ലൈഫ് ഗുണഭോക്തൃ സംഗമത്തിന് ജില്ലയില്‍ തുടക്കമായി

ഇടുക്കി : ജില്ലയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ആദ്യ കുടുംബസംഗമത്തിനും അദാലത്തിനും കട്ടപ്പനയില്‍ തുടക്കമായി. കട്ടപ്പന നഗരസഭ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒരു കുടുംബത്തിന്റെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനും അന്തസ്സാര്‍ന്ന ജീവിതത്തിനും അടിസ്ഥാന ഘടകമായ സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ നിര്‍വൃതിയിലാണ് ഓരോ ഗുണഭോക്തൃ സംഗമവുമെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ ലൈഫ് പദ്ധതിയെ കുറിച്ച് വിശദീകരണം നല്കി. കട്ടപ്പന നഗരസഭയില്‍ പി എം എ വൈ ലൈഫ് പദ്ധതിയില്‍ 1065 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ഇതില്‍ നിര്‍മ്മാണം ആരംഭിച്ച 1009 വീടുകളില്‍ 596 എണ്ണം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 413 വീടുകളുടെ അവസാനഘട്ട നിര്‍മ്മാണം പുരോഗമിച്ചു വരുന്നു.
യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ഗോപിനാഥ് നന്ദിയും പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോണി കുളംപള്ളി, തോമസ് മൈക്കിള്‍, എമിലി ചാക്കോ, ബെന്നി കല്ലൂപ്പുരയിടം, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികളായ വി.ആര്‍ സജി, തങ്കച്ചന്‍ പുരയിടത്തില്‍, സാബു പ്ലാത്തോട്ടാനിയില്‍, ജോയി കുടുക്കച്ചിറ, കെ.എം.തോമസ്, ബിജു ഐക്കര, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗ്രേസ് മേരി ടോമിച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി. എം.എ.വൈ ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ പ്രയോജനം ലഭിച്ച കുടുംബങ്ങളില്‍ നിന്നായി 800 ഓളം സംഗമത്തില്‍ പങ്കെടുത്തു.