ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം യാതാര്‍ഥ്യമാക്കും: മന്ത്രി എം.എം.മണി

post

ഇടുക്കി : ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം യാതാര്‍ഥ്യമാക്കുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രണ്ടാം വൈദ്യുത നിലയമെന്ന വലിയ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സി പഠനം നടത്തും. അണ്ടര്‍ ഗ്രൗണ്ട് വൈദ്യുതി നിലയമാണ് ഉദ്ദേശിക്കുന്നത്. രാത്രിയില്‍ പ്രവര്‍ത്തനം സജ്ജമാക്കുന്ന തരത്തിലാവും രണ്ടാം വൈദ്യുതി നിലയം. ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട വൈദ്യുത പദ്ധതികളില്‍ കൂടി ഉല്‍പാദനം പരമാവധിയാക്കും. സൗരോര്‍ജ വൈദ്യുതോല്‍പ്പാദനവും വര്‍ദ്ധിപ്പിക്കും. ഇടുക്കി ഡാമില്‍ സൗരോര്‍ജ പദ്ധതിക്ക് സാധ്യതയെന്ന് കേന്ദ്ര ഏജന്‍സികളുടെ പഠനങ്ങള്‍ പറയുന്നുണ്ട്. പുരപ്പുറം വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനോടകം 2.80 ലക്ഷം അപേക്ഷകള്‍ കിട്ടിക്കഴിഞ്ഞു.

ഇങ്ങനെ വിവിധ തരത്തില്‍ ഉല്‍പ്പാദനം കൂട്ടി കേരളത്തെ വൈദ്യുതി സ്വയം പര്യാപ്ത സംസ്ഥാനമാക്കാനാവും. ഉല്‍പ്പാദനം കൂട്ടിയാല്‍ വൈദ്യുതി വാങ്ങാനുള്ള ചിലവ് കുറച്ച് ക്രമമേണ മിച്ചം വരുത്തി പുറത്തേക്ക് വില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാനാവും. ജലവൈദ്യുതി നിലയങ്ങളാണ് ലാഭമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. കേരളത്തില്‍ താപ വൈദ്യുതി ഉല്‍പ്പാദനം അപ്രാപ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ വൈദ്യുതി ചാര്‍ജിനിടയാക്കി. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കി ഇതില്‍ കുറവ് ചെയ്ത് കൊടുത്തു.

പവര്‍ കട്ടും ലോഡ് ഷെഡിംഗും ഉണ്ടാവില്ലെന്ന പ്രഖ്യാപനത്തില്‍ വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഓഖി, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മൂലം വൈദ്യുതി വകുപ്പിന് കോടികളുടെ നഷ്ടമുണ്ടായി. ആയിരക്കണക്കിന് ട്രാന്‍സ്‌ഫോര്‍മറുകളും പതിനായിരക്കണക്കിന് ഇലക്ട്രിക് പോസ്റ്റുകളും ഉള്‍പ്പെടെ നിരവധി ഉപകരണങ്ങളാണ് നശിച്ചത്. വൈദ്യുതി വകുപ്പിന്റെ കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനം കൊണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവ പുനസ്ഥാപിക്കാനായതായും മന്ത്രി പറഞ്ഞു. 

മൂലമറ്റം സെഷന്‍ ഓഫീസിന് ആധുനിക കെട്ടിടം 

ഇടുക്കി : മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനായി നിര്‍മ്മിക്കുന്നത് ആധുനിക കെട്ടിടം. നിലവിലെ സെക്ഷന്‍ ഓഫീസിന് സമീപം മൂലമറ്റം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്ത് കെ.എസ്.ഇ.ബി. വക സ്ഥലത്ത് 70 ലക്ഷം രൂപ മുടക്കിയാണ് ഇരു നിലകളിലായി പുതിയ കെട്ടിടം പണിയുന്നത്. മുന്‍പ് പല കാരണങ്ങള്‍ കൊണ്ടും അനുമതി ലഭിക്കാതിരുന്ന കെട്ടിടം പണി മന്ത്രി എം.എം.മണിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

1978 മാര്‍ച്ച് മാസത്തിലാണ് മൂലമറ്റം സെക്ഷന്‍ ഓഫീസ് കെ.എസ്.ഇ.ബി. വക ക്വാര്‍ട്ടേഴ്‌സില്‍ മൂലമറ്റത്ത് പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ 200 ല്‍ താഴെ ഉപഭോക്താക്കളുണ്ടായിരുന്ന സെക്ഷന്‍ ഇപ്പോള്‍ 18000 ത്തോളം കണ്‍സ്യൂമേഴ്‌സുണ്ട്. അറക്കുളം വെള്ളിയാമറ്റം, കുടയത്തൂര്‍, മുട്ടം പഞ്ചായത്തുള്‍ ഈ സെക്ഷന്റെ പരിധിയിലാണ്. വെള്ളിയാമറ്റം പഞ്ചായത്തിലെ 4000 ത്തോളം കണ്‍സ്യൂമേഴ്‌സ് ആലക്കോട് സെക്ഷന്‍ തുടങ്ങിയപ്പോള്‍ അവിടേക്ക് മാറുകയുണ്ടായി . അറക്കുളം പഞ്ചായത്തിലെ മുത്തിയുരുണ്ടയാര്‍ മുതല്‍ മേലുകാവ് പഞ്ചായത്തിലെ പാണ്ഡ്യന്‍മാവ് വരെ 100 ചതുരശ്ര കിലോമിറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് മൂലമറ്റം സെക്ഷന്‍. 40 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഓഫീസ് ആസ്ബറ്റോസ് ഷീറ്റിട്ട പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 

നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ടോമി വിളികുളം, രമ രാജീവ്, കെ.എല്‍.ജോസഫ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ സി.എസ്.ഇമ്മാനുവല്‍, റ്റി.കെ.ശിവന്‍ നായര്‍, ഗീതാ തുളസീധരന്‍, ഡി.രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ്.ഡി. സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എബി എബ്രഹാം നന്ദിയും പറഞ്ഞു.