റവന്യൂ ജീവനക്കാർക്ക് കളക്ടറുടെ വക 'കരുതലോണം'

post

എറണാകുളം : അപ്രതീക്ഷിതമായി മനുഷ്യന്റെ സാധാരണ ജീവിതം തന്നെ നിശ്ചലമാക്കിയ കൊറോണ വൈറസും പിന്നാലെ വന്ന ശക്തമായ മഴയിലും പതറാതെ ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ റവന്യൂ ഉദ്യോഗസ്ഥർക്ക് ഓണത്തിന് കളക്ടർ എസ്. സുഹാസിന്റെ വക കരുതൽ മധുരം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ സ്വയം സുരക്ഷിതരാവാൻ ജില്ലയിലെ മുഴുവൻ റവന്യൂ ഉദ്യോഗസ്ഥർക്കും കളക്ടർ മാസ്കും സാനിറ്റൈസറും ഫേസ് ഷിൽഡും വിതരണം ചെയ്തു. കൂടാതെ കളക്ടറേറ്റിലെ ജീവനക്കാർക്ക് കളക്ടറുടെ വക ഓണക്കോടിയും കൈമാറി.

കോവിഡ് പ്രതിരോധത്തിലും മഴക്കാലത്തോട് അനുബന്ധിച്ചുള്ള മികവുറ്റ സേവനങ്ങൾക്കുള്ള അംഗീകാരവും ഇനിയുമങ്ങോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തിലാണ് കളക്ടർ ഓണസമ്മാനം ജീവനക്കാർക്ക് നൽകുന്നത്.

ജനുവരി മാസത്തിൽ ആണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കുന്നത്. അതിന് ശേഷം മാർച്ച്‌ ആദ്യ വാരത്തോടു കൂടി കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ ആരംഭിച്ചു. മാർച്ച്‌ അവസാനത്തോട് കൂടി രാജ്യവ്യാപകമായി ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ മുന്നിൽ കാണാനില്ലാത്ത ശത്രുവിനെതിരെയുള്ള പോരാട്ടത്തിൽ റെവന്യൂ ഉദ്യോഗസ്ഥർ മുന്നണി പോരാളികൾ ആയി. നിരീക്ഷണത്തിൽ ഉള്ളവർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഭക്ഷണം ലഭിക്കാത്തവർക്കായി കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കാനും അല്ലാത്തവർക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകാനും അതിഥി തൊഴിലാളി ക്യാമ്പുകളിലെ പ്രവർത്തനങ്ങളിൽ സഹായിക്കാനും തിരികെ മടങ്ങുന്നവരെ ഭക്ഷണ പൊതികൾ നൽകി യാത്രയയക്കാനും അവർ മടി കാട്ടിയില്ല. കോവിഡ് വ്യാപനം ശക്തമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കോവിഡീന് ഒപ്പം ശക്തമായ മഴയും കടലേറ്റവും ജനങ്ങളിൽ ഭീതി നിറച്ചപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്യാമ്പുകൾ ഒരുക്കിയതും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയതും റവന്യൂ ഉദ്യോഗസ്ഥർ തന്നെയാണ്.

ഇനിയും അവസാനിക്കാത്ത കോവിഡ് ഭീഷണിയിൽ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും റവന്യൂ ഉദ്യോഗസ്ഥർ മുൻപന്തിയിൽ ഉണ്ട്.കളക്ടറേറ്റിലെ 100 ജീവനക്കാർക്ക് ഓണ മുണ്ടും ജില്ലയിലെ മുഴുവൻ റെവന്യൂ ഉദ്യോഗസ്ഥാർക്കുമായി 4000 മാസ്കുകളും 2000 ഫേസ് ഷിൽഡുകളും 80 ലിറ്റർ സാനിറ്റൈസറും വിതരണം ചെയ്യും.