ലൈഫും പെൻഷനും തങ്കക്ക് വീടും വരുമാനവും

post

എറണാകുളം: വയസ് 80 നു മുകളിൽ. ഇടക്കിടെ നഷ്ടപ്പെടുന്ന ഓർമ. പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ വേറെയും. ദുരിതങ്ങൾക്ക് നടുവിൽ തങ്ക വാടക ഷെഡിൽ കഴിച്ചുകൂട്ടിയത് 13 വർഷം. ഇവരെ സ്വന്തം വീടിൻ്റെ സുരക്ഷിതത്തിലേക്ക് മാറ്റുകയായിരുന്നു സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട പദ്ധതി.

വടക്കേക്കര പഞ്ചായത്തിൽ മാട്ടുത്തറ കുഞ്ഞിത്തൈയിൽ സ്ഥിരതാമസക്കാരിയായ തങ്കയുടെ വീട് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു. കാലപ്പഴക്കം ചെന്ന വീട്ടിലും പരിസരത്തും മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നതും പതിവായിരുന്നു. അപ്പോൾ താമസം മകളുടെ കൊച്ചു വീട്ടിലേക്ക് മാറ്റും. ഭിന്നശേഷിക്കാരനായ മകൻ ഉൾപ്പെടുന്ന മകളുടെ ജീവിതവും ദുരിതത്തിലായിരുന്നു. പിന്നീടാണ് താമസം വാടക ഷെഡിലാക്കിയത്.

ദുരിതങ്ങളുടെ നടുവിൽ കഴിയുമ്പോഴാണ് സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതി വരുന്നത്. വീടിനായി വടക്കേക്കര പഞ്ചായത്തിൽ അപേക്ഷ നൽകി. പഞ്ചായത്തിൻ്റെ ലൈഫ് ഭവനപദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. ഇപ്പോൾ അടച്ചുറപ്പുള്ള വീട്ടിൽ സ്വസ്ഥതയോടെയാണ് തങ്കയുടെ താമസം.

അമ്മക്കു വീട് ലഭിച്ചപ്പോൾ സുരക്ഷിതമായ ഭവനം ലഭിച്ചത് തങ്കയുടെ മകൾക്കു കൂടിയായിരുന്നു. മകൾക്കും കുടുംബത്തിനും ഷെഡിലെ ജീവിതത്തിൽ നിന്നും മോചനം ലഭിച്ചു. 

ഇപ്പോൾ അമ്മയേയും മകനെയും സംരക്ഷിച്ച് മകളും ഈ വീട്ടിലാണ് താമസം. ഇവർക്ക് ആശ്വാസത്തിൻ്റെ മറ്റൊരു കിരണമായി ക്ഷേമ പെൻഷനും ലഭിക്കുന്നു. പെൻഷൻ തുക കൂട്ടിയതിനും അത് കൃത്യമായി ലഭിക്കുന്നതിനും ഇവർ സർക്കാരിന് നന്ദിയും അറിയിക്കുന്നു.