ഏലപ്പാറ ഗ്രാമപഞ്ചായത്തില്‍ ഹരിത ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു

post

ഇടുക്കി : ഏലപ്പാറ ഗ്രാമപഞ്ചാത്തില്‍ ഹരിത ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജേന്ദ്രന്‍ നിര്‍വഹിച്ചു.വഴികാട്ടാന്‍ വാഗമണ്‍ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഗ്രാമ പഞ്ചായത്ത് ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ഏലപ്പാറ, വാഗമണ്‍, പുള്ളിക്കാനം, കൊച്ചു കരുന്തരുവി, ഉപ്പുതറ റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ഹരിത ചെക്ക് പോസ്റ്റുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. പ്രദേശത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെയടക്കം ഉപയോഗം നിയന്ത്രണവിധേയമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഹരിത ചെക്ക് പോസ്റ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വാഹനങ്ങള്‍  പരിശോധിച്ച് കണ്ടെടുക്കുന്ന മാലിന്യങ്ങള്‍ക്ക് ചെക്കുപോസ്റ്റുകളില്‍ യൂസര്‍ ഫീസ് ഈടാക്കും.ഇരു ചക്ര, മുചക്ര വാഹനങ്ങള്‍ക്ക് 5 രൂപയും നാല് ചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും നാല് ചക്രങ്ങള്‍ക്ക് മുകളില്‍ ഉള്ള വാഹനങ്ങള്‍ക്ക് 15 രൂപയും ഈടാക്കും. പ്ലാസ്റ്റിക്കോ മറ്റ്  അജൈവവസ്തുക്കളോ  കണ്ടെടുക്കാത്ത വാഹനങ്ങള്‍ക്ക് യൂസര്‍ ഫീസ് നല്‍കേണ്ടതില്ല.വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിന്റെ മനോഹാരിതയും ജൈവീകതയും നിലനിര്‍ത്തിപ്പോരാന്‍ ലക്ഷ്യമിട്ടാണ് വഴികാട്ടാന്‍ വാഗമണ്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.ഏലപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണമ്മ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ഹരിത കേരളം ജില്ല മിഷന്‍ ഇടുക്കി റിസോഴ്സ് പേഴ്സണ്‍ അരുണ്‍ പദ്ധതി വിശദീകരിച്ചു.