ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം 29ന്

post

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ  മുരുകന്‍കുന്ന് പട്ടികജാതി കോളനിയിലും മുല്ലമ്പു വട്ടവിള കോളനിയിലും നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ഈ മാസം 29ന് വൈകുന്നേരം നാലിന്  പട്ടികജാതി പട്ടികവര്‍ഗ വികസനം, പിന്നോക്കവിഭാഗ ക്ഷേമം വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും 151 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മുരുകന്‍കുന്ന് പട്ടികജാതി കോളനിയില്‍ കിണര്‍ കുഴിച്ച് പമ്പ്ഹൗസും ടാങ്കും സ്ഥാപിക്കുന്നതിനും മുല്ലമ്പു വട്ടവിള കോളനിയില്‍ നിലവിലുള്ള കുളത്തില്‍ നിന്നും ജലം പമ്പ് ചെയ്ത് വിതരണം ചെയ്യുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.ബി. രാജീവ് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. രാജഗോപാലന്‍ നായര്‍, ഏഴംകുളം അജു, ഏഴംകുളം ഗ്രാമപഞ്ചായത്തംഗം വിജു രാധാകൃഷ്ണന്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയ് രാജ്, എസ്. ബിജു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന, പറക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.ജി. റാണി തുടങ്ങിയവര്‍ പങ്കെടുക്കും. മന്ത്രി എ.കെ. ബാലന്റെ ഫേയ്സ്ബുക്ക് പേജില്‍ പരിപാടി തല്‍സമയം കാണാം.