പാലപ്ലാവില്‍ ബാംബു ക്രാഫ്റ്റ് യൂണിറ്റിനു തുടക്കം

post

ഇടുക്കി : കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് പട്ടികവര്‍ഗ്ഗ കോളനിയില്‍ ആരംഭിച്ച ഉണര്‍വ് ബാബുക്രാഫ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു.  പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സ്ഥിരം തൊഴിലിന് കൂടി പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിരിക്കുന്നതെന്ന് ബാംബുക്രാഫ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.  പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വീടും ഭൂമിയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് തൊഴിലും.  പാരമ്പര്യ കൃഷിക്കും വനവിഭവ ശേഖരണത്തിനും പുറമേ സ്ഥിരമായ വരുമാനം ലഭിക്കുന്ന തൊഴില്‍ നേടുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിനായി പാരമ്പര്യ തൊഴിലില്‍ നൈപുണ്യ പരിശീലനം നല്‍കി മികച്ച ഉത്പന്നം നിര്‍മിച്ച് ശാസ്ത്രിയ വിപണന മാര്‍ഗം അവലംബിച്ചാല്‍ മികച്ച വരുമാനം ഉറപ്പാക്കാന്‍ സാധിക്കും. ഇതിനായി പട്ടിക വര്‍ഗ്ഗവികസന വകുപ്പ് വിവിധ പദ്ധതികള്‍ ആവഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത് പ്രാദേശികമായി തൊഴിലും വരുമാനവും ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് മഹാരിക്കൊപ്പം ജീവിച്ച് അതിനെ പ്രതിരോധിച്ച് ജീവനോപാദികള്‍ സംരക്ഷിച്ച്  മുന്നോട്ട് പോകുകയാണ് ലക്ഷ്യം. പ്രതിസന്ധികള്‍ക്കിടയിലും നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളേറ്റെടുത്ത് മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍. കൊവിഡ് പ്രതിരോധത്തില്‍ കേരളം രാജ്യത്തിന്  മാതൃകയാണ്. പ്രതിസന്ധികള്‍ക്കിടയിലും 88 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത നാലുമാസത്തേക്കു കൂടി ഭക്ഷ്യ കിറ്റുകള്‍ നല്‍കും. ഇതിനു പുറമേ പച്ചക്കറി മേഖലയിലും സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്  തൊഴില്‍ സാധ്യത ഉറപ്പാക്കാനും തങ്ങളുടെ തൊഴില്‍ മേഖലക്ക്  ഉത്തേജനം നല്‍കാനും  ബാംബു ക്രാഫ്റ്റ് യൂണിറ്റിന് കഴിയുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. റോഷി അഗസ്റ്റിയന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 15 ലക്ഷം രൂപയും, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17ലക്ഷം രൂപയും ചിലവഴിച്ചാണ് ബാംബുക്രാഫ്റ്റ് യൂണിറ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഉപകരണങ്ങളടക്കമുള്ള  ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. പാലപ്ലാവ് കോളനിയിലെ പരിശീലനം ലഭിച്ച 22 അംഗങ്ങളാണ് ബാംബു ക്രാഫ്ര്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ കുടുംബങ്ങള്‍ നിര്‍മ്മിച്ച കണ്ണാടിപ്പായ, കൊട്ട, വട്ടി, മുറം, പരമ്പ്, ഓഫീസ് ഫയലുകള്‍, ബാഗുകള്‍ തുടങ്ങിയ മുള ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.

 യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെ എസ് ആര്‍ടിസി  ഡയറക്ടര്‍ ബോഡ് അംഗം സി വി വര്‍ഗ്ഗീസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം വിഷ്ണു കെ ചന്ദ്രന്‍ വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍  തുടങ്ങിയവര്‍ സാസരിച്ചു. കേരള ബാംബു കോര്‍പ്പറേഷന്‍ എം ഡി എ എം മുഹമ്മദ് ബഷീര്‍, കെ.വി മുഹമ്മദ് കുഞ്ഞി, ത്രിതല പഞ്ചായത്തംഗങ്ങളായ റാണി ഷാജി, പുഷ്പ ഗോപി, രാജി ചന്ദ്രന്‍, ടോമി കുന്നേല്‍,   ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ ഹര്‍ഷന്‍ മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.