റീന പറയുന്നു; ഇത് ഞങ്ങള്‍ക്ക് കരുതലിന്റെ നല്ലോണം

post

ഇടുക്കി : കരുതലോടെ വീട്ടിലിരുന്ന് ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ കുങ്കിരിപ്പെട്ടി നിവാസിയായ കൊച്ചുകറത്തേടത്ത് റീനയും ഭര്‍ത്താന് വില്‍സനും മക്കളും.സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച കൊച്ചു വീട്ടിലാണ് റീനയും വില്‍സനും മക്കളായ അഞ്ചനയും അശ്വിനും കഴിയുന്നത്.

ഓണാഘോഷങ്ങള്‍ക്കപ്പുറം നാളുകളായുള്ള തങ്ങളുടെ ഭവനമെന്ന സ്വപ്നം സര്‍ക്കാര്‍ ലൈഫ് മിഷനിലൂടെ സാക്ഷാത്ക്കരിച്ച് നല്‍കിയതിന്റെ സന്തോഷം ഇവര്‍ക്കിരട്ടി മധുരം നല്‍കുന്നു.പെയിന്റിംങ്ങ് തൊഴിലാളിയായ വില്‍സന്റെ വരുമാനം കൊണ്ട് അടച്ചുറപ്പുള്ളൊരു ഭവനം നിര്‍മ്മിക്കുക ഈ കുടുംബത്തിന് സാധ്യമായിരുന്നില്ല.പതിമൂന്ന് വര്‍ഷക്കാലം തലചായ്ക്കാന്‍ സ്വന്തമായി കിടപ്പാടമില്ലാതെ വാടക വീടുകളില്‍ കഴിഞ്ഞു.മാസാമാസം നല്‍കേണ്ടി വന്നിരുന്ന വീട്ടുവാടക റീനക്കും വില്‍സനും അധിക ബാധ്യത വരുത്തി.പതിമൂന്ന് വര്‍ഷം കൊണ്ട് നാലോളം വീടുകളില്‍ മാറി മാറി താമസിച്ചു.ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്നതിനിടയില്‍ സര്‍ക്കാരിന്റെ ഭവനനിര്‍മ്മാണ പദ്ധതിയില്‍ തങ്ങളെക്കൂടി ഗുണഭോക്താക്കളാക്കണമെന്നാവശ്യപ്പെട്ട് റീനയും വില്‍സനും അപേക്ഷ സമര്‍പ്പിച്ചു.പ്രതീക്ഷയുടെ നാളുകള്‍ കടന്നുപോയ്‌ക്കൊണ്ടേയിരുന്നു.ഒടുവില്‍ 2018ല്‍ സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ റീനയുടെ പേരും ഇടംപിടിച്ചു.

നാളുകളായുള്ള തങ്ങളുടെ സ്വപ്നം ലൈഫ് മിഷനിലൂടെ തൊട്ടരികില്‍ എത്തിയതിന്റെ സന്തോഷം അന്നിവര്‍ക്ക് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.സന്തോഷം നിറഞ്ഞ ജീവിത നിമിഷങ്ങള്‍ക്കിടയില്‍ വീടു നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു.ഈ സമയത്തായിരുന്നു റീനയുടെയും വില്‍സന്റെയും മൂത്തമകള്‍ രോഗബാധിതയായത്.വീട് നിര്‍മ്മാണം പുരോഗമിക്കവെ കുടുംബം ആശുപത്രിയിലായി.മകളുടെ ചികിത്സകള്‍ക്കായി ഇല്ലായ്മകള്‍ക്കിടയില്‍ നിന്നും റീനയും വില്‍സനും വലിയ തുക കണ്ടെത്തേണ്ടി വന്നു.

ചികിത്സാനന്തരം ആശുപത്രി വിട്ട ഈ കുടുംബം അന്ന് കഴിഞ്ഞിരുന്നത് കുങ്കിരിപ്പെട്ടിയില്‍ തന്നെ അസൗകര്യങ്ങള്‍ക്ക് നടുവില്‍ നിന്നിരുന്ന മറ്റൊരു വാടക വീട്ടിലായിരുന്നു.മകളെയുമൊത്ത് വെള്ളക്കെട്ടിന് നടുവില്‍ സ്ഥിതിചെയ്തിരുന്ന ആ വീട്ടിലേക്കെത്തിയതിന്റെ കയ്ക്കുന്ന ഓര്‍മ്മകള്‍ റീനക്ക് അത്രപെട്ടന്ന് മറക്കാനാവില്ല.ചികിത്സക്കൊടുവില്‍ മകള്‍ രോഗമുക്തയായി.വിഷമതകള്‍ നിറഞ്ഞ മോശം ദിവസങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ അനുവദിച്ച ഭവനത്തിന്റെ നിര്‍മ്മാണം പതിയെ മുമ്പോട്ട് നീങ്ങിയിരുന്നു.2019ല്‍ സ്വപ്നം പൂവണിഞ്ഞു.നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ വീട്ടിലേക്ക് റീനയും കുടുംബം താമസമാരംഭിച്ചു.ഇന്ന് സന്തോഷം നിറഞ്ഞ് നില്‍ക്കുന്ന സംത്യപ്ത കുടുംബമാണീ വീട്.പലപ്പോഴായി മക്കള്‍ക്ക് ലഭിച്ച ട്രോഫികളും മെഡലുകളുമെല്ലാം വീടിന്റെ സ്വീകരണമുറിയില്‍ റീന അഭിമാനത്തോടെ സൂക്ഷിച്ചിട്ടുണ്ട്.മുറ്റവും പരിസരവുമെല്ലാം പൂച്ചെടികളാല്‍ വര്‍ണ്ണാഭമാണ്.ഭര്‍ത്താവ് വില്‍സന് താങ്ങായി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് റീനയും ചെറിയ വരുമാനം കണ്ടെത്തുന്നു.സമ്പത് സമൃതിയുടെ പഴയനാളുകളെ ഓര്‍മ്മപ്പെടുത്തി ഓരോണക്കാലം കൂടി മുറ്റത്തെത്തി എത്തിനില്‍ക്കുമ്പോള്‍ ഈ കുടുംബം സന്തോഷത്തിലാണ്.കൊവിഡ് കാലം തീര്‍ത്ത ആശങ്കകള്‍ക്കിടയിലും ഓണത്തെ വരവേല്‍ക്കാന്‍ ഇവര്‍ ഒരുങ്ങി കഴിഞ്ഞു.