റാന്നിയില്‍ കൃഷി മൂല്യവര്‍ധിത സംരംഭം ആരംഭിക്കുന്നു

post

പത്തനംതിട്ട :  കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായി മാറുന്ന കൃഷി മൂല്യവര്‍ധിത സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റാന്നിയില്‍ ആരംഭിക്കുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയില്‍ റാന്നിപഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് സംരംഭം ആരംഭിക്കുന്നത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.  കെട്ടിടത്തിന്റെ രേഖകളും താക്കോല്‍ കൈമാറ്റ ചടങ്ങും രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു മുഖ്യാതിഥി ആയിരുന്നു.റാന്നി ബ്ലോക്ക് പഞ്ചായത്ത്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ 70 ലക്ഷം രൂപ വിനിയോഗിച്ചാണു സംരംഭം നടത്തുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുന്നതിനും ന്യായമായ വില ഉറപ്പുവരുത്തുന്നതിനുമാണു പദ്ധതി. കാര്‍ഷിക വിളകളുടെ വിളവെടുപ്പ് സമയത്ത് വിപണിയിലെ വില മൂല്യംകുറയാതെ കര്‍ഷകരില്‍ നിന്നും വിളകള്‍ ശേഖരിക്കും. കപ്പ, ചക്ക, നേന്ത്രക്കായ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ചിപ്‌സുകളും, വിവിധ പഴവര്‍ഗങ്ങളുടെ ജാമുകള്‍, കറികള്‍ക്ക് ഉപയോഗിക്കുന്ന വിവിധതരം പൊടികളും ഉല്‍പാദിപ്പിക്കും. 
അതിനൂതന സങ്കേതിക വിദ്യയിലൂടെയാണു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി വിപണിയില്‍ എത്തിക്കുക. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രദമായ രീതിയില്‍ എണ്ണയുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കിയാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പ്രദേശിക കര്‍ഷകര്‍ക്കും യുവ കര്‍ഷകര്‍ക്കും ഏറെ പ്രയോജനകരമാകുന്നതാണു സംരംഭം.
  പഞ്ചായത്ത് കെട്ടിടത്തില്‍ വിവിധ ഭാഗങ്ങളായി തിരിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ മുന്‍ഭാഗം ടൈല്‍ പാകും. കെട്ടിടത്തിനുള്ളില്‍ മെഷനറി സ്ഥാപിക്കും. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന വിളകള്‍ പ്രാഥമികമായി സൂക്ഷിക്കും. പിന്നീട് ഇവ കഴുകി വൃത്തിയാക്കി യന്ത്രങ്ങളുടെ സഹായത്തോടെ പുതിയൊരു ഉല്‍പന്നമാക്കിമാറ്റും. ഇവ ശേഖരിച്ചുവച്ചു പിന്നീടാണു വിപണിയില്‍ എത്തിക്കുന്നത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏതുസമയത്തും വിപണി കണ്ടെത്താന്‍ സാധിക്കും.   
  പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ആനി സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഉത്തമന്‍, പഞ്ചായത്തംഗങ്ങളായ ഷൈനി രാജീവ്, പൊന്നി തോമസ്, അനു ടി. ശമുവേല്‍, അനിത അനില്‍കുമാര്‍, ലാലി ജോസഫ്, ബെറ്റ് സി.കെ ഉമ്മന്‍, ബിനിറ്റ് മാത്യു, എല്‍.സി മാത്യു, ബോബി എബ്രഹാം, ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഡയറക്ടര്‍ അനില മാത്യു, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് ബോബി, മാത്യു എബ്രഹാം, സി.ഐ മൈക്കിള്‍, മഞ്ജുള മുരളീകൃഷ്ണന്‍, ലാല്‍കുമാര്‍, അനീഷ്‌കുമാര്‍, ബെന്‍സി സഖറിയ എന്നിവര്‍ പ്രസംഗിച്ചു.