നീറ്റ് പരീക്ഷയ്ക്ക് പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി ജില്ലാ ഭരണകൂടം

post

* ഒരു ഹാളില്‍ 12 പരീക്ഷാര്‍ഥികള്‍ മാത്രം

* കോവിഡ് പോസിറ്റീവ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ല.

തിരുവനന്തപുരം : നീറ്റ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജില്ലയില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമായി.  പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിറ്റി  കോഡിനേറ്റര്‍മാര്‍  എല്ലാ സെന്ററുകളിലെയും സൂപ്പര്‍വൈസര്‍മാര്‍, ജില്ലയിലെ ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥര്‍  തുടങ്ങിയവരുമായി കളക്ടര്‍ ഡോ.നവജ്യോത് ഖോസ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.  യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ  അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പിന് ജില്ലാ ഭരണകൂടം പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനപ്രകാരം കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല. പരീക്ഷ ഹാളിലും  പരീക്ഷ നടക്കുന്ന കേന്ദ്രത്തിലും ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.   എല്ലാ സെന്ററുകളിലും നൂറു മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേടുകള്‍ സ്ഥാപിക്കുകയും സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍, സ്റ്റുഡന്റ്സ് കേഡറ്റുകള്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും ബാരിക്കേടിനകത്തേക്ക് പ്രവേശനം. രക്ഷകര്‍ത്താക്കളെ ഒരു കാരണവശാലും അകത്തേക്ക് പ്രവേശിപ്പിക്കില്ല.  വീടുകളില്‍ നിന്ന് പരീക്ഷ           എഴുതുന്ന കുട്ടിയെ കൊണ്ടുവിടുന്നതിനായി ഒരു രക്ഷകര്‍ത്താവോ, വാഹനങ്ങളില്‍ ഡ്രൈവറോ മാത്രമേ പാടുളളൂ.  

കുട്ടികളെ പരീക്ഷയ്ക്ക് എത്തിയ്ക്കുന്ന രക്ഷകര്‍ത്താക്കള്‍ തിരികെ പോകേണ്ടതാണ്.  രക്ഷകര്‍ത്താക്കളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഏതെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ സൗകര്യം ഉണ്ടെങ്കില്‍ ഇപ്രകാരം ചെയ്യാവുന്നതാണെങ്കിലും                  പരീക്ഷാസമയം മുഴുവന്‍ രക്ഷകര്‍ത്താക്കള്‍ അവരവരുടെ വാഹങ്ങളില്‍ തന്നെ ഇരിക്കേണ്ടതും, പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ വാഹനത്തിനടുത്തേക്ക് നടന്നു പോകേണ്ടതുമാണ്.   ഇവിടെ കര്‍ശനമായ നിരീക്ഷണവും ഉണ്ടാകും.

ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുളള സമയത്തു തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തേണ്ടതാണ്.  പരീക്ഷയ്ക്കു ശേഷം തിരികെ പോകുന്നതിന് സമയക്രമം പരീക്ഷാകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണം.  കൃത്യമായ ഇടവേളകളില്‍ മാത്രമേ വിദ്യാര്‍ത്ഥികളെ പരീക്ഷ കഴിഞ്ഞ് തിരികെ പോകാന്‍ അനുവദിക്കൂ.

ഒരു ഹാളില്‍ പരമാവധി 12 വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിക്കുക. ക്വാറന്റൈനില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കും കണ്ടൈയിന്‍മെന്റ് സോണില്‍ നിന്ന് വരുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ പ്രത്യേകം ഹാളുകള്‍ സജ്ജമാക്കും. ഈ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം അതത് സെന്റര്‍ സൂപ്പര്‍വൈസര്‍മാരെ മുന്‍കൂറായി നിര്‍ബന്ധമായും അറിയിച്ചിരിക്കണം.  ഇവര്‍ക്കായി പ്രവേശന കവാടം മുതല്‍ പരീക്ഷ ഹാള്‍ വരെ പ്രത്യേക നടപ്പാതയും ക്രമീകരിക്കും.

പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സാനിടൈസര്‍ നല്‍കുകയും, തെര്‍മല്‍ സ്‌കാനിംങ്ങിനു വിധേയമാക്കുകയും ചെയ്യും. ഇതിനായി സുരക്ഷാ ഉദ്ദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും നിയോഗിക്കണം.  കൂടാതെ പരീക്ഷ നടക്കുന്ന സെന്ററിലെ ഫര്‍ണിച്ചറുകളും ശുചിമുറികളും അന്നേ ദിവസം രാവിലെ അണുവിമുക്തമാക്കണം.

വിശദമായ ദിശാ ബോര്‍ഡുകള്‍ എല്ലാ സെന്ററുകളിലും ഉണ്ടായിരിക്കണം.  കുട്ടികള്‍ ഒരു കാരണവശാലും കൂട്ടം കൂടാന്‍ അനുവദിക്കരുത്.

കുട്ടികളെ ദേഹ പരിശോധനയ്ക്കു വിധേയമാക്കുമ്പോള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

കുട്ടികള്‍ക്ക് അനുവദനീയമായ സാധനങ്ങള്‍ മാത്രമേ പരീക്ഷ ഹാളില്‍ കൊണ്ടു പോകാന്‍ അനുവാദമുളളൂ. അല്ലാത്ത സാധനങ്ങള്‍ പ്രത്യേക പൗച്ചുകളില്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതതു സെന്റര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കാണ്.  ഓരോ സെന്ററുകളും നടപ്പിലാക്കുന്ന ക്രമീകരണങ്ങള്‍ സമീപത്തെ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചു അവ തൃപ്തികരമാണെന്ന് ഈ മാസം പന്ത്രണ്ടിനു മുന്‍പായി ഉറപ്പു വരുത്തേണ്ടതാണ്.

പരീക്ഷ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും, ഇതു പ്രകാരമുളള ക്രമീകരണങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്.

ഉത്തര കടലാസ്സുകള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു  പ്രത്യേക പോളിത്തീന്‍ ബാഗുകളിലാക്കിയാണ് മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ അയക്കേണ്ടത്. ഓരോ പരീക്ഷ സെന്ററിലെയും ഇന്‍വിജിലേറ്റര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരീക്ഷ നടത്തിപ്പിനാവശ്യമായ  പ്രത്യേക പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടതാണ്.