പ്രാദേശിക വിപണികള്‍ ശക്തിപ്പെടുത്തണം: മന്ത്രി എം എം മണി

post

ഇടുക്കി: കര്‍ഷകരുടെ ഉല്പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ പ്രാദേശിക വിപണികള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം.മണി. കളക്ടേറ്റില്‍ ചേര്‍ന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി തയ്യാറാക്കിയത്. ഇത് ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പ്പന്നങ്ങളും കാര്‍ഷിക വിളകളും വിറ്റഴിക്കുവാന്‍ പ്രാദേശിക വിപണികള്‍ കൂടുതലുണ്ടാകണം. ഉല്പന്നങ്ങള്‍ സംഭരിക്കാനും മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളാക്കുവാനും സാധിക്കണം. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കണം. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. നാട്ടു ചന്തകള്‍ ആരംഭിക്കുക, ബ്ലോക്ക്തലത്തില്‍ തരിശുഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുക, വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്ട് പദ്ധതി തുടങ്ങിയവയെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

യോഗത്തില്‍ റോഷി അഗസ്റ്റ്യന്‍ എംഎല്‍എ, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം സി. വി. വര്‍ഗീസ്, ജില്ലാ കൃഷി ഓഫീസര്‍ വി. റ്റി. സുലോചന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി. കുര്യാക്കോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ്, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. എസ്. മധു, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എം എം ഷാഹുല്‍ ഹമീദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി. ജി. അജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.