ഓതറ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് നടപ്പാക്കി

post

ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ കേന്ദ്രം

പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഓതറ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിച്ചു. ഇതു നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത് ആരോഗ്യ സ്ഥാപനമാണ് ഇരവിപേരൂരിലേത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആര്‍ദ്രം മിഷന്റെ ഭാഗമായാണു പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബ ആരോഗ്യകേന്ദ്രമായി ഉയര്‍ത്തിയതും ഇപ്പോള്‍ ഇഹെല്‍ത്ത് നടപ്പാക്കുന്നതും.

ഇ-ഹെല്‍ത്ത് സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ഈ സ്ഥാപനത്തില്‍ നിന്നുള്ള ചികിത്സാ സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. മാത്രമല്ല, ഇവിടെ സര്‍വറില്‍ സൂക്ഷിക്കുന്ന ചികിത്സാ രേഖകള്‍ ഇതര സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വരാവുന്ന തുടര്‍ ചികിത്സയ്ക്ക് സഹായകരമായി തീരും. ഓരോ രോഗിയും ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ ലഭിക്കുന്ന പ്രത്യേക ഏകീകൃത തിരച്ചറിയല്‍ നമ്പരിലൂടെയാകും ഭാവിയില്‍ ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലും പരിശോധനയ്ക്കു മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതും പ്രവേശനം നേടുന്നതും ചികിത്സ തേടുന്നതും. ഒരു തവണ ഈ ഏകീകൃത നമ്പര്‍ കാര്‍ഡ് വാങ്ങിയവര്‍ ആരോഗ്യകേന്ദ്രത്തിലെ സ്‌കാനിംഗിലൂടെ ടോക്കണ്‍ വാങ്ങി തുടര്‍നടപടിയിലേക്കു നീങ്ങി പ്രാഥമിക പരിശോധന, മെഡിക്കല്‍ ഓഫീസര്‍ പരിശോധന, ലാബ്/നഴ്‌സിംഗ് റൂം സേവനങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ച് ഫാര്‍മസിയില്‍ നിന്നു മരുന്ന് വാങ്ങി ഇറങ്ങുമ്പോള്‍ മാത്രമാണ് ഒരു പേപ്പര്‍ പ്രിന്റ് കൈയ്യില്‍ ലഭിക്കുക. ഇതിലൂടെ സമയം ലാഭിക്കുന്നതിനും മുന്‍ഗണനാ ക്രമം ഉറപ്പാക്കുന്നതിനും സാധിക്കും. ചികിത്സാ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കിയതിന് എന്‍.ക്യു.എ.എസ് എന്ന ദേശീയ ഗുണനിവാര സര്‍ട്ടിഫിക്കറ്റ് ലഭിച്ച ജില്ലയിലെ ഏക സ്ഥാപനവും 9001-2015 ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ സംസ്ഥാനത്തെ ഒരേയൊരു കുടുംബ ആരോഗ്യകേന്ദ്രവുമാണ് ഇരവിപേരൂരിലെ ഈ സ്ഥാപനം.

             ഇ-ഹെല്‍ത്ത്  പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വീണാജോര്‍ജ് എംഎല്‍എ ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു. ഏകീകൃത കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനസൂയാ ദേവി നടത്തി. വൈസ് പ്രസിഡന്റ് എന്‍.രാജീവ് പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു. ഡി.എം.ഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡി.പി.എം ഡോ.എബിന്‍ സുഷന്‍, ഭരണസമതി അംഗങ്ങളായ എ.ടി ജയപാല്‍,വി.കെ ഓമനക്കുട്ടന്‍, എല്‍.പ്രജിത, വി.ടി ശോശാമ്മ, പഞ്ചായത്ത് സെക്രട്ടറി എസ്.സുജാകുമാരി, മെഡിക്കല്‍ ഓഫീസര്‍ ഡോ.വിമിത മുരളി, ഡോ.ബെറ്റ്‌സി, പി.ആര്‍.ഒ സുമിത അഭിലാഷ്, നോഡല്‍ ഓഫീസര്‍ മുഹമ്മദ് അനസ് എന്നിവര്‍ പങ്കെടുത്തു.