പെട്ടിമുടി ദുരന്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരം

post

ഇടുക്കി : ആഗസ്റ്റ് ആറാം തിയതി ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം  എസ് രാജേന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ എടുത്ത് പറയേണ്ടതാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഏറ്റവും മികച്ച രീതിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. അത്യാധുനിക സംവിധാനങ്ങളെല്ലാം പെട്ടിമുടിയില്‍  ഉപയോഗിച്ചു. പലരുടെയും ഇടപെടല്‍ മനുഷ്യത്വപരമായിരുന്നുവെന്നും എം എല്‍ എ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പങ്കുച്ചേര്‍ന്ന ദുരന്ത നിവാരണ സേന, ഫയര്‍ഫോഴ്സ്, പോലീസ്, വനം വകുപ്പ്, റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്നവരെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. വകുപ്പുകള്‍ക്ക് പുറമെ  മൂന്നാറിലെ

അഡ്വഞ്ചര്‍ ടീം, സന്നദ്ധ സംഘടനകള്‍, യുവജന കൂട്ടായ്മകള്‍ , കെ.ഡി.എച്ച്.പി കമ്പനി, വോളന്റിയേഴ്സ് രക്ഷാപ്രവര്‍ത്തനത്തിന്‍ പങ്കുചേര്‍ന്ന പ്രദേശവാസികള്‍ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമി, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, അസി.കളക്ടര്‍ സുരജ് ഷാജി, തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍  ലക്ഷ്മി ആര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.