ഗതാഗത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്: മന്ത്രി ജി. സുധാകരന്‍

post

പത്തനംതിട്ട : ഗതാഗതം സുരക്ഷിതമാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.  അടൂര്‍-ചെങ്ങന്നൂര്‍ സംസ്ഥാന പാതയുടെ ഉപരിതല നവീകരണത്തിന്റെയും അനുബന്ധ പ്രവൃത്തികളുടെയും നിര്‍മാണോദ്ഘാടനം കുളനട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുപുത്തന്‍ സാങ്കേതിക വിദ്യയും കൂടുതല്‍ മെച്ചപ്പെട്ട റോഡ് നിര്‍മാണവും പ്രതിബദ്ധതയോടെ ചെയ്യാന്‍ കഴിഞ്ഞ നാലു വര്‍ഷമായി സര്‍ക്കാര്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പിന്റ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സെപ്റ്റംബര്‍ എട്ടു മുതല്‍ 20 വരെയുള്ള 12 ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 69 പദ്ധതികളാണ് നാടിന് സമര്‍പ്പിക്കുന്നത്. പുതിയ കാലത്തില്‍ പുതിയ നിര്‍മാണമാണ് നടക്കുന്നതെന്നും ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.

എംസി റോഡ് നവീകരണ പദ്ധതിയില്‍ അടൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗം ആദ്യഘട്ടത്തില്‍ തഴയപ്പെട്ടിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടപടികള്‍ അതിവേഗമാണ് പുരോഗമിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആറന്മുള, അടൂര്‍, ചെങ്ങന്നൂര്‍ എന്നീ മണ്ഡലങ്ങളെ റോഡ് ബന്ധിപ്പിക്കുന്നു. ശബരിമല മണ്ഡലകാലത്ത് ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്. റോഡായാലും പാലങ്ങളായാലും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രഖ്യാപനങ്ങള്‍ നടത്തി കല്ലിട്ട് പോകുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഒരു വര്‍ക്ക് അലോട്ട് ചെയ്ത് എഗ്രിമെന്റ് ഒപ്പിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം മാത്രമാണ് നിര്‍മാണ ഉദ്ഘാടനങ്ങള്‍ നടത്തുന്നതെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അതിവേഗത്തിലാണ് എംസി റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് കഴിഞ്ഞ നാലു വര്‍ഷത്തില്‍ നടപ്പായിട്ടുള്ളത്. അന്തര്‍ ദേശീയ നിലവാരത്തിലുള്ള റോഡുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും എംഎല്‍എ പറഞ്ഞു.

കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിയില്‍ 98.1 കോടി രൂപ ചെലവഴിച്ച് അടൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള 23.8 കിലോമീറ്റര്‍ റോഡിന്റെ ഉപരിതല നവീകരണമാണ് നടത്തുന്നത്. റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്കിന്റെ ധനസഹായത്തോടെ ഇപിസി മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. 2021 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 23.8 കിലോമീറ്റര്‍ നീളത്തില്‍ ബിസി ഓവര്‍ലേ, 20.74 കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത, ഓടനിര്‍മാണം, 15 കിലോമീറ്റര്‍ നീളത്തില്‍ പെഡസ്ട്രിയന്‍ ഗാര്‍ഡ് റെയില്‍, 6.7 കിലോമീറ്റര്‍ നീളത്തില്‍ ക്രാഷ് ബാരിയര്‍, 1.14 കിലോമീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി, പന്തളം വലിയ പാലത്തിന്റെ പുനരുദ്ധാരണവും മൂന്ന് ചെറിയ പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികളും, 44 കലുങ്കുകളുടെ നിര്‍മാണം കൂടാതെ 20 കലുങ്കുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍, 19 മേജര്‍ ജംഗ്ഷനുകളുടെയും 72 മൈനര്‍ ജംഗ്ഷനുകളുടെയും നവീകരണം, റോഡ് സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാര്‍ക്കിങ്ങുകള്‍, ദിശാ സൂചന ബോര്‍ഡുകള്‍, ഐആര്‍സി പ്രകാരമുള്ള വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയാണ് റോഡ് നവീകരണത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ കെ. ഷിബുരാജന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട, കെ എസ്.ടി.പി കൊട്ടരക്കര സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ എന്‍.ബിന്ദു, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജി.എസ്.ഗീത, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.