സാമൂഹിക സന്നദ്ധസേന ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

post

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിലെ സാമൂഹിക സന്നദ്ധസേനയില്‍ രജിസ്റ്റര്‍ ചെയ്ത് വിജയകരമായി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു. 

കളക്ടറേറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍  വിദ്യാര്‍ഥികളായ ഷിജോ കുര്യന്‍, ടോം തങ്കച്ചന്‍, ദീപിക എം നായര്‍, അനുഗ്രഹ അന്നാ തോമസ് എന്നിവര്‍ക്കാണ് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. 325 വിദ്യാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ സാമൂഹിക സന്നദ്ധസേന ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 

അടൂര്‍ താലൂക്കില്‍ 19, തിരുവല്ല താലൂക്കില്‍ 131, മല്ലപ്പള്ളി താലൂക്കില്‍ 45, റാന്നി താലൂക്കില്‍ 22, കോഴഞ്ചേരി താലൂക്കില്‍ 32, കോന്നി താലൂക്കില്‍ 28 വിദ്യാര്‍ഥികളും താലൂക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത 48 വിദ്യാര്‍ഥികള്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. അധികൃതരില്‍ നിന്നും അറിയിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതതു താലൂക്കുകളില്‍ നിന്നും  സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാം. അസിസ്റ്റന്റ് കളക്ടര്‍ വി ചെല്‍സാസിനി ചടങ്ങില്‍ സന്നിഹിതയായി.