മലയോര, തീരദേശ ഹൈവേകള്‍ക്കായി 10000 കോടി ചെലവഴിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

post

കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെ നിര്‍മാണം ആരംഭിച്ചു

ഇടുക്കി : സംസ്ഥാനത്ത് മലയോര - തീരദേശ ഹൈവേകളുടെ നിര്‍മ്മാണത്തിനായി പതിനായിരം കോടി രൂപയാണ് ചിലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പീരുമേട്- ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള നിര്‍മാണോദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പീരുമേട് മുതല്‍ ദേവികുളം വരെ രണ്ട് ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. കുട്ടിക്കാനം - ഏലപ്പാറ - കട്ടപ്പന - നെടുങ്കണ്ടം - ഉടുമ്പന്‍ചോല -ദേവികുളം എന്നീ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഹൈവേ കടന്ന് പോവുക. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 19 കിലോമീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ഇതിന് 2017ല്‍ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് 80 കോടി 53 ലക്ഷം രൂപയുടെ സാമ്പത്തികാനുമതി നല്‍കി. സമയബന്ധിതമായി സാങ്കേതികാനുമതിയും ലഭ്യമാക്കി. റോഡിനിരുവശവും നടപ്പാതയോട് കൂടി 12 മീറ്റര്‍ വീതിയിലാണ് ഹൈവേ നിര്‍മ്മിക്കുക. പാതയോരത്ത് വിവിധയിടങ്ങളില്‍ ശുചിമുറി സൗകര്യത്തോടെ വിശ്രമകേന്ദ്രങ്ങള്‍, പ്രധാന സ്ഥലങ്ങളില്‍ ഇരിപ്പിടങ്ങള്‍, റോഡിന് വശങ്ങളിലെ കാഴ്ച്ചകള്‍ കാണുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ റോഡിന്റെ ഭാഗമായി നിര്‍മ്മിക്കും. 18 മാസങ്ങള്‍ക്കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍  ചപ്പാത്ത് മുതല്‍ കട്ടപ്പന വരെ 21 കിലോമീറ്റര്‍ നിര്‍മ്മാണത്തിനുള്ള 84 കോടി 53 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇവ രണ്ടും പൂര്‍ത്തീകരിക്കുന്നതോടെ ഇടുക്കിയുടെ വികസനം പുരോഗതിയിലേക്ക് കുതിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടി, വാഗമണ്‍, രാമക്കല്‍മേട്, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവും. കാര്‍ഷിക മേഖലയിലും വലിയ മുന്നേറ്റം നല്‍കും. ഇത് കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കിയുടെ മറ്റ് മേഖലകളില്‍ നിന്നുമുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കും ഹൈവേ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 73 കോടി 20 ലക്ഷം രൂപാ ചിലവില്‍ വണ്ണപ്പുറം - രാമക്കല്‍മേട് റോഡ്, 153 കോടി രൂപാ ചിലവില്‍ ഉടുമ്പന്‍ചോല - രണ്ടാംമൈല്‍ റോഡ് എന്നീ  പാതകളും പൂര്‍ത്തീകരിക്കുന്നതോടെ ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിക്കുക എന്നതിന് പുറമേ നാടിന്റെ വികസന ഗതി തന്നെ മാറും.

നാടിന്റെ വികസന കാര്യത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുള്ളതിനാല്‍ കോവിഡ് 19 ന്റെ പശ്ചാത്തത്തലത്തിലും റോഡ് നിര്‍മ്മാണവുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സംസ്ഥാനത്തെ 95 ശതമാനം റോഡും ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലെപ്രളയത്തില്‍ തകര്‍ന്ന9530 കിലോ മീറ്റര്‍ റോഡ് അറ്റകുറ്റപണികള്‍ നടത്തി ഗതാഗത യോാഗ്യമാക്കിക്കഴിഞ്ഞു. 1783 കോടി രൂപയാണ് തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ചിലവഴിച്ചത്.

കിഫ്ബി ധനസഹായത്തോടെ 14700 കോടി മുടക്കിയുളള 327 പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ റോഡ് നിര്‍മ്മാണം, സംരക്ഷണ ഭിത്തി നിര്‍മ്മാണം, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ ഗ്രാമീണ മേഖലയിലെ 5000 റോഡുകളുടെ നവീകരണ ജോലികള്‍ നടന്ന് വരികയാണ്. ഇതിനായി 950 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 961 കോടി രൂപയും റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 392 കോടി രൂപ ഉപയോഗിച്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും ഇതോടൊപ്പം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1451 കോടി മുതല്‍ മുടക്കി കിഫ്ബി സഹായത്തോടെ 159 റോഡുകള്‍ കൂടി മൂന്ന് മാസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കും. മലയോര ഹൈവേയ്ക്കായി 3500 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. 41 റീച്ചുകളില്‍ 23 സ്ഥലങ്ങളില്‍ പണി ആരംഭിച്ചു. 12 ഇടങ്ങളില്‍ വനം വകുപ്പിന്റെ അനുമതി ലഭിക്കാനുണ്ടെന്നും അദ്ധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പുളിയന്‍ മല -മയിലാടുംപാറ - എല്ലക്കല്‍ എന്നിങ്ങനെ ജില്ലയുടെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ഹൈവേ ജില്ലയിലെല്ലായിടത്തും വികസനമെത്തിക്കുമെന്ന് മുഖ്യ പ്രഭാഷണത്തില്‍ വൈദ്യുതി മന്ത്രി എം.എം.മണി അഭിപ്രായപ്പെട്ടു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടത്തിയ ജില്ലാ ഉദ്ഘാടനയോഗത്തില്‍ മുഖ്യമന്ത്രിയ്ക്കു വേണ്ടി ഇ.എസ്.ബിജമോള്‍ എം.എല്‍.എ ശിലാഫലകം അനാവരണം ചെയ്തു. എ വി ജി, ബഥേല്‍, ടൈഫോര്‍ഡ്, ഹെലിബറിയ, മലങ്കര എന്നീ തേയില കമ്പനികള്‍ ഹൈവേയ്ക്ക് ഭൂമി വിട്ട് നല്‍കിയതില്‍ എം.എല്‍.എ നന്ദി അറിയിച്ചു.

കെ.ആര്‍.എഫ്.ബി. പ്രോജക്റ്റ് ഡയറക്ടര്‍ ബീന. എല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേ രള സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്. രാജന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആ ലിസ് സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സിറിയക്ക് തോമസ് , ഹെലിബറിയ റ്റീ പ്ലാന്റേഷന്‍ എംഡി അശോക് ദര്‍ഗ്ഗാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.പി.ജാഫര്‍ ഖാന്‍ നന്ദിയും പറഞ്ഞു.