പൊന്‍ ചിങ്ങത്തില്‍ ലൈഫ് വീടിന്റെ തണലില്‍ സൗദാമിനി

post

പത്തനംതിട്ട : വീട് വൃത്തിയാക്കി മുറ്റത്ത് പൂക്കളമിട്ട് ഓണവിഭവങ്ങള്‍ ഒരുക്കി 'ലൈഫിലെ' സ്വന്തം വീട്ടില്‍ ആദ്യ ഓണത്തേ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് തണ്ണിത്തോട് പുത്തന്‍ വീട്ടില്‍ സൗദാമിനി ശശിയും കുടുംബവും. 

16 വര്‍ഷം വാടക വീടുകളില്‍ കഴിച്ചുകൂട്ടിയ നാളുകളിലൊന്നും ഓണത്തിന് ഇത്രയധികം മാധുര്യമുണ്ടായിരുന്നില്ല. സ്വന്തം വീട്ടില്‍ ഓണം ആഘോഷിക്കുക എന്നത് സൗദാമിനിയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. സൗദാമിനിയുടെ ചിരകാല മോഹമാണ് 'ലൈഫിലൂടെ' പൊന്‍ ചിങ്ങമാസത്തില്‍ പൂവണിഞ്ഞത്. 

പലയിടങ്ങളില്‍ 16 വര്‍ഷക്കാലം അഞ്ച് വാടകവീടുകളിലായിട്ടാണ് സൗദാമിനിയും ഭര്‍ത്താവ് ശശിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. മൂന്നു വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനില്‍ വീടിനായുള്ള അപേക്ഷ സൗദാമിനി സമര്‍പ്പിച്ചത്. സൗദാമിനിയുടെ ഭര്‍ത്താവ് ശശിക്ക് സ്വന്തമായി ആലയുണ്ടായിരുന്നു. മകന്‍ മനോജിന് കൂലിപ്പണിയും. സ്വന്തമായി ഒരു വീടെന്ന  സ്വപ്നം ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും എന്നാണ് സൗദാമിനി കരുതിയിരുന്നത്. അങ്ങനെ 'ലൈഫ്' വീടിന്റെ നിര്‍മാണം  ആരംഭിക്കുകയും ചെയ്തു. എന്നാല്‍, രണ്ടു വര്‍ഷം മുമ്പ് ഉണ്ടായ വാഹന അപകടം സൗദാമിനിയുടെയും കുടുംബത്തിന്റെയും ജീവിതത്തെ ആകെ തളര്‍ത്തികളഞ്ഞു. ശശിയും മകന്‍ മനോജും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പെടുകയും ശശിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും മകന്‍ മനോജിന്റെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയിലുമായി. വീടിനായി സ്വരുകൂട്ടിയ സമ്പാദ്യം മുഴുവന്‍ ഉറ്റവരുടെ ചികിത്സക്കായി ചിലവായി. പക്ഷെ കയറി കിടക്കാന്‍ സ്വന്തമായി വീടു വേണമെന്ന സ്വപ്നത്തെ സൗദാമിനി അപ്പോഴും മുറുകെ പിടിച്ചു. പിന്നീടുള്ള നാളത്രയും അതിനു വേണ്ടിയുള്ള പരിശ്രമമായിരുന്നു. കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ കിട്ടിയ കുഞ്ഞു സന്തോഷമായിരുന്നു മനോജിനും ഭാര്യ മഞ്ജുഷക്കും ഉണ്ടായ മകള്‍ പവിത്ര. 

രണ്ടു മുറികളും അടുക്കളയും ഹാളും ബാത്ത്‌റൂമും അടങ്ങിയ വീട്ടിലെ ആദ്യ ഓണത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് സൗദാമിനി. ദുരിതങ്ങള്‍ ഒന്നൊഴിയാതെ വന്നിട്ടും സര്‍ക്കാര്‍ ഒപ്പമുള്ളതിനാലാണ്  ഇന്ന് തങ്ങള്‍ 'ലൈഫില്‍' ഹാപ്പിയായി കഴിയുന്നതെന്ന് സൗദാമിനി പറയുമ്പോള്‍ ആ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞിരുന്നു. കുഞ്ഞു പവിത്രയുടെ കളിചിരികള്‍ നിറഞ്ഞ സ്വന്തം വീട്ടില്‍ കുടുംബവുമൊത്ത് ഓണം ആഘോഷിക്കുന്ന തിരക്കിലാണ് സൗദാമിനിയുടെ കുടുംബം.