മുട്ടം ഗ്രാമപഞ്ചായത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

post

ഇടുക്കി : മുട്ടം ഗ്രാമപഞ്ചായത്തിലെ  വീടുകളെയും സ്ഥാപനങ്ങളെയും മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച്  സംഭരിക്കുന്നതിന് ആയി ശുചിത്വമിഷന്‍ സഹായത്തോടെ 13 ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍  നിര്‍വഹിച്ചു . നാടിന്റെ വികസന പാതയില്‍ പഞ്ചായത്ത് നേരിടുന്ന  വെല്ലുവിളിയാണ് മാലിന്യ നിര്‍മാര്‍ജ്ജനം. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍  ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നുണ്ട്. ഈ  മാതൃകയിലാണ് മുട്ടത്തും എം.സി.എഫ്. സ്ഥാപിച്ചത്.പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ നിന്നുമുള്ള 26 അംഗ ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും  അജൈവ മാലിന്യങ്ങള്‍  ശേഖരിച്ച് എം.സി.എഫില്‍ എത്തിച്ച് അവിടെനിന്ന് ബ്ലോക്ക് പഞ്ചായത്ത് വഴി ക്ലീന്‍ കേരള കമ്പനിക്ക്  കൈമാറുകയാണ്  ലക്ഷ്യം. ഇതിലൂടെ  മുട്ടം ഗ്രാമപഞ്ചായത്തിലെ  വീടുകളും സ്ഥാപനങ്ങളും  മാലിന്യമുക്തമാക്കി ക്ലീന്‍ പഞ്ചായത്ത് ആക്കുന്നതിനുള്ള  പ്രവര്‍ത്തനമാണ് നടക്കുന്നത്.

വഴിയാത്രക്കാര്‍ മാലിന്യം വലിച്ചെറിയുന്ന പെരുമറ്റം ഭാഗത്ത് ഗാര്‍ഡ്നെറ്റ് സ്ഥാപിക്കുന്നതിന്  പഞ്ചായത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി പണി ആരംഭിച്ചു.  ഇരാറ്റുപേട്ട റൂട്ടില്‍ തോട്ടുംകര ഭാഗത്ത്  കഴിഞ്ഞ വര്‍ഷം  ഗാര്‍ഡ്‌നെറ്റ് സ്ഥാപിച്ചത് മൂലം  തോട്ടിലേക്ക് മാലിന്യം തള്ളുന്നത്  പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഇതിനോടകം രണ്ടുപ്രാവശ്യം ആരോഗ്യ പുരസ്‌കാരവും  ശുചിത്വ പദവിയും പഞ്ചായത്തിന് ലഭിച്ചുകഴിഞ്ഞതായും പഞ്ചായത്ത്  പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍  അറിയിച്ചു. 

 ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ മോഹനന്‍ ,മെമ്പര്‍മാരായ ബീന ജോര്‍ജ് , മേരിക്കുട്ടി വര്‍ഗീസ് ,സെക്രട്ടറി ലൗജി എം നായര്‍ , ഹെഡ് ക്ലാര്‍ക്ക് ശബരി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.