വികസനരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലം: മന്ത്രി എം. എം.മണി

post

ഇടുക്കി: നാടിന്റെ വികസനരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലമാണിതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി. അയ്യപ്പന്‍ കോവില്‍ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോവിഡിനെതിരെയുള്ള യുദ്ധവും തുടര്‍ന്നു വരുന്നു. കോവിഡ് പ്രതിരോധത്തില്‍ ഫലപ്രദമായ ഇടപെടലിലൂടെ പൊതുജനാരോഗ്യ രംഗത്ത് മികച്ച സേവനമാണ് കേരളത്തില്‍ നല്കി വരുന്നത്. ലോകത്തെ കോവിഡ് കണക്കില്‍ ഇന്ത്യ രണ്ടാമതെത്തിയത് വേദനാജനകമാണ്. കോവിഡ് പ്രതിസന്ധിയില്‍  ഉല്പ്പാദനം  കുറയുന്നതിലൂടെ ഉണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം മുന്‍നിര്‍ത്തി പുതിയ ഭക്ഷ്യേത്പ്പാദന പദ്ധതിയ്ക്ക് രൂപം നല്കിയത് സംസ്ഥാന സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിന്റെ  ഐഎസ്ഒ 9001-2015 സര്‍ട്ടിഫൈഡ് ഓഫീസ് പ്രഖ്യാപനം ഇ എസ്. ബിജിമോള്‍ എംഎല്‍എ  നിര്‍വ്വഹിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ  അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുമെന്ന് എം.എല്‍.എ പറഞ്ഞു. മൂന്നു ചെയിന്‍ മേഖലയിലും പട്ടയം നല്‍കാനുള്ള  ശ്രമങ്ങളാണ് നടന്നു വരുന്നതെന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും എം.എല്‍.എ. പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തില്‍ നേതൃത്വം നല്കിയ ഷാജി ചവര്‍ണാല്‍, ജയേഷ് കെ.നായര്‍, അനുമോള്‍ അഗസ്റ്റിന്‍ എന്നിവരെ എം.എല്‍.എ ആദരിച്ചു.

യോഗത്തിന് അയ്യപ്പന്‍ കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എല്‍. ബാബു  അധ്യക്ഷത വഹിച്ചു. വീട്ടമ്മയായ ലാലി സാബു രചിച്ച 'മിറാഷ' എന്ന നോവലിന്റെ പ്രകാശന കര്‍മ്മം മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്ലാന്‍ ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഐ എസ് ഒ സര്‍ട്ടിഫൈഡ് ലഭിക്കുന്നതിനാവശ്യമായ അനുബന്ധ ജോലികളാണ് നവീകരണത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ളത്. പഞ്ചായത്തിലെത്തുന്നവര്‍ക്ക് സൗകര്യപ്രദമാം വിധമുള്ള ഫ്രണ്ട് ഓഫീസ് സംവിധാനമുള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്.

യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  നിഷാമോള്‍ ബിനോജ്,  ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. എസ്. രാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ഷിബു കുമാര്‍  എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.