വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റമാണു സര്‍ക്കാരിന്റെ ലക്ഷ്യം : മന്ത്രി എം എം മണി

post

ഇടുക്കി : വിദ്യാഭ്യാസ രംഗത്തു കാതലായ മാറ്റം വരുത്തി പുതിയ മുന്നേറ്റം സംഘടിപ്പിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം വൈദ്യുതി  വകുപ്പ് മന്ത്രി എംഎം മണി. തോപ്രാംകുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് ഹൈസ്‌കൂള്‍ മന്ദിരത്തിന്റെ  നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  എല്ലാ സര്‍ക്കാര്‍ സ്‌കൂളിനും സൗകര്യം ഉയര്‍ത്തുകയെന്ന കാഴ്ചപ്പാടാണ് ഈ സര്‍ക്കാരിനുള്ളത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂന്നി ഉന്നത  വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റങ്ങള്‍ നടത്തി സര്‍ക്കാര്‍  സ്‌കൂളുകള്‍  ഹൈടെക് ആക്കി മാറ്റി. 

ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വികസന കാര്യങ്ങളാണ്   സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം  നടപ്പിലാക്കുന്നത്.  വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി  രാഷ്ട്രീയം കലര്‍ത്തരുതെന്നും മെഡിക്കല്‍ കോളേജിന്റെ പുരോഗതി എടുത്തു പറയേണ്ട ഒന്നാണെന്നും മന്ത്രി പറഞ്ഞു. 

 കേരളമൊട്ടാകെയുള്ള സ്‌കൂളുകളിലെ വിദ്യാഭ്യാസ രംഗത്തെ മുഖച്ഛായ മാറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നു യോഗത്തിന് അധ്യക്ഷത വഹിച്ചു റോഷി അഗസ്റ്റിന്‍ എംഎല്‍എ  പറഞ്ഞു. ജില്ലയില്‍ മാത്രമല്ല  സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ വകുപ്പ് വലിയ  മുന്നേറ്റമാണ്  നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ സ്‌കൂളുകളെയും പരിഗണിച്ചു മനോഹരമായ കെട്ടിട സമുചയം നിര്‍മിക്കാന്‍ കഴിഞ്ഞത് സുരക്ഷിത കലാലയം എന്ന സങ്കല്‍പം പൂര്‍ത്തീകരിക്കലാണ്. 

ഏറെ കാലഘട്ടത്തിന്റെ പഴക്കവും കാലാനുസൃതമായ മാറ്റവും വിദ്യാഭ്യാസ പുരോഗതിയും തോപ്രാംകുടി  സ്‌കൂളിനുണ്ടായിട്ടുണ്ട്. 64 വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ സ്‌കൂളിനു കിട്ടുന്ന അംഗീകാരം  നാടിനു അഭിമാനമുള്ള കാര്യമാണ്. അതോടൊപ്പം   മെഡിക്കല്‍ കോളേജിന്റെ  വികസനത്തില്‍ മന്ത്രി എംഎം മണിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഇടപെടില്‍ അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി 70 ലക്ഷം രൂപയാണ് സ്‌കൂള്‍ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. യോഗത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ  സ്‌കൂളിലെ   വിദ്യാര്‍ത്ഥികളെയും    അനുമോദിച്ചു.

 യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റെജി മുക്കാട്ട്, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു,  ത്രിതല പഞ്ചായത്ത് അംഗങ്ങളായ നോബിള്‍ ജോസഫ്, കെപി സുരേന്ദ്രന്‍, സെലിന്‍ കുഴിഞ്ഞാലില്‍, ഫെമിന്‍ രാജു,  ബിനിമോള്‍ ടോമി, ഉന്മേഷ് കെഎസ് ,കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സിവി വര്‍ഗീസ്, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യന്‍,  സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കെ.കെ രാജേന്ദ്രന്‍,  പ്രിന്‍സിപ്പാള്‍  ഉനൈസാ എ, ഹെഡ്മാസ്റ്റര്‍ നാരായണന്‍ റ്റി, തുടങ്ങി ജനപ്രതിനിധികള്‍,  വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.