കോവിഡ് ചികിത്സക്ക് ജില്ലയില്‍ ആധുനിക സൗകര്യങ്ങള്‍

post

ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ നടപ്പാക്കിയ 2.25 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം 10 ന്

എറണാകുളം: കോവിഡ് ചികിത്സക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നടപ്പാക്കിയ 2.25 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം സെപ്തംബര്‍ 10 ന് നടക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും എം എല്‍ എ യുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ രാവിലെ 11.30ന് ഓണ്‍ലൈനായി നിര്‍വഹിക്കുന്നത്.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒരു കോടി രൂപ ചെലവിട്ടാണ് വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചത്. കാനുല തെറാപ്പി ഡിവൈസ്, ഫോട്ടോ തെറാപ്പി യൂണിറ്റ്, ഇന്‍ഫ്യൂഷന്‍ പമ്പ് , സിറിഞ്ച് പമ്പ് , ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്റര്‍, ഐ.സി.യു. വെന്റിലേറ്റര്‍ , നോണ്‍-ഇന്‍വാസീവ് വെന്റിലേറ്റര്‍ തുടങ്ങിയ 22 ഓളം മെഡിക്കല്‍ ഉപകരണങ്ങളാണ് മെഡിക്കല്‍ കോളേജില്‍ പുതിയതായി എത്തുന്നത്. 70 ലക്ഷം രൂപ ചെലവിട്ട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി കെട്ടിടത്തിന് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. കൂടാതെ 10 ലക്ഷം രൂപാ ചെലവില്‍ മോര്‍ച്ചറിയിലേക്ക് പുതിയ ഫ്രീസര്‍ യൂണിറ്റും സ്ഥാപിച്ചു.

എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപാ ചെലവിട്ട് എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത്് ലാബിലും കോവിഡ് പരിശോധനകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. 45 മിനിറ്റില്‍ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന പി.ബി. നാറ്റ് മെഷീനാണ് ലാബില്‍ സ്ഥാപിച്ചിരിക്കുന്നത്. എട്ട് സാമ്പിളുകള്‍ വരെ ഒരേ സമയം പരിശോധിക്കാവുന്ന യന്ത്രം ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കൈമാറിയത്. പുതിയ ആര്‍.ടി.പി.സി.ആര്‍ മെഷീനും എം എല്‍ എ ഫണ്ടില്‍ നിന്നും ലാബിന് കൈമാറി. ട്രൂ നാറ്റ് പരിശോധനയും ലാബില്‍ ലഭ്യമാണ്. പുതിയ സൗകര്യങ്ങള്‍ എത്തുന്നതോടെ റീജണല്‍ ലാബില്‍ കോവിഡുമായി ബന്ധപ്പെട്ട മുഴുവന്‍ പരിശോധനകളും നടത്താന്‍ കഴിയും. എല്ലാം പ്രാവര്‍ത്തികമാകുന്നതോടെ ജില്ലയിലെ ആരോഗ്യരംഗത്ത് അനുകൂല മാറ്റങ്ങളാണ് വരുന്നത്.