കെട്ടിടനിർമ്മാണ ചട്ടങ്ങൾ: സുപ്രധാന ഭേദഗതികളും, ഇളവുകളും നിലവിൽ വരുന്നു

post

നിർമ്മാണ രംഗത്തെ വിവിധ തുറകളിലുള്ള വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ് കെട്ടിടനിർമ്മാണ ചട്ട ഭേദഗതികൾ നിലവിൽ വരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ സുപ്രധാന ഭേദഗതികളും, ഇളവുകളും വിശദീകരിക്കാൻ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറും വിവിധ മേഖലകളിലെ പ്രതിനിധികൾ അംഗങ്ങളുമായുള്ള ഒരു 14-അംഗ കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റി വിശദമായ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും തുടർന്ന് കരട് ചട്ട ഭേദഗതി തയ്യാറാക്കുകയും ചെയ്യുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുമ്പ് ചട്ടങ്ങൾ പല രീതിയിൽ വ്യാഖ്യാനിക്കാമായിരുന്ന സാഹചര്യം നിലനിന്നിരുന്നത് പൊതു ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയും അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനെ സാരമായി ബാധിക്കുകയും ചെയ്തിരുന്ന സാഹചര്യങ്ങൾക്ക് അറുതിയാവുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ പ്രധാന ഭേദഗതികൾ വിശദീകരിച്ചു.

അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന രീതിയിലുള്ള തരം കെട്ടിടങ്ങളുടെ ഗണത്തിൽ (ലോ റിസ്‌ക് കെട്ടിടങ്ങൾ) കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തിയും മറ്റു ഇളവുകൾ വരുത്തിയും ഭേദതികൾ വരുത്തി. ഇത് വഴി ഇനി ഭൂരിഭാഗം വരുന്ന നിർമ്മാണ അനുമതി അപേക്ഷകളും അപേക്ഷിച്ചാൽ നിമിഷങ്ങൾക്കകം അനുമതി ലഭ്യമാവുന്നതിനുള്ള വിപ്ലവകരമായ സാഹചര്യം നിലവിൽ വരുന്നു.

നിലവിൽ 300 ചതു. മീറ്റർ (3229.17 ചതു. അടി) വരെ വിസ്തീർണ്ണമുള്ളതും, 2 നില വരെയുള്ളതും, 7 മീറ്റർ ഉയരമുള്ള വീടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ആയതിൽ ഉയരത്തിന്റെ പരിധി പൂർണ്ണമായും ഒഴിവാക്കി. ഇത് വഴി ഏകദേശം എൺപത് ശതമാനത്തോളം വരുന്ന വീടുകൾക്കും ഇനി അപേക്ഷ സമർപ്പിച്ചാൽ നിമിഷങ്ങൾക്കകം കെട്ടിട നിർമ്മാണ അനുമതി ലഭ്യമാവുന്ന രീതിയിൽ ഇളവു വരുത്തി.

വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമ്മിറ്റ് ലഭ്യമാക്കുന്നതിനുള്ള വിസ്തീണ്ണത്തിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിച്ചു. നിലവിൽ 100 ച.മീ വിസ്തീർണ്ണം വരെ എന്നായിരുന്നത് 250 ച.മീ ആയി ഉയർത്തി. ഇത് വഴി ഒട്ടനേകം ചെറുകിട/ ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ നിർമ്മാണ അനുമതി ലഭ്യമാവാൻ സാഹചര്യം ഒരുങ്ങി.

അപേക്ഷിച്ചാൽ ഉടൻ നിർമ്മാണ അനുമതി ലഭ്യമാവുന്ന ഇളവുകൾ കൂടുതൽ തരം വ്യവസായ കെട്ടിടങ്ങൾക്ക് കൂടി ബാധകമാക്കി. ജി-1 ഗണത്തിൽ, 200 ചതു. മീറ്റർ (2152.78 ചതു. അടി) വരെ വിസ്തൃതിയുള്ളതും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ് കാറ്റഗറിയിലും, ഗ്രീൻ കാറ്റഗറിയിലും ഉൾപെട്ടിട്ടിട്ടുള്ളതുമായ മുഴുവൻ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭിക്കുന്ന രീതിയിൽ ചട്ടങ്ങൾ ഉദാരമാക്കി. ലൈസൻസ് ചട്ടങ്ങളിലെ ഇളവുകൾക്ക് പുറമേയുള്ള ഈ ഇളവും ചെറുകിട വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവേകും.

ലോ റിസ്‌ക് അല്ലാത്ത കെട്ടിടങ്ങളുടെ പെർമ്മിറ്റ് അനുവദിക്കുന്നതിലുള്ള കാലതാമസത്തിന്റെ ഒരു പ്രധാന കാരണം നിർമ്മാണാനുമതി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സ്ഥലപരിശോധനയായിരുന്നു. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് വിശദാംശങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തുന്ന അപേക്ഷകളിൽ, സ്ഥലപരിശോധന നടത്താതെ തന്നെ അനുമതി ലഭ്യമാക്കാവുന്ന രീതിയിൽ ഇളവുകൾ വരുത്തിയിരിക്കുന്നു.

2 സെന്ററിൽ അധികരിക്കാത്ത സ്ഥലത്ത് വിഭാവനം ചെയ്യുന്ന, പരമാവധി 100 ച.മീ യിൽ അധികരിക്കാത്ത വീടുകൾക്ക്, 3 മീറ്ററിൽ അധികരിക്കാത്ത വീതിയുള്ള അൺ-നോട്ടിഫൈഡ് ആയിട്ടുള്ള റോഡിൽ നിന്നുമുള്ള ചുരുങ്ങിയ ദൂര പരിധി 1 മീറ്റർ ആയി നിജപ്പെടുത്തി. വളരെ ചെറിയ പ്ലോട്ടുകളിൽ വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഒരുപാട് പേർക്ക് പ്രയോജനം ചെയ്യുന്ന കാര്യമാണ് ഇത്. നിലവിൽ ഇത് 2 മീറ്റർ ആയിരുന്നു. 

സർക്കാർ കെട്ടിടങ്ങൾക്കും നിർമ്മാണത്തിനു മുന്നോടിയായി പെർമിറ്റ് നിർബന്ധമാക്കി.

ജില്ലാ ടൗൺ പ്ലാനറുടെ ലേഔട്ട് അനുമതിയില്ലാതെ സെക്രട്ടറിക്ക് തന്നെ നിർമ്മാണ അനുമതി നൽകാവുന്ന കെട്ടിടങ്ങളുടെ വ്യാപ്തി ഗണ്യമായി വർധിപ്പിച്ചു. ഇതോടു കൂടി കെട്ടിട നിർമ്മാണ അനുമതിക്കായി ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ നിന്നും ലേഔട്ട് അപ്രൂവൽ ആവശ്യമായി വരുന്ന കെട്ടിടങ്ങളുടെ എണ്ണം വൻ തോതിൽ കുറയും. ഇതോടെ ഇടത്തരം/വൻകിട കെട്ടിടങ്ങൾക്ക് അനുമതി ലഭ്യമാവുന്നതിലെ കാലതാമസം ഏറെ കുറയ്ക്കാനാവും.

പെർമിറ്റ് കൈമാറ്റ വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി. സ്ഥലത്ത് കെട്ടിട നിർമ്മാണത്തിന് പെർമ്മിറ്റ് എടുത്തിട്ടുണ്ടെങ്കിൽ, ആ സ്ഥലത്തിന്റെ ഒരു ഭാഗം മറ്റൊരാൾക്ക് കൈമാറിയാൽ അനുവദിച്ച പെർമിറ്റ് റദ്ദാകുമായിരുന്നു. പുതിയ ചട്ടപ്രകാരം, ഭൂമിയുടെ ഒരു ഭാഗം മറ്റൊരാൾക്ക് കൈമാറിയാലും, ബാക്കി വരുന്ന സ്ഥലത്ത്, അനുവദിച്ച പെർമിറ്റ് പ്രകാരം കെട്ടിടം നിർമ്മിക്കുമ്പോൾ ചട്ടലംഘനം ഇല്ലായെങ്കിൽ പെർമ്മിറ്റ് സാധുവായി നിലനിൽക്കുന്നതാണ്. പ്ലോട്ട് അതിരുകളിൽ നിന്നും, റോഡുകളിൽ നിന്നും വിഭാവിത നിർമ്മാണത്തിലേക്ക് പാലിച്ചിരിക്കേണ്ട ദൂരപരിധി സംബന്ധിച്ച് കൂടുതൽ വ്യക്തത കൊണ്ട് വന്നു.

കായികമേഖലയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ടർഫുകൾക്കും ഗെയിം കോർട്ടുകൾക്കും കൂടുതൽ ഇളവുകളോടെ 'ഗ്രൂപ്പ് D1- റിക്രിയേഷണൽ കൺസ്ട്രക്ഷൻസ്' എന്ന പേരിൽ പുതിയ ഒക്യുപൻസി ഗ്രൂപ്പ് നിലവിൽ വരും.

ചെറുകിട വ്യവസായങ്ങളുടെ പരിപോഷണത്തിനായുള്ള അനവധി ഇളവുകളും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി -1 കാറ്റഗറിയിലുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ് കാറ്റഗറിയിൽ ഉൾപ്പെടുന്നതുമായ വ്യവസായ സ്ഥാപനങ്ങൾക്ക് 200 ചതു. മീറ്റർ (2152.78 ചതു. അടി) വരെയുള്ള കെട്ടിട നിർമ്മാണത്തിന് നിലവിലുണ്ടായിരുന്ന 3 മീറ്റർ ഫ്രണ്ട് സെറ്റ്ബാക്ക് 1.8 മീറ്ററായി കുറച്ചു. വശങ്ങളിലും പിന്നിലുമുള്ള സെറ്റ്ബാക്കുകൾ 2 മീറ്ററിൽ നിന്ന് 1 മീറ്ററാക്കി കുറച്ചു.

കേരളത്തിലെ ഭൂമിയുടെ ലഭ്യതക്കുറവ്, ഭൗമശാസ്ത്രപരമായ പ്രത്യേകത എന്നിവ പരിഗണിച്ച് കെട്ടിടനിർമ്മാണം കൂടുതൽ ഏരിയയിൽ സാധ്യമാകുന്ന നിലയിൽ കവറേജ്, എഫ് എസ് ഐ നിരക്കുകൾ പരമാവധി വർധിപ്പിക്കാൻ തീരുമാനിച്ചു.

പെർമിറ്റ് കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള ഫീസ് പകുതിയായി കുറച്ചു. 10 വർഷത്തിനു ശേഷം പെർമിറ്റ് ദീർഘിപ്പിക്കൽ ആവശ്യമായി വരുന്ന പക്ഷം നിലവിൽ പെർമിറ്റ് ഫീസിന്റെ ഇരട്ടി അടക്കേണ്ടി വന്നിരുന്നതാണ് പകുതിയായി കുറയുന്നത്.

കെട്ടിടങ്ങളുടെ പാർക്കിംഗ് കാലോചിതമായി പരിഷ്‌കരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾക്ക്, നിലവിൽ താമസാവശ്യ കെട്ടിടങ്ങൾക്ക് വേണ്ടി വരുന്ന പാർക്കിംഗ് ആവശ്യത്തിന്റെ 50 ശതമാനം പാർക്കിംഗ് സ്ഥലം മതി എന്ന രീതിയിൽ ഇളവ് വരുത്തി. ഹോസ്റ്റൽ വിദ്യാഭ്യാസ സ്ഥാപനത്തോട് ചേർന്നതും അതേ കോമ്പൌണ്ടിലുമാണെങ്കിൽ 25 ശതമാനം പാർക്കിംഗ് സ്ഥലം നൽകിയാൽ മതിയാവും.

ഓൾഡ് ഏജ് ഹോം, കമ്യൂണിറ്റി ലിവിംഗ് ഫോർ ഓൾഡ് ഏജ്, സെമിനാരി, കോൺവെന്റ്, ഓർഫനേജ് തുടങ്ങിയവയ്ക്കും നിലവിലുള്ള പാർക്കിംഗ് ആവശ്യത്തിന്റെ 25 ശതമാനം മതി എന്ന് നിജപ്പെടുത്തി.

കെട്ടിട നിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന നിലവിലുള്ള വ്യവസ്ഥയിൽ ഇളവ് വരുത്തും. ഈ വ്യവസ്ഥ കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി വർഷങ്ങളായുണ്ട്. അതേ ഉടമസ്ഥന്റെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് അനുമതി.

വ്യാവസായിക ആവശ്യത്തിന് ഭൂമി സബ്ഡിവിഷൻ നടത്തുമ്പോൾ ആവശ്യമായ ആക്സസ് റോഡിന്റെ വീതി നിലവിലെ 10 മീറ്ററിൽ നിന്ന് 8 മീറ്ററാക്കി കുറച്ചു. ഓരോ പ്ലോട്ടിന്റെയും ചുരുങ്ങിയ വലുപ്പം 400 ച. മീറ്ററിൽ നിന്ന് 320 ആക്കി കുറച്ചു. വ്യവസായ മേഖലയ്ക്ക് ഏറെ സഹായകരമായ തീരുമാനമാണ് ഇത്.

കെട്ടിടങ്ങളെ കൂടുതൽ ശിശുസൗഹൃദമാക്കാനും പുതിയ ചട്ടങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. കുട്ടികൾക്കായുള്ള കെട്ടിടങ്ങളിൽ ശിശു സൗഹൃത ശൗചാലയ സൗകര്യങ്ങൾ ഉണ്ടായിരിക്കണം എന്നത് പുതിയ ചട്ടങ്ങൾ നിർബന്ധിതമാക്കുന്നു.

വീടുകൾക്ക് മുകളിൽ മേൽക്കൂരയ്ക്ക് സംരക്ഷണം ഒരുക്കാനും തുണി ഉണക്കുക പോലെയുള്ള ആവശ്യങ്ങൾക്കുമായി സ്ഥാപിക്കുന്ന ഷീറ്റ്/ ഓട് മേൽക്കൂരകൾ പൂർണ്ണമായും അനുവദനീയമാക്കി. 3 നില വരെയുള്ള വീടുകൾക്കാണ് ഈ ഇളവ്.

ലഭ്യമാക്കിയ അനുമതികളിൽ വ്യതിയാനം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ അനുവർത്തിക്കേണ്ട റിവൈസ്ഡ് പെർമിറ്റിന്റെ നിബന്ധനകൾ ഏറെ ഉദാരമാക്കി. ഇനി മുതൽ ഒക്യുപ്സി/കംപ്ലീഷൻ അപേക്ഷ സമർപിക്കുന്നതിനു മുമ്പുള്ള ഏതു ഘട്ടങ്ങളിലും റിവൈസ്ഡ് പെർമിറ്റിനു അപേക്ഷ സമർപ്പിക്കാനാവും. കൂടാതെ അധിക നിർമ്മാണത്തിന് മാത്രം റെഗുറലൈസേഷൻ നടത്തിയാൽ മതി എന്ന രീതിയിലുള്ള ഇളവുകളും പ്രാബല്യത്തിൽ വരുന്നു.

നിലവിൽ ആകെയുള്ള 117 ചട്ടങ്ങളിൽ, 53 ചട്ടങ്ങളിൽ ഭേദഗതി വന്നു. 1 ചട്ടം ഒഴിവാക്കപ്പെടുകയും, 2 പുതിയ ചട്ടങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യപ്പെട്ടു. ആകെയുള്ള 40 അനുബന്ധങ്ങളിൽ 16 എണ്ണത്തിൽ ഭേദഗതി വന്നു. 3 പുതിയ അനുബന്ധങ്ങൾ കൂട്ടിചേർക്കപ്പെടുകയും 5 എണ്ണം ഒഴിവാക്കപ്പെടുകയും ചെയ്തു.