സ്വന്തം വീട്ടിൽ ഓണം ആഘോഷിച്ച് ആശയും കുടുംബവും

post

എറണാകുളം: ഓണത്തിന് സ്വന്തം വീടിന്റെ മുറ്റത്ത് പൂക്കളം ഒരുക്കാനായതിന്റെ സന്തോഷത്തിലാണ് കോട്ടപ്പടിയിലെ വടക്കുംഭാഗം കുന്നപ്പിള്ളി വീട്ടിൽ ആശ വിജയൻ. ഒൻപതു വർഷം വാടക വീട്ടിലായിരുന്നു ഓണം. സ്വന്തം വീടില്ലെന്ന വേദന മനസിലൊതുക്കി കഴിഞ്ഞു പോയ അത്തവും തിരുവോണവും. ഒരു വീടിനായി പലരെയും സമീപിച്ചു. പലപ്പോഴും പഞ്ചായത്തിൽ അപേക്ഷ നൽകി. പക്ഷേ ഒന്നും നടപ്പായില്ല. ഒടുവിൽ ഇക്കുറിയാണ് സ്വന്തം പേരിൽ സ്ഥലവും വീടും ലഭിച്ചത്. പട്ടികജാതി വികസന ഫണ്ടിൽ നിന്നുമാണ് ആശക്ക് മൂന്ന് സെൻ്റ് ഭൂമി ലഭിച്ചത്. കോട്ടപ്പടി പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.തുടർന്ന് വീട് പണി ആരംഭിച്ചു. രണ്ടു മുറിയും ഹാളും അടുക്കളയും ആയി അടച്ചുറപ്പുള്ള ടെറസ് വീടാണ് നിർമ്മിച്ചത്. 2020 ലാണ് ആശക്ക് സ്വന്തം വീടെന്ന സ്വപ്നവും യാഥാർത്ഥ്യമായത്. കൂലിപ്പണിക്കാരനായ ഭർത്താവ് വിജയനും വീട് യാഥാർത്ഥ്യമായത് വിശ്വസിക്കാനായിട്ടില്ല. ഏഴ് വയസുകാരനായ സ്വന്തം മകന് ഓടിക്കളിക്കാനും സൈക്കിൾ ചവിട്ടാനും വീട് ഉണ്ടായെന്ന സന്തോഷമാണ് കൂടുതലെന്ന് ആശ പറയുന്നു. വീട് സ്വപ്നം കണ്ട നാളുകളാണ് കഴിഞ്ഞു പോയത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയാണ് തങ്ങൾക്ക് രക്ഷയായതെന്നും ആശ കൂട്ടിച്ചേർത്തു.