പാലയ്ക്കല്‍ത്തകിടി സ്‌കൂളില്‍ ഡോ.കെ.ആര്‍. നാരായണന്‍ ജൂബിലി സെന്റിനറി ബ്ലോക്കിന്റെ ശിലാസ്ഥാപനം നാളെ

post

പത്തനംതിട്ട : പാലയ്ക്കല്‍ത്തകിടി സെന്റ്. മേരീസ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ 2020 ല്‍ 100 വയസ് പൂര്‍ത്തിയാകുന്നു. കോവിഡ് മൂലം ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പുതിയ കെട്ടിടം നിര്‍മിച്ച് അന്താരാഷ്ട്ര നിലവാരം എല്ലാ മേഖലയിലും ഉറപ്പു വരുത്തുവാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും.

1920 ല്‍ ഒരു ഓലക്കെട്ടിടത്തില്‍ സ്വകാര്യ മേഖലയില്‍ എല്‍പി സ്‌കൂളായി ആരംഭിച്ച് പിന്നീട് സര്‍ക്കാരിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് യു പി സ്‌കൂളായും 1984 ല്‍ ഹൈ സ്‌കൂളായും ഉയര്‍ത്തി. 1995-1996 കാലഘട്ടം വരെ എല്ലാ വര്‍ഷവും ആയിരത്തിനടുത്ത് കുട്ടികള്‍ പഠിച്ചിരുന്നത് കുറഞ്ഞു വരികയും 2000 മുതല്‍ ഡിവിഷനുകള്‍ കുറഞ്ഞ് 2013 ഓടെ 100 ല്‍ താഴെ കുട്ടികളായി ചുരുങ്ങുകയും ചെയ്തു.

2014 മുതല്‍ അധ്യാപകരും നാട്ടുകാരും പൂര്‍വ-വിദ്യാര്‍ഥികളും ചേര്‍ന്ന ജനകീയ കൂട്ടായ്മ രൂപപ്പെടുകയും 300 ലധികം കുട്ടികളായി വര്‍ധിക്കുകയും ചെയ്തു. 90 സെന്റ് സ്ഥലം മാത്രമുള്ള സ്‌കൂളില്‍ അടിസ്ഥാന സൗകര്യത്തിന്റെ കുറവ് അഡ്മിഷന്‍ തേടി വരുന്ന മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളുന്നതിന് തടസമായി. ഇതിന് പരിഹാരമായി സ്ഥലം എംഎല്‍എ മാത്യു.ടി.തോമസ്, ജില്ലാ പഞ്ചായത്തംഗവും പിടിഎ പ്രസിഡന്റുമായ എസ്.വി. സുബിന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകനായ ആര്‍.അജിത് കുമാര്‍ എന്നിവര്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ അനുവദിച്ചു. 

ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ) തയാറാക്കുവാന്‍ ആദ്യം ഏര്‍പ്പെടുത്തിയ കിറ്റ്‌കോ അലംഭാവം വരുത്തിയതിന്റെ ഫലമായി എറണാകുളം കേന്ദ്രമായ ഇന്‍കെല്‍ എന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും കോവിഡ് മൂലം നിര്‍മാണം ആരംഭിക്കാന്‍ കാലതാമസം നേരിട്ടു. അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് നിര്‍മാണം പൂര്‍ത്തികരിക്കുക എന്നതാണ് ലക്ഷ്യം. മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്റെ ജന്മശതാബ്ദി വര്‍ഷവും സ്‌കൂളിന്റെ ശതാബ്ദിയും 2020 ആയതുകൊണ്ട് ശതാബ്ദി സ്മാരക -ഡോ. കെ.ആര്‍. നാരായണന്‍ ജൂബിലി സെന്റിനറി ബ്ലോക്ക് എന്നാണ് പുതിയ കെട്ടിടത്തിന് നാമകരണം ചെയ്തിട്ടുള്ളത്. 

രാവിലെ 10 ന് കേരളത്തിലെ നിരവധി സ്‌കൂളുകളോടൊപ്പം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് 12 ന് സ്‌കൂളില്‍ ആരംഭിക്കുന്ന ചടങ്ങ് ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും.  മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, ഡോ. എന്‍. ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി എന്നിവര്‍ പങ്കെടുക്കും. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 100 ല്‍ താഴെ മാത്രം ആള്‍ക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തിയും സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.