തൊടുപുഴയിലെ മെഗാശുചീകരണ യജ്ഞം വന്‍ വിജയം; സംസ്ഥാന പാതയിലെ സുരക്ഷിത യാത്രക്കായി വിവിധ വകുപ്പുകള്‍ കൈകോര്‍ത്തു

post

ഇടുക്കി : ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സംഘടനകളുടേയും സഹായത്തോടെ തൊടുപുഴ - മുട്ടം സംസ്ഥാന പാതയില്‍മെഗാശുചീകരണം നടത്തി. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന സ്റ്റേറ്റ് ഹൈവേയില്‍ അപകട രഹിത - മാലിന്യ രഹിത - സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുശുചീകരണ ജോലികള്‍ സംഘടിപ്പിച്ചത്. രാവിലെ എട്ടുമണിക്ക് കോവിഡ് മാനദണ്ഡ പ്രകാരം സംസ്ഥാന പാതയിലെ മ്രാല ഗാന്ധി പ്രതിമയുടെ മുമ്പില്‍ ഒത്തുചേര്‍ന്ന് പുഷ്പാര്‍ച്ചനയ്ക്കും ഭരണഘടനാ പ്രതിജ്ഞക്കും ശേഷം റോഡില്‍ നാലു ഭാഗങ്ങളായി തിരിഞ്ഞാണ് സേവന പ്രവര്‍ത്തനം നടത്തിയത്. ഓരോ ഭാഗത്തിനും അഹിംസ, നയി താലിം, സത്യാഗ്രഹ, സ്വരാജ് എന്നിങ്ങനെ പേരുകള്‍ നല്‍കി ലീഡര്‍മാരെയും നിശ്ചയിച്ചു. 

തുടര്‍ന്ന് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം. പിള്ള ഉദ്ഘാടനം ചെയ്തു. തൊടുപുഴ ജോ. ആര്‍.ടി.ഓ. പി.എ.നസീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സിസിലി ജോസ്, മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു,

തൊടുപുഴ ഡിവൈ.എസ്.പി. സദനന്‍,ഐ.എം.എ. പ്രതിനിധി ഡോ. കെ.സി. ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.തൊടുപുഴ നമ്പര്‍ ഒന്ന് സെക്ഷന് കീഴില്‍ നിന്നുള്ള 20 ജീവനക്കാര്‍ സേവനത്തില്‍ പങ്കാളികളായി. ഇവരുടെ നേതൃത്വത്തില്‍ അപകടകരമായതും കാലപ്പഴക്കം ചെന്നതുമായ 23 വാര്‍ക്ക പോസ്റ്റുകളും മൂന്ന്  വലിയ പോസ്റ്റുകളുമടക്കം 35 വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ചു. 

എ.എക്സ്.ഇ. ജോഷി .എന്‍. ഐസക്ക്, എ.ഇ. ശ്രീനിവാസന്‍ പി.കെ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജീവനക്കാരെത്തിയത്. തൊടുപുഴ മുതല്‍ മുട്ടം വരെയുള്ള റോഡിലെ ഇരു വശത്തെയും ഓടകള്‍ വൃത്തിയാക്കുകയും വശങ്ങളിലെ മണ്‍കൂനകളും മാലിന്യങ്ങളും നീക്കം ചെയ്തു. ഇതിനായി സി.ഇ.ഒ.എ. 

തൊടുപുഴ മേഖലാ കമ്മിറ്റിയുടെ കീഴില്‍ ടിപ്പര്‍, ജെ.സി.ബി., ഹിറ്റാച്ചി എന്നിവയുള്‍പ്പെടെ 30 ഓളം വാഹനങ്ങളും അതിലെ തൊഴിലാളികളും മലങ്കര റബര്‍ എസ്റ്റേറ്റ് വക ലോറിയും ജീവനക്കാരും സജീവമായി രംഗത്തിറങ്ങി.

റോഡരികിലെ അപകടകരവും കാഴ്ച്ച മറയുന്ന നിലയിലുള്ളതുമായ 80 കലുങ്കുകള്‍ റോട്ടറി ക്ലബ്ബിന്റെ ഉത്തരവാദിത്വത്തില്‍ കഴുകി വൃത്തിയാക്കി പെയിന്റിങ് നടത്തി.സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി റോഡിന്റെ വശങ്ങളില്‍ 85 സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഈ ജോലികള്‍ പൂര്‍ത്തീകരിച്ചത്.

റോഡിനിരുവശവും വര്‍ഷങ്ങളായി ഒടിഞ്ഞ് കിടന്ന തടിയുടെയും കോണ്‍ക്രീറ്റിന്റെതുമായ 150 ഓളം വൈദ്യുതി തൂണുകളും ഇരുവശങ്ങളിലും റോഡിലേക്ക് ചാഞ്ഞ് കിടന്ന മര ശിഖരങ്ങളും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. 

ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സജീവിന്റെ നേതൃത്വത്തിലാണ്  ജീവനക്കാരെത്തിയത്. രണ്ട് മരണം ഉണ്ടായ മ്രാലയിലെ സ്ഥിരം അപകട വളവില്‍ ഇരുഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങളുടെ കാഴ്ച്ച ലഭ്യമാക്കുന്നതിന് കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു.റോഡിലെ എല്ലാ വൈദ്യുതി തൂണുകളിലും റിഫ്ലക്ടര്‍ സ്ഥാപിച്ചു. റോട്ടറി ക്ലബ്ബാണ് റിഫ്ലക്ടര്‍ സ്പോണ്‍സര്‍ ചെയ്തത്.

മുട്ടം ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. സ്റ്റാന്‍ഡിലെ പ്രധാന വെയിറ്റിംഗ് ഷെഡ് കഴുകി വൃത്തിയാക്കി ഇരിപ്പിടങ്ങള്‍ക്ക് ഉള്‍പ്പെടെ പെയിന്റിംഗ് നടത്തി.

യുവജന ക്ഷേമ ബോര്‍ഡിന്റെ 50 സന്നദ്ധ ഭടന്‍മാര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്.ബിന്ദു, യൂത്ത് കോ.ഓര്‍ഡിനേറ്റര്‍മാരായ ഷിജി ജെയിംസ്, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വോളന്റിയര്‍മാര്‍ എത്തിയത്. 

എം.വി.ഐ.പി. യുടെ 25 സ്റ്റാഫുകള്‍ സേവന പ്രവര്‍ത്തനത്തിനിറങ്ങി. റോഡ് ശുചീകരണം, ഓഫീസ് പരിസരം വൃത്തിയാക്കല്‍, ഡാമിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കല്‍ എന്നിവയാണ് നടത്തിയത്. എ.എക്സ്.ഇ. സിജി.എം.കെ., എ.ഇ.മാരായ ബിനു എബ്രാഹം, ദീപ.സി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജീവനക്കാരെത്തിയത്. സബ് ഇന്‍സ്പെക്ടര്‍മാരായ ബൈജു.പി.ബാബു, എം.കെ.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുട്ടം, തൊടുപുഴ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും രാവിലെ മുതല്‍ സേവനത്തിനിറങ്ങി. പൊതുമരാമത്ത് വകുപ്പ് തൊടുപുഴ ഡിവിഷന്‍ എ.എക്സ്.ഇ. ശൈലേന്ദ്രന്റെ നേതൃത്വത്തില്‍ 32 ജീവനക്കാര്‍ സേവന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മുട്ടം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ 10 വനം വകുപ്പ് ഉദ്യോഗസ്ഥരും സേവനത്തില്‍ പങ്കാളികളായി. തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. രാജു തരണിയില്‍, മുട്ടം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപാരികളും സജീവമായി രംഗത്തിറങ്ങി. അഡ്വ. ഇ.എ. റഹീം, അഡ്വ. അരണ്‍ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും,

ഡെപ്യുട്ടി തഹസീല്‍ ദാര്‍ എം.കെ. ഷാജി മോന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പധികൃതരും,

തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ സുദീപിന്റെ നേതൃത്വത്തില്‍ 15 എക്സൈസ് ഉദ്യോഗസ്ഥരും സേവനത്തില്‍ പങ്കാളികളായി. തൊടുപുഴ റസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍ കോ.ഓര്‍ഡേേിനേഷന്‍ സംഘടനയായ ''ട്രാക്ക് ' പ്രസിഡന്റ് ജെയിംസ് മാളിയേക്കലിന്റെ നേതൃൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശുചീകരണത്തിനിറങ്ങി. 

രാവിലെ എട്ട് മുതല്‍ സേവനത്തിനിറങ്ങിയവര്‍ക്ക് ലയണ്‍സ് ക്ലബ്ബിബിന്റെയും ഹോട്ടല്‍ ആന്‍ന്റ് റസ്റ്റോറന്റ് അസോസിയേഷന്റേയും നേതൃത്വത്തില്‍ പ്രഭാത ഭക്ഷണവും ഉച്ചയൂണും ലഭ്യമാക്കി. 

ഇതോടൊപ്പം  തൊടുപുഴ മുനിസിപ്പാലിറ്റി, മുട്ടം, കരിങ്കുന്നം ഗ്രാമ പഞ്ചായത്തുകള്‍ മുതലായ വകുപ്പുകളും, തൊടുപുഴയിലെ ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്, ബാര്‍ അസോസിയേഷന്‍, ദന്തല്‍ ഡോക്ടേര്‍സ് അസോസിയേഷന്‍, മുട്ടത്തെയും തൊടുപുഴയിലെയും മര്‍ച്ചന്റ് അസോസിയേഷനുകള്‍, വര്‍ക്ക് ഷോപ്പ് അസോസിയേഷന്‍, കോവിഡ് പ്രതിരോധത്തിനായുള്ള യൂത്ത് വളണ്ടിയേഴ്സ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തൊടുപുഴ യൂണിറ്റ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, 'ട്രാക്ക്' തൊടുപുഴ, തൊടുപുഴ ടൗണ്‍ ലയണ്‍സ് ക്ലബ്ബ്, തൊടുപുഴ റിവര്‍ വാലി ലയണ്‍സ്,  ടിപ്പര്‍ ലോറി  ആന്‍ഡ് ജെ.സി.ബി. ഓണേഴ്സ് അസോസിയേഷന്‍, ആംബുലന്‍സ് ഓണേഴ്സ് അസോസിയേഷന്‍ എന്നിവയും സേവനത്തില്‍ പങ്കാളികളായി.