എം.സി.എഫുകളുടെ പ്രവർത്തനം: ശുചിത്വ മിഷൻ ക്യാംപെയ്ന് തുടക്കം

post

എറണാകുളം: തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെ (എം.സി.എഫ്) പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനും ജനങ്ങളുടെ ആശങ്കകകൾ ദൂരീകരിക്കാനുമായി ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ക്യാംപെയ്ൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ മായാലക്ഷ്മിക്കു പ്രചാരണ പോസ്റ്റർ നൽകിയാണ് പരിപാടിക്ക് തുടക്കമായത്. മാതൃകാപരമായ എം.സി.എഫുകളുടെ വീഡിയോ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കും. ഐ.സി.ഡി.എസ് മുഖാന്തരം വീടുകളിലേക്ക് സന്ദേശമെത്തിക്കും.

അജൈവ മാലിന്യങ്ങൾ സംഭരിക്കുവാനും ശാസ്ത്രീയമായും തരം തിരിക്കും സംസ്കരിക്കുവാനും പ്രകൃതിക്കും മനുഷ്യനും ഹാനികരമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്.

വീടുകളിൽ നിന്നും ഹരിത കർമ്മ സേന വൃത്തിയോടെ ശേഖരിക്കുന്ന പാഴ്വസ്തുക്കളായ പ്ലാസ്റ്റിക്, തുണി, കുപ്പി, മുതലായ ഇത്തരം എം.സി.എഫുകളിൽ എത്തിക്കുകയും അവിടെ വെച്ച് പുനർചം ക്രമണത്തിനു വിധേയമാകുന്ന തരത്തിൽ തരം തിരിക്കുകയും, അല്ലാത്തവ റോഡ് ടാറിങ്ങിനും മറ്റുമായി പൊടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.

ശാസ്ത്രീയമായും മാതൃക പരമായും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ പരിസര വാസികൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നവയല്ല . ജൈവ മാലിന്യം ഇവിടെ എത്താത്തത് കൊണ്ട് തന്നെ ഗന്ധമോ ക്ഷുദ്ര ജീവികളുടെ ശല്യമോ ജലസ്രോതസ്സുകൾ മലിനമാകുന്ന വിഷയമോ ഉണ്ടാകാൻ ഇടയില്ല.

പ്ലാസ്റ്റിക്കും മറ്റു അജൈവ മാലിന്യങ്ങളും കൂട്ടിയിട്ടു കത്തിക്കുന്നത് വലിയൊരളവിൽ പരിസ്ഥിതിയെയും നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്നുമുണ്ട്. അതിനാൽ എം.സി.എഫുകൾ പ്രവർത്തിക്കേണ്ടതും വീടുകളിലെ അജൈവ മാലിന്യം ഹരിത കർമ്മ സേന മുഖേന കൈമാറുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും കളക്ടർ പറഞ്ഞു.