വയോക്ഷേമം കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

post

പത്തനംതിട്ട : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വയോജനക്ഷേമ കോള്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ,  സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ലക്ഷ്യമിടുന്നത്.

സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്,  കെഎസ്എസ്എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, എന്‍സിഡി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍, ബിഎസ്എന്‍എല്‍ ഡിജിഎം പ്രീതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.