കോന്നി മെഡിക്കല്‍ കോളജ് പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായമാകും: മന്ത്രി കെ.കെ ശൈലജ

post

പത്തനംതിട്ട : പാവപ്പെട്ട ഒരുപാട് ജനങ്ങള്‍ക്ക് സഹായമാകുന്ന ഒന്നായി കോന്നി മെഡിക്കല്‍കോളജ് മാറുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒ.പി വിഭാഗത്തിനുശേഷം ഐ.പിയും അക്കാഡമിക്ക് ബ്ലോക്കും സ്ഥാപിച്ച് മെഡിക്കല്‍ കോളേജ് പൂര്‍ണ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ തസ്തികകള്‍ക്ക് സൃഷ്ടിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2012ല്‍ അനുമതി ലഭിച്ചു നിര്‍മ്മാണം ആരംഭിച്ചെങ്കിലും 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2015ല്‍ പൂര്‍ത്തിയാകേണ്ട ഈ പദ്ധതി പൂര്‍ത്തിയായിരുന്നില്ല. ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തടസം സൃഷ്ടിച്ചത് പാറ നീക്കം ചെയ്യുക എന്നതായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറ പരമാവധി നീക്കം ചെയ്യുന്നതിനും കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചു. 

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ  രണ്ടാംഘട്ട പ്രവര്‍ത്തനം കിഫ്ബി മുഖേന നടപ്പാക്കുന്നതിനായി 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി 338.5 കോടിയുടെ പ്രൊപ്പോസല്‍ കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണു മെഡിക്കല്‍ കോളേജ് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.