12 ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 69 പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും: മന്ത്രി ജി. സുധാകരന്‍

post

പത്തനംതിട്ട:സംസ്ഥാനം കോവിഡ് കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മെഴുവേലി-കോട്ട റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കാരിത്തോട്ട എസ്.എന്‍.ഡി.പി. ഗുരുമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സെപ്റ്റംബര്‍ 8 മുതല്‍ 20 വരെയുള്ള 12 ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 69 പദ്ധതികളാണ് നാടിന് സമര്‍പ്പിക്കുന്നത്. പൂര്‍ത്തീകരിച്ചതും ആരംഭിക്കുന്നതുമായ 2500 കോടി രൂപയുടെ പദ്ധതികള്‍ ഇതില്‍പ്പെടുന്നു. പുതിയ കാലമാണ് പുതിയ നിര്‍മ്മാണവും. മഹാമാരി തീര്‍ക്കുന്ന പ്രതിസന്ധികളെ വകവയ്ക്കാതെ നവ കേരള സൃഷ്ടിയില്‍ നവ മാതൃകകളാണ് സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചു വരുന്നത്. രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മെഴുവേലി-കോട്ട റോഡിന്റെ പൂര്‍ത്തീകരണത്തോടുകൂടി ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനിലേക്ക് എളുപ്പം എത്തിച്ചേരുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 

വികസന പാതയിലെ പുതിയ ചുവടുവയ്പ്പാണ് ഇതെന്ന് വീണാ ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. ജില്ലയിലെ ആദ്യ കിഫ്ബി റോഡ് കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ് പൂര്‍ത്തിയായിക്കഴിഞ്ഞു. മെഴുവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ പോകുകയാണെന്നും വീണാ ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ ശിലാസ്ഥാപനം വീണാ ജോര്‍ജ് എംഎല്‍.എ നിര്‍വഹിച്ചു. 

മൂന്നു കോടി രൂപ ചിലവിലാണ്  മെഴുവേലി-കോട്ട റോഡിന്റെ പുനരുദ്ധാരണം നടത്തുന്നത്. ആറന്മുള മണ്ഡലത്തിലെ മെഴുവേലി - കുറിയാനി പള്ളി, കരിത്തോട്ട്-എലിമുക്ക്, കോട്ട-മാന്തുക, കാരക്കാട് - കോഴിപ്പാലം റോഡുകളിലാണു പുനരുദ്ധരാണം നടത്തുക. പദ്ധതിയുടെ പ്രാരംഭ ഘട്ടമായി മെഴുവേലി മുതല്‍ കോട്ട വരെയുള്ള 3.66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ആരംഭിക്കുക. പദ്ധതിയില്‍ നിലവിലുള്ള 5.5 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ്, കോണ്‍ക്രീറ്റ് ഓട, ഐറിഷ് ഡ്രെയിന്‍, ഇന്റര്‍ലോക്ക്, സംരക്ഷണഭിത്തി നിര്‍മ്മാണം, സുരക്ഷാ ഉപാധികള്‍ സ്ഥാപിക്കല്‍ എന്നിവയും നിര്‍മ്മിക്കും. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്. 

വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ കെ.സി.രാജഗോപാലന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണക്കുറുപ്പ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് മോന്‍, ഗ്രാമപഞ്ചായത്ത് അംഗം രാജി.ദാമോദരന്‍  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.റസീന, ഗുരുക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം. സജീവ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.