയവും  വണ്ണപ്പുറത്ത ബ്ലോക്ക് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യുവും നെടുങ്കണ്ടത്തും കരുണാപുരത്തും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ മോളി മൈക്കിളും പാമ്പാടുംപാറയില്‍ കൃഷി ഓഫിസര്‍ ബോണ്‍സി ജോസഫും ശാന്തമ്പാറയില്‍ കൃഷി ഓഫീസര്‍ ടി എസ് അശ്വതിയും രാജാക്കാട് ഡോ.എം എസ് നൗഷാദും അനുമോദന പത്രം സമ്മാനിച്ചു.രാജകുമാരിയില്‍ കൃഷി ഓഫിസര്‍ എം എസ് ജോണ്‍സണ്‍,കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. സി പി റോയി ,അടിമാലിയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി സുരേന്ദ്രന്‍,കുമളിയില്‍ അഴുത ബ്ലോക്ക് പ്രസിഡന്റ് ആലീസ് സണ്ണി,കഞ്ഞിക്കുഴിയില്‍ ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് റെജി മുക്കാട്ട് എന്നിവരാണ് ഹരിതകേരളത്തിന്റെ അനുമോദന പത്രം സമ്മാനിച്ചത്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്

ഹരിത കേരളം മിഷന്റെ  ഭാഗമായി നടപ്പാക്കിയ പച്ചത്തുരുത്ത് പ്രഖ്യാപനവും, പുരസ്‌കാരം ഏറ്റുവാങ്ങലും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ നടന്നു.   വാഴത്തോപ്പ്  പിഎച്ച് എസിയുടെയും ജില്ലാ പഞ്ചായത്തിന്റെയും പരിസര പ്രദേശത്താണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കിയത്.

   ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ പ്രാദേശിക പൂര്‍ത്തികരണ പ്രഖ്യാപനം  വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ വിഎം നിര്‍വഹിച്ചു.  ജില്ലാ കളക്ടര്‍ എച്ച് ദിനേശനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചു ത്രേസ്സ്യാ പൗലോസും ചേര്‍ന്ന്  പുരസ്‌കാര ഫലകവും ആയിരം പച്ചത്തുരുത്ത് എന്ന പുസ്തകവും  വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡിന്  കൈമാറി.  

ത്രിതല പഞ്ചായത്തംഗങ്ങളായ കെഎം ജലാലുദ്ദീന്‍, അമ്മിണി ജോസ്, ജലജ, ഹരിതകേരള മിഷന്‍ റിസോഴ്സ് പേഴ്സന്‍ അബ്ദുല്‍ നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുട്ടം ഗ്രാമപഞ്ചായത്ത്

ഹരിത കേരള മിഷനും മുട്ടം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിക്കുള്ള അനുമോദന പത്രം ജില്ലാ ജഡ്ജ് മുഹമ്മദ് വസീം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിന് കൈമാറി. അതി ജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാ  ജഡ്ജ് നിര്‍വ്വഹിച്ചു. ജില്ലാ കോടതി വളപ്പില്‍ നട്ട് വളര്‍ത്തിയ പച്ചതുരുത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷീല സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ഔസേപ്പച്ചന്‍ ചരക്കുന്നത്ത്, ബൈജു കുര്യന്‍, സതീഷ് പി.എസ്., പഞ്ചായത്ത് സെക്രട്ടറി ലൗജി.എം.നായര്‍, ഹരിത കേരളം റിസോഴ്സ് പേഴ്സന്‍മാരായ അമലു ആശ്വതി, ഓവര്‍സീയര്‍ അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

ഹരിത കേരള മിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും നടപ്പിലാക്കി വരുന്ന 'അതിജീവനത്തിനായി ആയിരം പച്ചത്തുരുത്തുകള്‍' പദ്ധതിയുടെ സംസ്ഥാന തലത്തിലുള്ള ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനിലൂടെ  നിര്‍വ്വഹിച്ചതിന്റെ  ഭാഗമായിട്ടാണ് മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരു വാര്‍ഡില്‍ തന്നെ നാല്  പച്ച ത്തുരുത്തുകള്‍ ഉള്ള ഏക  പഞ്ചായത്താണ് മുട്ടം. ജില്ലാ കോടതി, ഐ.എച്ച്. ആര്‍.ഡി, മുട്ടം ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ രണ്ട് എന്നിങ്ങനെയാണ് മുട്ടം പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിലുള്ള പച്ചതുരുത്തുകളുള്ളത്.

കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത്

ഹരിത കേരള മിഷന്‍ - അതിജീവനത്തിനായി ഒരുക്കിയ ആയിരം പച്ചത്തുരുത്തുകളുടെ സംസ്ഥാന തല പൂര്‍ത്തികരണത്തിന്റെ ഭാഗമായി കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിലും പച്ചത്തുരുത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും, പഞ്ചായത്ത് തല അവാര്‍ഡ് കൈമാറലും സംഘടിപ്പിച്ചു.

ഹരിത കേരള മിഷന്‍ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സി തോമസ് പച്ചത്തുരുത്തിന്റെ പൂര്‍ത്തികരണ പ്രഖ്യാപനം നടത്തുകയും, പഞ്ചായത്ത് തല അവാര്‍ഡ് പ്രസിഡന്റ് പുഷ്പാ വിജയന് കൈമാറുകയും ചെയ്തു. കുടയത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. മുരളീധരന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ജി.എസ്. മധു,  ഹരിത കേരള മിഷന്‍ പ്രതിനിധി സി.എസ് സജീവന്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. ശശി, വത്സമ്മ ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു തെങ്ങുംപിള്ളില്‍ സ്വാഗതവും സെക്രട്ടറി സുശീല കെ.എന്‍. കൃതഞ്ജതയും പറഞ്ഞു.

രാജാക്കാട് ഗ്രാമപഞ്ചായത്ത്

ഹരിത കേരളം മിഷന്റെ  ഭാഗമായി നടപ്പാക്കിയ പച്ചത്തുരുത്ത് പ്രഖ്യാപനവും, പുരസ്‌കാരം ഏറ്റുവാങ്ങലും രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ നടന്നു.  പഴയവിടുതി ക്രിമിറ്റോറിയത്തിന് സമീപത്തുള്ള പത്തുസെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കിയത്. രാജാക്കാട് കമ്യൂണിറ്റി ഹാളില്‍ നടത്തിയ പച്ചത്തുരുത്ത് പദ്ധതിയുടെ പ്രാദേശിക പൂര്‍ത്തികരണ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി നിര്‍വഹിച്ചു.  രാജാക്കാട് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എസ് നൗഷാദ് പുരസ്‌കാര ഫലകവും, അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് എന്ന പുസ്തകവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം.എസ് സതിക്ക് കൈമാറി. വൈസ് പ്രസിഡന്റ് കെ.പി അനില്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ഡി സന്തോഷ്, ബിന്ദു സതീശന്‍, കെ.കെ രാജന്‍, ശോഭനാ രാമന്‍കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി റ്റി.കെ കാഞ്ചന,ഹരിതകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ ഫെലിക്‌സ് തങ്കച്ചന്‍, ഹരിത സഹായ സംഘം കോ-ഓഡിനേറ്റര്‍ രാജീവ് രാജു എന്നിവര്‍ പങ്കെടുത്തു.

രാജകുമാരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പച്ചത്തുരുത്ത് പ്രഖ്യാപന പുരസ്‌കാര ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു രാജകുമാരി കൃഷി ഓഫീസര്‍ എംഎസ് ജോണ്‍സണില്‍ നിന്ന്  പുരസ്‌കാര ഫലകം ഏറ്റുവാങ്ങി. രാജകുമാരി പഞ്ചായത്തിലെ ആറാം വര്‍ഡ് മഞ്ഞക്കുഴിയിലെ മുതുവാക്കുടിയിലാണ് പച്ചതുരുത്ത് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.