ജനങ്ങളുടെ പരാതികളില്‍ ഉടനടി പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് സാധിക്കും: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : താലൂക്ക്തല അദാലത്തുകള്‍ നടത്തുന്നതുവഴി പൊതുജനങ്ങളുടെ നിരവധി പരാതികളില്‍ സമയബന്ധിതമായി പരിഹാരങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ കോന്നി താലൂക്ക്തല ഓണ്‍ലൈന്‍ റവന്യു അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അദാലത്തുകള്‍ നടത്തുന്നത്. പരാതികളുമായി ബന്ധപ്പെട്ട് ജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്തുതല ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തുന്നതിനാല്‍ പരാതികള്‍ ഉടനടി പരിഹരിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. പൊതുജനങ്ങള്‍ ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടവയായിരുന്നു കോന്നി താലൂക്ക്തല അദാലത്തില്‍ ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും. അതിര്‍ത്തി തര്‍ക്കം, കൃഷിനാശം, വഴി പ്രശ്‌നം, ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയില്‍ നില്‍ക്കുന്ന മരം മുറിക്കല്‍ തുടങ്ങി 18 പരാതികളാണ് കോന്നി താലൂക്ക്തല ഓണ്‍ലൈന്‍ റവന്യു അദാലത്തിലത്തില്‍ സ്വീകരിച്ചത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള ഏഴു പരാതികള്‍ തുടര്‍ നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറി.

അദാലത്തുകളിലേക്ക് എങ്ങനെ പരാതികള്‍ സമര്‍പ്പിക്കാം

പരാതിക്കാരന്‍ പരാതികളും അനുബന്ധ രേഖകളുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുക. അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയും അപേക്ഷകന്റെ ഫോണ്‍ നമ്പരും അക്ഷയ കേന്ദ്രം രേഖപ്പെടുത്തണം. അക്ഷയ കേന്ദ്രങ്ങള്‍ ഇആപഌക്കേഷന്‍ വഴി കളക്ടറേറ്റിലേക്ക് പരാതികള്‍ അയക്കുകയും തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കുകയും ചെയ്യും. അദാലത്തിന് കുറഞ്ഞത് ഒരാഴ്ച്ച മുന്‍പുതന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് അല്ലെങ്കില്‍ പരാതിക്കാരന്റെ നമ്പരും പരാതിയും നല്‍കും. അദാലത്തിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ അറിയിക്കും. തുടര്‍ന്ന് ഓരോ പരാതിക്കാരനും തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന്‍ എത്താന്‍ പാടുള്ളൂ. 

കുടിവെള്ളം, വൈദ്യുതി, അതിര്‍ത്തി തര്‍ക്കം, കൃഷിനാശം, വഴി പ്രശ്‌നം, ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയില്‍ നില്‍ക്കുന്ന മരം മുറിക്കല്‍, പ്രകൃതി ദുരന്തങ്ങള്‍ മൂലം വീടിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍, പോക്കുവരവ് കേസുകള്‍, വിദ്യാഭ്യാസ വായ്പ പ്രശ്‌നങ്ങള്‍, നിശ്ചിത നിര്‍മ്മാണ പരിധി പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരാതികള്‍ അദാലത്തില്‍ അപേക്ഷിക്കാം.

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചു; താലൂക്ക്തല അദാലത്തില്‍ പരിഹാരം 

''വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചു. കപ്പ, വാഴ, കോലിഞ്ചി എല്ലാം നശിപ്പിച്ചു. പരിഹാരം കാണാന്‍ അപേക്ഷ നല്‍കിയിട്ട് മാസങ്ങളായി സര്‍...പരിഹാരം കാണണം...'' ജില്ലാ കളക്ടര്‍ നടത്തിയ കോന്നി താലൂക്ക്തല  ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ അരുവാപുലത്ത് നിന്നും പങ്കെടുത്ത രവീന്ദ്രനാഥിന്റെ വാക്കുകളാണിത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കര്‍ഷകനാണ് രവീന്ദ്രനാഥ്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്നതായിരുന്നു പരാതി. ഈ ആവശ്യം പരിഗണിച്ച ജില്ലാ കളക്ടര്‍ പരിഹാരവുമുണ്ടാക്കി. നഷ്ടപരിഹാരമായി 10375 രൂപ ഒരാഴ്ച്ചയ്ക്കുള്ളില്‍ രവീന്ദ്രനാഥിന് ലഭ്യമാക്കാനുള്ള നടപടികള്‍ കളക്ടര്‍ സ്വീകരിച്ചു. ഇതോടൊപ്പം അദ്ദേഹത്തിന്റെ മറ്റു പരാതികളിലും ഉടന്‍ പരിഹാരം കാണും. വനഭൂമിയില്‍ കൂടിയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാനും പ്രദേശത്ത് ഫോണ്‍ നെറ്റ് വര്‍ക്ക് ലഭിക്കുന്നത് സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ മറ്റു രണ്ട് പരാതികള്‍. റോഡ് കോണ്‍ക്രീറ്റ് വിഷയവുമായി ബന്ധപ്പെട്ട് കോന്നി ഡിഎഫ്ഒ ഫണ്ട് ഉപയോഗിച്ചോ ഗ്രാമ പഞ്ചായത്തില്‍ നിന്ന് വനം സംരക്ഷണ സമിതിക്ക് കൈമാറുന്ന തുക ഉപയോഗിച്ചോ നിര്‍മ്മാണം നടത്താന്‍ നടപടിയായി. ഫോണ്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ ടെലികോം കമ്പനികളുമായി വരും ആഴ്ച്ചയില്‍ കൂടിക്കാഴ്ച്ച നടത്താനും തീരുമാനമായി. 

റേഷന്‍ കാര്‍ഡ് പരാതികളില്‍ രണ്ടു കാര്‍ഡുകളുടെ പരാതികള്‍ അദാലത്തില്‍ പരിഹരിച്ച് റേഷന്‍ കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുകയും ബാക്കിയുള്ളവ ഉടന്‍ തയ്യാറാക്കി നല്‍കുകയും ചെയ്യും.

എ ഡി എം അലക്‌സ് പി തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി ചെല്‍സാ സിനി, ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, കോന്നി തഹസില്‍ദാര്‍ കെ ശ്രീകുമാര്‍, ഐ.ടി മിഷന്‍ ഡി.പി.എം ഷൈന്‍ ജോസ്, സിവില്‍ സപ്ലൈസ് സീനിയര്‍ സൂപ്രണ്ടന്റ് എം എന്‍ വിനോദ് കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്തു.