കേരളഗ്രോ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ പ്രിയമേറുന്നു: വിറ്റു വരവ് 70 ലക്ഷം പിന്നിട്ടു
മൂല്യവർദ്ധനവിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആരംഭിച്ച 'കേരളഗ്രോ' (Keralagro) ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ വൻ വിജയത്തിലേക്ക്. 2024-25 സാമ്പത്തിക വർഷത്തിൽ വിവിധ ജില്ലകളിലായി ആരംഭിച്ച കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകളിലെ വിറ്റുവരവ് 73.06 ലക്ഷം കവിഞ്ഞു.
ഏകീകൃത ബ്രാൻഡിംഗിലൂടെ വിപണനം
2022-23 സാമ്പത്തിക വർഷത്തിലാണ് കൃഷി വകുപ്പിന്റെ ഔട്ട്ലെറ്റുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ വിപണനം ചെയ്യാൻ നയപരമായ തീരുമാനം ഉണ്ടായത്. കേരളഗ്രോ എന്ന ഉൽപ്പന്നമുദ്ര രജിസ്റ്റർ ചെയ്ത് ആദ്യഘട്ടത്തിൽ 22 കൃഷിവകുപ്പ് ഫാമുകളിൽ നിന്നും 183 ഉൽപ്പന്നങ്ങളും സ്റ്റേറ്റ് ബയോ കൺട്രോൾ ലാബിൽ നിന്ന് 10 ഉൽപ്പന്നങ്ങളും വിൽപന തുടങ്ങി. 2023-24 സാമ്പത്തിക വർഷം ബ്രാൻഡിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിനും, ശക്തമായ ബ്രാൻഡ് ഇമേജ് സൃഷ്ടിക്കുന്നതിനും, ബ്രാൻഡിംഗിന്റെ ഗുണഫലങ്ങൾ കർഷകർക്ക് കൂടി ലഭ്യമാക്കുന്നതിനുമായി പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി. തുടർന്ന്, കർഷകോത്പാദക സംഘങ്ങൾ (FPO), കൃഷിക്കൂട്ടങ്ങൾ, സംരംഭകർ തുടങ്ങിയവയിലൂടെ ഉൽപ്പന്നങ്ങൾക്ക് കേരളഗ്രോ ബ്രാൻഡ് നൽകുകയും, ഇവ വിൽക്കുന്നതിനായി 2024-25 സാമ്പത്തിക വർഷം 14 ജില്ലകളിലും കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്ന് വീതവുമാണ് ഷോപ്പുകൾ പ്രവർത്തിക്കുന്നത്.
വിപണന രീതിയും ഉൽപ്പന്ന സ്രോതസ്സുകളും
സംസ്ഥാനത്തുടനീളമുള്ള കർഷക ഉത്പാദകരുടെയും (FPOകൾ, കൃഷിക്കൂട്ടങ്ങൾ) കൃഷി വകുപ്പിന്റെ ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങളാണ് കേരളഗ്രോ ഷോപ്പുകളിലൂടെ വിറ്റഴിക്കപ്പെടുന്നത്.
തിരുവനന്തപുരം ഉള്ളൂർ ഷോപ്പിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള കേരളഗ്രോ ബ്രാൻഡ് നേടിയ ഉത്പാദകരുടെ സവിശേഷമായ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
കൊല്ലം ഷോപ്പിൽ നെല്ലിയാമ്പതി ഫാമിലെ ഉൽപ്പന്നങ്ങൾ, സിറപ്പ്, ജാം, അച്ചാർ തുടങ്ങിയവയും ഓയിൽ ഇന്ത്യ, ഓണാട്ടുകര വികസന ഏജൻസി തുടങ്ങിയവയുടെ ഉൽപ്പന്നങ്ങളും വിറ്റുവരുന്നു.
ആലപ്പുഴ ഷോപ്പിൽ കൊല്ലം, പാലക്കാട്, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 41 ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തുന്നുണ്ട്.
കോഴിക്കോട് ഷോപ്പിൽ പ്രാദേശിക ഉത്പാദകരുടെ ഉൽപ്പന്നങ്ങളാണ് കൂടുതലായി വിറ്റുപോകുന്നത്. കൂടാതെ പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ലഭ്യമാണ്.
തിരുവനന്തപുരം തിരുമല ഷോപ്പ് ഓൺലൈൻ മുഖേനയും വിൽപന നടത്തുന്നുണ്ട്. ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരത്ത് കൊറിയർ കമ്പനിയുമായും തിരുമലയിൽ പോസ്റ്റുമായും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കുകൾ
ജില്ല- ഷോപ്പ് - വിറ്റുവരവ് (രൂപ)
തിരുവനന്തപുരം ഉള്ളൂർ (ഗാർഡൻ റോസ്, കൃഷിക്കൂട്ടം) 13,48,330
തിരുവനന്തപുരം തിരുമല (നേമം ജീവനി FPO) 9,19,236
എറണാകുളം വൈറ്റില (സഹൃദയ കേരളഗ്രോ മാർട്ട്) 16,01,637
കോട്ടയം പാലാ (സാന്തോം FPC) 5,50,664
കണ്ണൂർ ചക്കരക്കൽ 5,86,000
കോഴിക്കോട് കാക്കൂർ (ഇൻസെൽ അഗ്രോടെക് കൃഷിക്കൂട്ടം) 4,63,853
പാലക്കാട് കല്ലടിക്കുന്ന് (കന്നിനിറവു FPC) 2,90,000
വയനാട് വൈത്തിരി (വയനാട് സ്പൈസസ് ആൻഡ് അഗ്രോ FPC) 2,86,155
കാസർഗോഡ് നീലേശ്വരം 1,93,086
ആലപ്പുഴ പത്തിയൂർ 1,91,300
തൃശ്ശൂർ (അതിരപ്പള്ളി ട്രൈബൽ വാലി FPC) 1,44,973
ഇടുക്കി അടിമാലി (FPO സ്പേസിയ - SPEZIA) 1,06,864
പത്തനംതിട്ട അടൂർ (കേരസമിതി കൃഷികൂട്ടം) 1,08,000
കൊല്ലം കൊല്ലം ടൗൺ ഹൈസ്കൂൾ ജംഗ്ഷൻ 3,77,683
മലപ്പുറം പെരിന്തൽമണ്ണ (പെരിന്തൽമണ്ണ FPC) 58,314










