ഇത്തവണ പൊന്നോണമുണ്ട് നല്ലോണമുറങ്ങാന്‍ രാജേശ്വരിക്കും കുടുംബത്തിനും വീടുണ്ട്

post

ഇടുക്കി : ഈ ഓണക്കാലത്ത് മണിയാറന്‍കുടി പമ്പഴക്കുന്നേല്‍ രാജേശ്വരി സുകുമാരനും കുടുംബവും സന്തോഷത്തിലാണ്.സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച കൊച്ചു വീട്ടിലെ ആദ്യ ഓണമാണിവര്‍ക്ക്.മുറ്റത്ത് രാജേശ്വരിയുടെ കൊച്ചുമക്കള്‍ പൂക്കളമൊരുക്കി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.മകന്‍ ഷിജുവും ഭാര്യ ബിജിയും ഇവരുടെ മക്കളായ അര്‍ജുനും അഭിനവും രാജേശ്വരിയുടെ ഭര്‍ത്തൃമാതാവ് ജാനകി വല്ല്യമ്മയുമടങ്ങുന്നതാണ് ഈ കുടുംബം.വാഴത്തോപ്പ് പഞ്ചായത്തിലെ പതിനാലാംവാര്‍ഡിലാണ് രാജേശ്വരി, സര്‍ക്കാരിന്റെ കൈത്താങ്ങോടെ വീട് നിര്‍മ്മിച്ചത്.

20 വര്‍ഷം മുമ്പ് തണലായി നിന്നിരുന്ന ഭര്‍ത്താവ് മരിച്ചു.വിധിയെന്നാശ്വസിച്ച് ജീവിതം മുമ്പോട്ട് കൊണ്ടുപോകവെ അടച്ചുറപ്പുള്ളൊരു ഭവനം രാജേശ്വരിയുടെ സ്വപ്നത്തില്‍ ഇടംപിടിച്ചു.സ്വപ്ന സാക്ഷാത്ക്കാരത്തിന് രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പാവശ്യമായി വന്നു.2018 ല്‍ ലൈഫ് പദ്ധതിക്കായുള്ള ഗുണഭോക്തൃ പട്ടികയില്‍ സ്ഥാനം ലഭിച്ചു.അനുവദിച്ച തുക കൃത്യമായി വിനിയോഗിച്ച് 2019ല്‍ വീടെന്ന സ്വപ്നം രാജേശ്വരി യാഥാര്‍ത്ഥ്യമാക്കി.മുറ്റത്ത് കൊച്ചു മക്കള്‍ പൂക്കളമിടുമ്പോഴും ഓടി കളിക്കുമ്പോഴും രാജേശ്വരിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട്.ഭവന നിര്‍മ്മാണത്തിന് കൈത്താങ്ങായ സര്‍ക്കാരിന് ഹൃദയത്തില്‍ നിന്നിവര്‍ നന്ദി പറയുന്നു.മുമ്പ് മറ്റൊരു വീട്ടില്‍ അസൗകര്യങ്ങളുടെ നടുവിലായിരുന്നു രാജേശ്വരിയുടെയും കുടുംബത്തിന്റെയും താമസം.കാട്ടാനയുടെ സാന്നിധ്യം സദാസമയവും അവിടെ ഭീതി പടര്‍ത്തിപ്പോന്നു.

ജീവിതത്തിന്റെ മുമ്പോട്ട് പോക്കില്‍ ബാധ്യതയേറിയതോടെ ആ സ്ഥലവും വീടും വിറ്റു.ബാധ്യത തീര്‍ത്തതിന്റെ ബാക്കിയായി ലഭിച്ച പണമുപയോഗിച്ച് ഇപ്പോള്‍ വീട് നിര്‍മ്മിച്ചിട്ടുള്ള  ഭൂമി വാങ്ങി.ഭൂമിയുണ്ടെങ്കിലും കൈയ്യിലുണ്ടായിരുന്നതെല്ലാം തീര്‍ന്നതോടെ വീടെന്ന സ്വപ്നം പിന്നെയും ബാക്കിയായി.തൊഴിലുറപ്പുള്‍പ്പെടുള്ള കൂലി വേലയില്‍ നിന്നും ലഭിച്ചിരുന്ന തുച്ഛ വരുമാനം കൊണ്ട് ജീവിതം മുമ്പോട്ട് കൊണ്ടു പോകവെയാണ് രാജേശ്വരിയുടെയും കുടുംബത്തിന്റെയും മുമ്പില്‍ ജീവിക്കാന്‍ പിന്നെയും വെളിച്ചം പകര്‍ന്ന് സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ വീടനുവദിച്ചത്.ഇന്ന് ഇവരുടെ മുഖത്ത് തെളിച്ചമുണ്ട്.അടച്ചുറപ്പുള്ളൊരു വീടുള്ളതിന്റെ ആത്മവിശ്വാസമുണ്ട്.മുമ്പോട്ട് ജീവിക്കാന്‍ പ്രതീക്ഷയുണ്ട്.തണലായി മാറിയ കൊച്ചുവീട്ടില്‍ പൊന്നോണമുണ്ണനുള്ള തയ്യാറെടുപ്പിലാണ് രാജേശ്വരിയും കുടുംബവും.