കടലിന്റെ മക്കൾ ഇനി ആഴക്കടൽ വിസ്മയങ്ങളിലേക്ക്; പ്രോജക്ട് തിരയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

post

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ PADI (Professional Association of Diving Instructors) ഡൈവ് മാസ്റ്റർ സർട്ടിഫിക്കേഷൻ നൈപുണ്യ വികസന പദ്ധതിയായ പ്രോജക്ട് 'തിര' യുടെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.


ഈ പദ്ധതി മുഖേന തിരുവനന്തപുരം ജില്ലയിലെ 20 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതി യുവാക്കൾക്കാണ് പരിശീലനം ലഭിച്ചത്. മറൈൻ ടൂറിസം മേഖലയിലും സ്‌കൂബാ ഡൈവിങ് മേഖലയിലും നിരവധി ജോലി സാധ്യതകളുള്ള അന്തരാഷ്ട്ര അംഗീകാരമുള്ള കോഴ്സാണ് അസാപിന്റെ വിഴിഞ്ഞം സ്‌കിൽ പാർക്കിൽ സംഘടിപ്പിച്ചത്. ഒരു യുവതിയുൾപ്പെടെ 7 പേർക്ക് ഇതിനോടകം തന്നെ ജോലി ലഭിച്ചു കഴിഞ്ഞു.

ഓപ്പൺ വാട്ടർ ഡൈവർ, അഡ്വാൻസ്ഡ് ഓപ്പൺ വാട്ടർ ഡൈവർ, എമർജൻസി ഫസ്റ്റ് റെസ്‌പോൺസ്, റെസ്‌ക്യൂ ഡൈവർ, ഡൈവ് മാസ്റ്റർ എന്നിങ്ങനെ അഞ്ച് ലെവലുകൾ പൂർത്തിയാക്കിയാൽ ലഭിക്കുന്ന PADI ഡൈവ് മാസ്റ്റർ സർട്ടിഫിക്കറ്റിന് 120 ൽ അധികം രാജ്യങ്ങളിൽ സാധുതയുണ്ട്. മികച്ച ജോലി സാധ്യതയുമുണ്ട്.


പരിശീലനം പൂർത്തിയാക്കിയ ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപാ വീതം ആകെ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് പവർഗ്രിഡ് കോർപറേഷൻ മുഖേന വിദ്യാർത്ഥികൾക്ക് ലഭിച്ചത്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഗ്രീൻ ഓർഗനൈസേഷന്റെ 'സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണ പദ്ധതി' എന്ന ഗ്രീൻ വേൾഡ് അന്താരാഷ്ട്ര ബഹുമതിയും 'തിര' പദ്ധതിയ്ക്ക് ലഭിച്ചിരുന്നു.

എം.എൽ.എ അഡ്വ. ആന്റണി രാജു അധ്യക്ഷനായ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി. പവർ ഗ്രിഡ് സീനിയർ ജനറൽ മാനേജർ സി എസ് ജയചന്ദ്രൻ, എച്. ആർ ജനറൽ മാനേജർ തൻവീർ എം, അസാപ് കേരള ഫണ്ടിങ് വിഭാഗം മേധാവി വിനോദ് ശങ്കർ, അസ്സോസിയേറ്റ് ഡയറക്ടർ ഇസ്മായിൽ കെ ബഷീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.