കോവിഡ് ബാധിതര്‍ക്ക് ഗൃഹനിരീക്ഷണം: കൂടുതല്‍പേര്‍ തയ്യാറാകുന്നത് സ്വാഗതാര്‍ഹം: ഡി.എം.ഒ.

post

പത്തനംതിട്ട: രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ നിരീക്ഷണം അനുവദിച്ചതിനുശേഷം ജില്ലയില്‍ ഇതിനു തയ്യാറായവരുടെ എണ്ണം ആയിരത്തോടടുക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ഇത് സ്വാഗതാര്‍ഹമാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരായിരുന്നു ഇതിന് തയ്യാറായത്. ഇപ്പോള്‍ എല്ലാ വിഭാഗത്തിലുംപെട്ട രോഗബാധിതര്‍ വീടുകളില്‍ തന്നെ താമസിച്ച് ചികിത്സാകാലം പൂര്‍ത്തിയാക്കുന്നതിന് തയ്യാറാകുന്നുണ്ട്. 150 ഓളം പേര്‍ ഇതിനോടകം വീടുകളില്‍ തന്നെ താമസിച്ച് ചികിത്സാകാലം പൂര്‍ത്തിയാക്കി കഴിഞ്ഞു. 

മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാത്രമേ ഗൃഹനിരീക്ഷണം അനുവദിക്കുകയുളളൂ. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും, മറ്റ് ഗുരുതര രോഗങ്ങളില്ലാത്തവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വീടുകളില്‍ ചികിത്സയില്‍ കഴിയാം. ഇവരുടെ വിവരങ്ങള്‍ ദിവസവും പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തും. മതിയായ സൗകര്യങ്ങളുളള വീടുകളിലേ ഹോം ഐസൊലേഷന്‍ അനുവദിക്കൂ. ഇതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. നിരീക്ഷണത്തിന് തെരഞ്ഞെടുത്ത വീട്ടില്‍ ടെലിഫോണ്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നതിനായി കുടുംബാംഗമോ, ആരോഗ്യമുളള ഒരാളോ ഉണ്ടായിരിക്കണം. സന്ദര്‍ശകരെ അനുവദിക്കരുത്. പ്രായാധിക്യം ഉളളവര്‍, ഗുരുതര രോഗമുളളവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരുമായി സമ്പര്‍ക്കത്തില്‍ വരരുത്. 

രോഗിയും പരിചരിക്കുന്നവരും നിര്‍ബന്ധമായും മൂന്നുപാളി മാസ്‌ക് ധരിക്കണം. സാമൂഹിക അകലവും പാലിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം. രോഗലക്ഷണങ്ങള്‍ സ്വയം വിലയിരുത്തി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ കൃത്യമായ മറുപടി നല്‍കണം. പോഷക സമൃദ്ധമായ ആഹാരം കഴിക്കണം. ധാരാളം ചൂടുവെളളവും മറ്റ് പാനീയങ്ങളും കുടിക്കണം. വസ്ത്രങ്ങളും മുറിയും സ്വയം വൃത്തിയാക്കണം. മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന ദിവസത്തില്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകണം എന്നീ നിര്‍ദ്ദേശങ്ങളാണ് ഗൃഹചികിത്സയ്ക്ക് വിധേയരാകുന്നവര്‍ക്ക് നല്‍കിയിരിക്കുന്നത്. 

മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന ദിവസത്തിന് മുന്‍പ് ഗൃഹനിരീക്ഷണത്തിലിരിക്കുന്ന വ്യക്തി യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല എന്നും ഡി.എം.ഒ. അറിയിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അതാത് പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യകേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം, ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേക്ക് വിളിക്കാം. ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ 0468 2228220.