പുതിയ ഗൃഹത്തില്‍ മാത്യുവിനും കുടുംബത്തിനും ഇത് സന്തോഷത്തിന്റെ പൊന്നോണം

post

ഇടുക്കി: പൂക്കാലത്തിന്റെ വസന്തവും പൂക്കളുടെ സുഗന്ധവും ഒത്തുചേരുന്ന ഓണക്കാലം. കാടുകയറി മലയോര ഗ്രാമമായ മാങ്കുളം പഞ്ചായത്തിലേക്കൊരു യാത്ര. പ്രകൃതി സുന്ദരമായ മലയിടുക്കുകളിലൂടെ ആനക്കുളത്തെ മാത്യൂവിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഓണത്തിന്റെ തിരക്കുകള്‍. മുറ്റത്തും തൊടിയിലുമായി പൂക്കള്‍ പറിക്കുന്ന കുട്ടികള്‍. പുതിയവീട്ടിലെ ആദ്യ പൊന്നോണം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചതോടെയാണ് മാത്യൂവിന്റെ ജീവിതത്തിനും നിറപ്പകിട്ടാര്‍ന്ന പുതുദിനങ്ങളെത്തിയത്. 2019 ആഗസ്റ്റ് മാസത്തിലായിരുന്നു വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്.ഈ ജൂണ്‍മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

പുതിയ വീട്ടില്‍തന്നെ മൂത്തമകള്‍ അമലയുടെ വിവാഹവും നടത്തി. കോവിഡ് പശ്ചാത്തലത്തിലെങ്കിലും ഇക്കുറി ഓണം ആഘോഷിക്കുമ്പോള്‍ കുടുംബാംഗങ്ങളെല്ലാം ഏറെ സന്തുഷ്ടരാണ്. മാത്യൂവിന്റെ ഭാര്യ ലാലിയും വീടു ലഭിച്ചതിലുള്ള സന്തോഷം പങ്കുവെയ്ക്കുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ മാത്യു കാലങ്ങളായി കുടുംബ വിഹിതമായി കിട്ടിയ സ്ഥലത്ത് ഇടിഞ്ഞു വീഴാറായ വീട്ടിലാണ് താമസിച്ചിരുന്നത്. പലപ്പോഴും വീടെന്ന സ്വപ്നം ഈ കുടുംബം എന്നും മനസില്‍ സൂക്ഷിച്ചു.

പുതിയോരു വീടിനായി വര്‍ഷങ്ങളായി നീണ്ട കാത്തിരിപ്പ്. പല പദ്ധതികളിലും അപേക്ഷിച്ചു. ഏറ്റവും ഒടുവില്‍ ലൈഫ് പദ്ധതിയില്‍ ആ സ്വപ്നം സാക്ഷാല്‍കരിക്കപ്പെട്ടു. പലപ്പോഴും ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള മാത്യൂ വീടുപണിയുന്നതിനായി ലോട്ടറി ഭാഗ്യമുണ്ടാകുന്നും കരുതിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച ഈ വീടാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ലോട്ടറി ഭാഗ്യമെന്ന് ഭാര്യ ലാലി പറയുന്നു. ലാലിയ്ക്ക് തയ്യലാണ് ജോലി. ഓട്ടോ ഓടി ലഭിക്കുന്ന വരുമാനവും തയ്യിച്ച്  ലഭിക്കുന്ന വരുമാനവും കുട്ടികളുടെ പഠനത്തിനടക്കം ഉപയോഗിച്ചപ്പോള്‍ സ്വന്തമായി വീട് പണിയാന്‍ സാധിക്കാതെ വന്നു. 26 വര്‍ഷത്തോളം  ഈ ആഗ്രഹം അവരുടെ ജീവതത്തിനൊപ്പമുണ്ടായിരുന്നു.

 ഇക്കുറി അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയായി. മകന്‍ എല്‍ദോസ് മാത്യൂ ബംഗ്ലൂരാണ് പഠിക്കുന്നത്. ഇളയ മകള്‍ ആന്‍മരിയ മാങ്കുളത്ത് ഏഴാം ക്ലാസിലും. വിവാഹശേഷം മൂത്തമകളും ഭര്‍ത്താവും ഓണത്തിന് വിരുന്നിനെത്തും. മകന്‍ സ്ഥലത്തില്ലാത്തതില്‍ വിഷമുണ്ടെങ്കിലും മാത്യൂവിന്റെ അനിയന്റെ മക്കളും മറ്റ് കുടുംബാഗംങ്ങളും ഓണത്തിന് വീട്ടലുണ്ടാകും. മാത്യൂവിന്റെ അമ്മ സൂസന്‍ അമ്മച്ചിയ്ക്കും ഏറെ സന്തോഷമുള്ള ദിവസങ്ങളാണിത്. ഓണത്തിനുള്ള ഒരുക്കങ്ങളെല്ലാം ആ വിട്ടുമുറ്റത്ത് മാത്യൂവിന്റെ ഇളയമകള്‍ ആന്‍മരിയയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. മാത്യൂവിന്റെ അനിയന്റെ മക്കളായ ദില്‍ജോ, ഡെല്ലാമോള്‍, ആന്‍മരിയയുടെ കൂട്ടുകാരായ ലിയ, അന്നാമോള്‍, കുട്ടു എന്നിവരും  ഇക്കുറി ഓണത്തിന് വീട്ടിലെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവോണ പുലരിയെവരവേല്‍ക്കാനൊരുങ്ങുകയാണ് ഈ കുടുംബം.