ആര്‍ദ്രം മിഷനിലൂടെ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഉന്നതനിലവാരത്തിലേക്ക്

post

പത്തനംതിട്ട : ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ആര്‍ദ്രം മിഷനിലൂടെ പത്തനംതിട്ട ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഉന്നതനിലവാരത്തിലേക്ക്. ആര്‍ദ്രം മിഷനിലൂടെ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മുന്‍പില്ലാത്തവിധം വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ വികസത്തോടെ ആരോഗ്യ രംഗത്ത് മികച്ച നേട്ടമാണ് ജില്ല കൈവരിച്ചത്. 

സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കു ഗുണമേന്മയുള്ള സേവനവും സൗഹാര്‍ദപരമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിനു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തുക എന്നത് ആര്‍ദ്രം മിഷന്റെ പ്രധാന ലക്ഷ്യമാണ്.

ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയത്.  പന്തളം, ഓതറ, ചെന്നീര്‍ക്കര, വടശേരിക്കര, കോട്ടാങ്ങല്‍, പള്ളിക്കല്‍, തണ്ണിത്തോട്, നിരണം എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയത്.

രണ്ടാം ഘട്ടത്തില്‍ 26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണു ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്. ആനിക്കാട്, കോയിപ്രം, ഓമല്ലൂര്‍, മെഴുവേലി, ചന്ദനപ്പള്ളി ഏഴംകുളം എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു.   കവിയൂര്‍, കുറ്റൂര്‍, സീതത്തോട്, ചിറ്റാര്‍, ചെറുകോല്‍ എന്നിവ ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. നാറാണംമൂഴി, വെച്ചൂച്ചിറ, തെളളിയൂര്‍, മൈലപ്ര, കൊക്കാത്തോട്, കടമ്പനാട്, കടമ്മനിട്ട, ഏറത്ത്, പുറമറ്റം, കൂടല്‍, കുളനട, വല്ലന എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ പൂത്തിയായിവരുന്നു. കുന്നംന്താനം, എഴുമറ്റൂര്‍, റാന്നി പഴവങ്ങാടി എന്നിവയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

  കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ഇവിടങ്ങളിലെ ഒ.പി, ഫാര്‍മസി, ലാബ് ഇവയുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു വരെയാകും. നിലവില്‍ ഉച്ചവരെ പ്രവര്‍ത്തിച്ചുവരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ പകല്‍ സമയം പൂര്‍ണമായും രോഗികള്‍ക്കു സേവനം ലഭ്യമാകുന്ന രീതിയിലേക്കാണ് മാറുന്നത്. ഇതിനനുസരിച്ച് ഡോക്ടര്‍മാരുടേയും മറ്റ് സ്റ്റാഫുകളുടേയും എണ്ണവും വര്‍ധനയുണ്ടാകും. 

  ആര്‍ദ്രം മിഷന്റെ ഭാഗമായി അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസവും നൂറുകണക്കിന് രോഗികള്‍ക്ക് ഡയാലിസിസ് യുണിറ്റുകളുടെ സേവനം ലഭിക്കുന്നുണ്ട്. 

  പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പുതിയ ഒ.പി ട്രാന്‍സ്ഫര്‍മേഷന്‍ സംവിധാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇവയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും.

മല്ലപ്പള്ളി, കോന്നി താലൂക്ക് ആശുപത്രികളേയും ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.

ആര്‍ദ്രം മിഷന്റെ ഭാഗമായി ഹൃദ്രോഗചികിത്സയ്ക്കായി സംസ്ഥാനത്ത് ആദ്യമായി കാത്ത്ലാബ് തുടങ്ങിയത് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. 2019 മുതല്‍ കാത്ത്ലാബ് പ്രവര്‍ത്തിച്ചു വരുന്നു. ഇതുവരെ 13,702 പേര്‍ക്ക് കാത്ത്ലാബിലൂടെ ചികിത്സ ലഭ്യമായി. 835 ആഞ്ജിയോഗ്രാമും 220 ആഞ്ജിയോപ്ലാസ്റ്റിയും 3467 എക്കൊ ട്രീറ്റ്മെന്റും  നടന്നിട്ടുണ്ട്. കാസ്പ്(സി.എ.എസ്.പി)ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് ഹൃദ്രോഗ ചികിത്സ സൗജന്യമാണ്. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആഞ്ജിയോഗ്രാമിന് 10,000 രൂപയും ആഞ്ജിയോപ്ലാസ്റ്റി സ്റ്റെന്റിംഗിന് 65,000 രൂപയും മാത്രമാണ്  ചികിത്സാ തുക. സ്വകാര്യ ആശുപത്രികളില്‍ ആഞ്ജിയോഗ്രാമിന് 12,000 മുതല്‍ 15,000 രൂപവരെയും ആഞ്ജിയോപ്ലാസ്റ്റി സ്റ്റെന്റിംഗിന് കുറഞ്ഞത് ഒരു ലക്ഷം രൂപയുമാണ് ചെലവ്. കോവിഡ് കാലത്തും കാത്ത് ലാബ് പ്രവര്‍ത്തിച്ചു വരുന്നു.

എന്താണ് ഒ.പി ട്രാന്‍സ്ഫര്‍മേഷന്‍ സംവിധാനം

ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനസൗഹാര്‍ദ്രപരമായ ഒ.പി സംവിധാനമാണ് ഒ.പി ട്രാന്‍സ്ഫര്‍മേഷന്‍. തിരക്ക് കുറയ്ക്കുവാന്‍ കഴിയുന്നരീതിയില്‍ അധിക ഒ.പി കൗണ്ടറുകള്‍, അഡ്വാന്‍സ് ബുക്കിംഗ് കൗണ്ടര്‍, ടോക്കണ്‍ സംവിധാനം, ആവശ്യമായ ഇരിപ്പിടം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം, ഡിസ്പ്ലേ ബോര്‍ഡുകള്‍, ആരോഗ്യബോധവത്ക്കരണ സംവിധാനങ്ങള്‍, രോഗിക്ക് സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാമുറികള്‍ തുടങ്ങിയവയാണ് ഒ.പി ട്രാന്‍സ്ഫര്‍മേഷനിലുണ്ടാകുക.