സമൂഹത്തിന്റെ മുന്നേറ്റത്തില്‍ കുടുംബശ്രീയ്ക്കുള്ള പങ്ക് അഭിനന്ദനാര്‍ഹം: മന്ത്രി എം എം മണി

post

ഇടുക്കി: സമൂഹത്തില്‍ കുടുംബശ്രീ പ്രസ്ഥാനങ്ങള്‍ ഏറെ മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ടെന്നും സാമൂഹ്യമായ പലതലങ്ങളിലും കുടുംബശ്രീ വളരെയധികം മുന്നിലാണെന്നും കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങളെ തള്ളിക്കളയാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷത്തിലെ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ജെ.എല്‍.ജി. സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കല്ലാര്‍ സഹകരണബാങ്കിന്റെ ഹെഡ് ഓഫീസില്‍ നടത്തിയ ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് മുഖേന എടുത്തിട്ടുള്ള വായ്പകള്‍ക്കുള്ള സബ്‌സിഡി തുകയാണ് വിവിധ അയല്‍കൂട്ടങ്ങള്‍ക്കായി വിതരണം നടത്തിയത്. കല്ലാര്‍ ബാങ്കില്‍ നിന്നും വായ്പയായി എടുത്തിട്ടുള്ള കുടുംബശ്രീകള്‍ക്കായി ജില്ലാമിഷന്‍ അനുവദിച്ച 11.8 ലക്ഷം രൂപയാണ് സബ്‌സിഡിയായി നല്‍കിയത്. 

ചടങ്ങില്‍ 54 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തുക വിതരണം ചെയ്തു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിബായി കൃഷ്ണന്‍, കല്ലാര്‍ സഹകരണബാങ്ക് പ്രസിഡന്റ് എം. എം. കുഞ്ഞുമോന്‍, ജോയിന്റ് രജിസ്ട്രാര്‍ എച്ച്. അന്‍സാരി, ജോയിന്റ് ഡയറക്ടര്‍ എം. കെ. വിശ്വനാഥന്‍, പള്ളിവാസല്‍ പഞ്ചായത്ത് അംഗം സരയൂ ശശി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സൂസന്‍ ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.