പരാതികള്‍ക്ക് അടിയന്തര നടപടികളുമായി ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത്

post

അടൂര്‍ താലൂക്ക്തല അദാലത്ത് നടത്തി

പത്തനംതിട്ട : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നിന്നും അക്ഷയകേന്ദ്രങ്ങള്‍ മുഖേന നടത്തിവരുന്ന ഓണ്‍ലൈന്‍ താലൂക്ക്തല അദാലത്തുകള്‍ക്ക് അടിയന്തര നടപടികളിലൂടെ പരിഹാരം. അടൂര്‍ താലൂക്കിലെ ഓണ്‍ലൈന്‍ അദാലത്തില്‍ ലഭ്യമായ 38 പരാതികളില്‍ 19 എണ്ണം തീര്‍പ്പായി.  

  തൊടുവക്കാട് തേപ്പുപാറ 11 കെ.വി ട്രാന്‍സ്‌ഫോര്‍മര്‍ സ്വന്തം പുരയിടത്തില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ വീട് പണിയുവാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വസ്തുവിന്റെ ഉടമ അദാലത്തിനെ സമീപിച്ചു. ഈ പരാതിയിന്മേല്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദ്ദേം നല്‍കി. പളളിക്കല്‍ പഞ്ചായത്ത് പരിധിയില്‍ അനധികൃത മാംസവ്യാപാരം നടത്തുന്നുവെന്ന മുന്‍പരാതിയുടെ ഭാഗമായി കട അടപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും മാംസവ്യാപാരം തുടങ്ങിയെന്ന പരാതിയുടെ തല്‍സ്ഥിതി സംബന്ധമായ അന്വേഷണ ചുമതലയും നടപടികള്‍ക്കുമായി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. 

അടൂര്‍ താലൂക്കിലെ പാറമടയില്‍ നിന്നും പാറ നല്‍കുന്നതിന് വിസമ്മതം കാട്ടുന്നതായി ലോറി ഉടമ അദാലത്തില്‍  പരാതി നല്‍കി. ഇത് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് അടൂര്‍ ആര്‍.ഡി.ഒ യെ ചുമതലപ്പെടുത്തി. വീടിനോട് ചേര്‍ന്നുളള ആറ്റുതീരം ഇടിഞ്ഞുതാണ് വീടിന് അപകടഭീഷണിയാകുന്നുവെന്ന കുരമ്പാല വില്ലേജിലെ വീട്ടമ്മയുടെ പരാതി പരിഹരിക്കുന്നതിന് മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മസ്റ്ററിംഗ് നടത്താത്തിന്റെ പേരില്‍ വിധവാ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ഏറത്ത് വില്ലേജില്‍ നിന്നെത്തിയ വീട്ടമ്മയുടെ പരാതിയിന്മേല്‍ പരാതിക്കാരിക്ക് ഉടന്‍ തന്നെ മസ്റ്ററിംഗ് നടത്തി നല്‍കുന്നതിന് അക്ഷയ പ്രതിനിധികള്‍ക്കും അടിയന്തര തുടര്‍ നടപടികള്‍ക്കായി ഏറത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.  

കോളജ് അധികൃതര്‍ അതിര്‍ത്തി പ്രശ്‌നം ഉന്നയിക്കുന്നതിനാല്‍  പുരയിടത്തിലെ ആല്‍മരം മുറിക്കുന്നതിന് സാധിക്കുന്നില്ലെന്ന സമീപവാസിയുടെ പരാതി  വസ്തുത ഉറപ്പു വരുത്തി പരിഹരിക്കുന്നതിന് അടൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

അദാലത്തില്‍ ലഭിച്ച റേഷന്‍ കാര്‍ഡ് സംബന്ധമായ പരാതികളിലെ നിയമസാധുത പരിശോധിച്ച് നടപടി സ്വീകരിക്കും. കോടതിയുടെ പരിഗണനയിലുളള കേസുകള്‍  സംബന്ധിച്ച പരാതികളും അദാലത്തില്‍ ലഭിച്ചു. ഇവ കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. വസ്തു, വഴി തര്‍ക്കങ്ങള്‍, വീട് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും  അദാലത്തില്‍ ലഭിച്ചു. 

അദാലത്തില്‍ എ.ഡി.എം അലക്‌സ് പി.തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, അടൂര്‍ ആര്‍.ഡി.ഒ എസ്.ഹരികുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ഡി.സന്തോഷ് കുമാര്‍, ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ഉദ്യോഗസ്ഥര്‍, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.