ശാസ്ത്രീയ സമീപനങ്ങളിലൂടെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കും: മുഖ്യമന്ത്രി

post

സംസ്ഥാനത്ത് ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല യാഥാർഥ്യമായി

തിരുവനന്തപുരം: ശാസ്ത്രീയ സമീപനങ്ങളിലൂടെ കേരളത്തിന്റെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടാമ്പിയിൽ ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാലയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനും സുരക്ഷിത ഭക്ഷണമൊരുക്കുന്നതിലും പുതിയ ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൈവകൃഷിക്ക് പ്രാധാന്യമേറുന്ന കാലമാണിത്. ജീവിതശൈലീ രോഗങ്ങളും മറ്റും വർധിക്കുമ്പോൾ ആരോഗ്യകരവും വിഷരഹിതവുമായ പച്ചക്കറികൾക്കും ഭക്ഷണത്തിനും താത്പര്യം കൂടിയിട്ടുണ്ട്. അത്തരമൊരു ബോധവത്കരണത്തിന്റെ ഭാഗമായാണ് കേരളത്തിലെ വീടുകളിൽ ചെറിയതോതിലെങ്കിലും പച്ചക്കറി കൃഷി സജീവമായത്. അതിനു സർക്കാർ നൽകുന്ന പിന്തുണയും വലുതാണ്.

സംസ്ഥാനത്ത് 619 ജൈവക്ലസ്റ്ററുകൾ രൂപീകരിച്ചാണ് കൃഷി നടത്തുന്നത്. ഇത് ജൈവകൃഷി പ്രോത്സഹനത്തിൽ സർക്കാരിന്റെ ഇടപെടലാണ് കാണിക്കുന്നത്. ജൈവകൃഷിക്ക് ജീവാണു-ജൈവ വളങ്ങളുടെ ഗുണനിലവാരം പ്രധാനമാണ്. ജൈവ കമ്പോസ്റ്റും മണ്ണിരകമ്പോസ്റ്റും മറ്റു ജൈവവളങ്ങളും വിപണിയിൽ ലഭിക്കുമ്പോൾ അവയുടെ ഗുണനിലവാരം പരിശോധിക്കാൻ നമ്മുടെ നാട്ടിൽ സംവിധാനം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ജൈവവളം എന്നപേരിൽ വിപണിയിലെത്തുന്നവ ജൈവമാണ് എന്ന് ഉറപ്പാക്കാനാവാതെ കർഷകർ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു. മുമ്പ് ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്തിന് പുറത്ത് അയക്കുന്നതിനാൽ ചെലവും കാലതാമസവും പ്രായോഗിക ബുദ്ധിമുട്ടും ഒക്കെ കർഷകരെ വലച്ചിരുന്നു. അതുമനസിലാക്കിയാണ് സംസ്ഥാനത്ത് ഔദ്യോഗികമായി ഗുണനിലവാര പരിശോധനാ സംവിധാനം വരുന്നത്. ഒരു കോടി 44 ലക്ഷം രൂപ ചെലവിട്ടാണ് സംവിധാനം ഒരുക്കുന്നത്.

കർഷകർക്ക് നേരിട്ടും അതത് കൃഷിഭവനുകൾ മുഖേനയും ജൈവവള പരിശോധന നടത്താം. ജീവാണുവള സാമ്പിൾ എത്തിച്ച് പരിശോധിച്ചാൽ മൂന്നാഴ്ചക്കുള്ളിൽ ഫലം അറിയാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി ജൈവവളങ്ങളുടെയും ജീവാണുവളങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാനാണ് പട്ടാമ്പിയിൽ ലാബ് പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ ജൈവവളങ്ങളുടെ ഗുണനിലവാരം ബാംഗ്ലൂർ അല്ലെങ്കിൽ ഗാസിയാബാദ് അയച്ചാണ് പരിശോധിക്കുന്നത്.  അതുകൊണ്ടുതന്നെ വർഷം 60 സാമ്പിളുകളെ പരിശോധിക്കാൻ കഴിയുന്നുളളൂ. പാലക്കാട് പട്ടാമ്പിയിൽ ലാബ് വരുന്നതോടെ വർഷം 1000 സാമ്പിളെങ്കിലും പരിശോധിക്കാനും കർഷകർക്ക് ജൈവവളത്തിന്റെയും ജീവാണുവളത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്താനും സാധിക്കും.

ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ., വി. കെ. ശ്രീകണ്ഠൻ എം.പി., പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡറ് കെ. ശാന്തകുമാരി, കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയി, ഡയറക്ടർ ഡോ. കെ. വാസുകി തുടങ്ങിയവർ സംബന്ധിച്ചു.