എസ്.എസ്.എൽ.സി. പരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും
എസ്.എസ്.എൽ.സി. പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷകൾ രാവിലെ 9.30 ന് ആരംഭിക്കും. ഐ.ടി. മോഡൽ പരീക്ഷ ജനുവരി 12 മുതൽ 22 വരെ നടക്കും. എസ്.എസ്.എൽ.സി ഐ.ടി. പരീക്ഷ ഫെബ്രുവരി 2ന് ആരംഭിച്ചു 13ന് അവസാനിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും.
എസ്.എസ്.എൽ.സി. പരീക്ഷക്ക് അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ ഒടുക്കേണ്ട തീയതി 2025 നവംബർ 12 മുതൽ 19 വരെയാണ്. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബർ 21 മുതൽ 26 വരെ. മൂല്യനിർണയം 2026 ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി മെയ് 8 ആണ്.
ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ മൂവായിരത്തോളം കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി സജ്ജമാക്കുന്നത്. 4,25,000 കുട്ടികളാണ് മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.
ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പരീക്ഷകൾ: ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പൊതു പരീക്ഷകൾ 2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. രണ്ടാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ മാർച്ച് 28 വരെ നടക്കും. ഒന്നാം വർഷ പൊതുപരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30 നും രണ്ടാം വർഷ പൊതു പരീക്ഷകൾ രാവിലെ 9.30 നും ആരംഭിക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 9.15 ന് തുടങ്ങി ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും.
മാർച്ച് 27നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. സ്കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്ത 125 വിദ്യാർത്ഥികൾക്ക് മാത്രമേ അന്നേ ദിവസം രണ്ട് സെഷനിലും പരീക്ഷ വരുകയുള്ളൂ.
രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 26 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
ഫൈനില്ലാതെ ഫീസ് ഒടുക്കേണ്ട അവസാന തീയതി 2025 നവംബർ 7 ആണ്. ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബർ 13. സൂപ്പർ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബർ 25 ആണ്.
ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ എഴുതുമെന്ന് കരുതുന്നു. 2026ലെ ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും ചേർത്ത് രണ്ടായിരത്തോളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. മൂല്യനിർണ്ണയം 2026 ഏപ്രിൽ 6 ന് ആരംഭിച്ച് മെയ് 22 ഓടുകൂടി ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷം റെഗുലർ വിഭാഗത്തിൽ 26,822 വിദ്യാർത്ഥികളും രണ്ടാം വർഷം 26,826 വിദ്യാർത്ഥികളും പരീക്ഷ എഴുതും. രണ്ടാം വർഷ സ്കിൽ ഇവാലുവേഷൻ 2026 ജനുവരിയിൽ പൂർത്തിയാക്കും. ഒന്നാം വർഷ സ്കിൽ ഇവാലുവേഷൻ ജനുവരി അവസാനവാരം ആരംഭിക്കും.
പരീക്ഷ സംബന്ധിച്ച വിജ്ഞാപനം വരും ദിവസങ്ങളിൽ പുറത്തിറക്കും. വിശദമായ ടൈംടേബിൾ അതോടൊപ്പം ഉൾപ്പെടുത്തും. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പരീക്ഷകൾ, ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ എന്നിവയോടൊപ്പം ഒന്നു മുതൽ ഒമ്പത് വരെ ക്ലാസ്സുകളിലെ വാർഷിക പരീക്ഷയും നടത്തേണ്ടതുണ്ട്.
എച്ച്.എസ് അറ്റാച്ച്ഡ് എൽ.പി വിഭാഗം പരീക്ഷകൾ 2026 മാർച്ച് 12 മുതൽ 26 വരെയും എച്ച്.എസ് അറ്റാച്ച്ഡ് യു.പി/ ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ 2026 മാർച്ച് 6 മുതൽ 27 വരെയുമാണ്.
ഹൈസ്കൂളിന്റെ ഭാഗമല്ലാതെ ഒറ്റപ്പെട്ട് നിൽക്കുന്ന എൽ.പി., യു.പി ക്ലാസ്സുകളുടെ പരീക്ഷകൾ പ്രത്യേകം ചോദ്യപേപ്പർ തയ്യാറാക്കി മാർച്ച് 18 മുതൽ നടത്തും. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി കുട്ടികൾക്ക് സ്ക്രൈബായി പരീക്ഷകൾ എഴുതാൻ പോകാറുണ്ട്. ആയതിനാൽ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ നടക്കുന്ന ദിവസം പരമാവധി ഒഴിവാക്കിയാണ് 1 മുതൽ 9 വരെ ക്ലാസ്സുകളിലെ പരീക്ഷകൾ നടത്തുന്നത്.
എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ: ഈ വർഷം മുതൽ എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന ഡൗൺലോഡ് ചെയ്യത്തക്ക വിധം ക്രമീകരിക്കും. സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും.
കരിയർ പ്രയാണം പോർട്ടൽ: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേതൃത്വത്തിൽ തുടർപഠന തൊഴിൽ മേഖലകളെ കുറിച്ച് വ്യക്തമായ ധാരണ നൽകാൻ 'കരിയർ പ്രയാണം' എന്ന പേരിൽ കരിയർ ഗൈഡൻസ് പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.
യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തെ വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രവർത്തിക്കുന്ന, വകുപ്പ് തന്നെ വിദഗ്ധ പരിശീലനം നൽകിയിട്ടുള്ള, കരിയർ ഗൈഡുമാരാണ് ഇതിനാവശ്യമായ എല്ലാ വിവരങ്ങളും തയ്യാറാക്കി നൽകിയത്. കൈറ്റാണ് ഇതിന്റെ സോഫ്റ്റ്വെയർ തയ്യാറാക്കിയത്.
24 തൊഴിൽ മേഖലകളിലായി 407ഓളം തൊഴിലുകളാണ് ഒന്നാംഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 877 പ്രീമിയർ സ്ഥാപനങ്ങൾ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 969 തൊഴിലുടമകൾ എന്നീ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. ഓരോ തൊഴിലിന്റെയും യോഗ്യത, കോഴ്സുകൾ, സ്ഥാപനങ്ങൾ, വേണ്ട നിപുണികൾ, ഉത്തരവാദിത്തങ്ങൾ, ഉന്നതപഠന സാധ്യതകൾ, മേഖലയിലെ പ്രഗൽഭരായ വ്യക്തിത്വങ്ങൾ തുടങ്ങിയവയും പോർട്ടലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അഡ്മിഷനുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. കുട്ടികളെ ഓർമ്മപ്പെടുത്താനായി അഡ്മിഷൻ, എൻട്രൻസ് പരീക്ഷകൾ, സ്കോളർഷിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരികരിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും പരിശീലനം ലഭിച്ച 6,687 കരിയർ ഗൈഡുമാർ സംസ്ഥാനത്ത് ലഭ്യമാണ്. ഈ അധ്യാപകരാണ് സ്കൂളുകളിലെ കരിയർ ഗൈഡൻസ് യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്നത്.
സബ്ജക്റ്റ് മിനിമം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി 1 മുതൽ 10 വരെ ക്ലാസുകളിലായി ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കുന്നതിന് 2024-25 അധ്യയന വർഷം എട്ടാം ക്ലാസിലും 2025-26 അധ്യയന വർഷം എട്ട്, ഒമ്പത് ക്ലാസ്സുകളിലും എഴുത്തു പരീക്ഷയിൽ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഒരു അധ്യയന വർഷത്തിൽ അതത് വിഷയങ്ങളിൽ നേടേണ്ട പഠനലക്ഷ്യങ്ങൾ ആർജ്ജിക്കാതെ തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകുന്നത് കുട്ടികളുടെ അക്കാദമിക് മുന്നേറ്റത്തിന് സഹായകരമല്ല.
ഈ സാഹചര്യത്തിൽ അതത് ക്ലാസിലെ പഠനലക്ഷ്യം നേടിയെന്ന് ഉറപ്പാക്കുന്നതിനും തുടർപഠനം സാധ്യമാക്കുന്നതിനുമാണ് 2024-25 അധ്യയന വർഷം എട്ടാം ക്ലാസ്സിൽ എഴുത്തു പരീക്ഷയിൽ സബ്ജക്റ്റ് മിനിമം ഏർപ്പെടുത്തിയിരുന്നത്. എഴുത്ത് പരീക്ഷയിൽ സബ്ജക്റ്റ് മിനിമം ആർജ്ജിക്കാത്ത കുട്ടികൾക്ക് സ്കൂൾ അധ്യയന വർഷം ആരംഭത്തിൽ ബ്രിഡ്ജ് കോഴ്സ് നൽകി പഠന പിന്തുണ നൽകിയിരുന്നു. കുട്ടികളുടെ ശക്തിയും പരിമിതിയും കണ്ടെത്തി പരിമിതികൾ മറിക്കടക്കാൻ ആവശ്യമായ പിന്തുണ നൽകുന്ന പ്രവർത്തനമാണ് നടത്തുന്നത്.
ഈ അധ്യയന വർഷം സ്കൂൾ അധ്യയന ആരംഭത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുന്നതിന് 2025 മെയ് 23 ന് സർക്കുലർ പുറപ്പെടുവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ലഹരിക്കെതിരെയുള്ള പ്രതിരോധം, ട്രാഫിക് നിയമങ്ങൾ, ശുചിത്വം, മാലിന്യ സംസ്കരണം, ആരോഗ്യശീലങ്ങൾ, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഒരു അധ്യയന വർഷത്തിൽ വിവിധ വിഷയങ്ങളിൽ നേടേണ്ട പഠനലക്ഷ്യങ്ങൾ ആർജ്ജിക്കാതെ ഇരിക്കുന്നത് തൊട്ടടുത്ത ക്ലാസുകളിലെ പഠനത്തിന് വിലങ്ങ് തടിയാകും. ഈ സാഹചര്യത്തിൽ ഈ അധ്യയനവർഷം 1 മുതൽ 9 വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ
പഠനപിന്തുണ ക്ലാസ്സുകൾ സെപ്റ്റംബർ 15 മുതൽ 29 വരെ നടത്തിക്കൊണ്ട് സബ്ജക്റ്റ് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. പല സ്കൂളുകളും ഇതിൽ തുടർ പ്രവർത്തനങ്ങൾ നടത്തിവരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.










