കണ്ണീരും ഓര്‍മകളും ബാക്കിയായി..പെട്ടിമുടിയോടു തത്കാലം വിട പറഞ്ഞു ദൗത്യസംഘം

post

ഇടുക്കി : പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും സകല സമ്പാദ്യങ്ങളും നഷ്ടമായവര്‍. അവര്‍ക്കു വേണ്ടി തിരച്ചിലിലേര്‍പ്പെട്ട ദൗത്യസംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞിറങ്ങി.  ദുരന്തത്തില്‍  ഗതാഗതവാര്‍ത്ത വിനിമയവൈദ്യുതി ബന്ധങ്ങളും തകരാറിലായതോടെ അര്‍ധരാത്രിയിലുണ്ടായ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലര്‍ന്നിട്ടാണ്.

 എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങള്‍ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ട റോഡ്  ഗതാഗത യോഗ്യമാക്കി അഗ്‌നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. പ്രദേശവാസികളോടൊപ്പം അഗ്‌നിരക്ഷാസേന നടത്തിയ  രക്ഷാപ്രവര്‍ത്തനത്തില്‍ 12 പേരെ രക്ഷപ്പെടുത്താനായി. തുടര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പോലീസും, ദേശിയ ദുരന്ത നിവാരണ സേനയും ചേര്‍ന്നതോടെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി.

 18 ദിവസത്തെ തിരച്ചിലില്‍ 65 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അവസാന  ദിനങ്ങളില്‍ ഏറ്റവും ദുര്‍ഘടമായ പുഴയും ഭൂതക്കുഴി വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. അവസാന ആളെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് അറിയിച്ചങ്കിലും വനമേഖലയിലെ വന്യജീവി സാന്നിദ്ധ്യവും, മഴയും മഞ്ഞും  തിരച്ചിലിന് തിരിച്ചടിയായി. എങ്കിലും  പതിനെട്ടു ദിവസം നടത്തിയ തിരച്ചിലില്‍ ദുര്‍ഘട മേഖലയില്‍ നിന്ന്  65 പേരെ കണ്ടെത്താനായതിന്റെ ചാര്യതാര്‍ത്ഥ്യത്തിലും 5 പേരെ ഇനിയും കണ്ടെത്താനാവാത്തതിന്റെ ദു:ഖത്തിലുമാണ് തിരച്ചില്‍ സംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞത്. ഗാന്ധിരാജിന്റെ ഭാര്യ റാണി(44), ഗാന്ധിരാജിന്റെ മകള്‍ കാര്‍ത്തിക(21), ഷണ്‍മുഖനാഥന്റെ മകന്‍ ദിനേഷ് കുമാര്‍(20), പ്രതീഷിന്റെ ഭാര്യ കസ്തൂരി(26), മകള്‍ പ്രിയദര്‍ശിനി(7) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ചെങ്കുത്തായ  വഴുക്കലുള്ള പാറയിലും, പുഴ ചെന്നുചേരുന്ന അഗാധമായ ഗര്‍ത്തത്തിലും പ്രത്യേക പരിശിലനം നേടിയ സംഘം തിരച്ചില്‍ നടത്തി. അഗ്‌നിരക്ഷാ സേന, ദേശിയ ദുരന്തനിവാരണസേന, സന്നദ്ധ പ്രവര്‍ത്തകര്‍, സാഹസിക സംഘം, വനംപോലീസ്‌റവന്യുപഞ്ചായത്ത് വകുപ്പുകളും കെ.ഡി.എച്ച്.പി കമ്പനി, പ്രദേശവാസികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഏകോപ്പിച്ചാണ് തിരച്ചില്‍ നടന്നത്. കൂട്ടായ്മയുടെയും ഒരു മനസ്സോടെയുള്ള പ്രവര്‍ത്തനത്തിന്റെയും പ്രതിഫലനമാണ് എല്ലാ വിപരീത സാഹചര്യങ്ങളെയും  മാറ്റി  82 പേരില്‍ 12 പേരെ രക്ഷിക്കാനും 65 മൃതദേഹങ്ങള്‍ കണ്ടെത്താനും പെട്ടിമുടുയിലെ ദൗത്യസംഘത്തിന് കഴിഞ്ഞത്. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തെ ദുരന്തനിവാരണ വിഭാഗം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചുകൊണ്ടിരുന്നു.

  ദുഷ്‌കരമായ ഭൂതക്കുഴി വനമേഖലയിലൂടെ ചെന്നെത്താന്‍ കഴിയുന്നിടം വരെ തിരച്ചില്‍ നടത്തിയെന്നും, തിരച്ചിലില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ കാണാതായവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട മുഴുവന്‍ ഇടങ്ങളിലും പരിശോധിക്കാന്‍ സാധിച്ചുവെന്നും പെട്ടിമുടിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഡീന്‍കുര്യാക്കോസ് എം.പി പറഞ്ഞു. നിരവധിപേരുടെ ഒറ്റക്കെട്ടായുള്ള പ്രയത്‌നമാണ് പെട്ടിമുടി രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടതെന്ന് സബ് കളക്ടര്‍ എസ് പ്രേംകൃഷ്ണ പറഞ്ഞു. റഡാര്‍, ഡോഗ് സ്‌ക്വാഡ് അടക്കം സാധ്യമായ എല്ലാ സംവിധാനങ്ങളും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി ,എസ് രാജേന്ദ്രന്‍ എംഎല്‍എ, മുന്‍ എംഎല്‍എ എ.കെ മണി, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉള്‍പ്പെടെയുള്ളവരും  ജനപ്രതിനിധികളും രക്ഷാ സേനകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും അധ്വാനമാണ് ദൗത്യം വിജയകരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

  പെട്ടിമുടിയില്‍ കഴിഞ്ഞ പതിനെട്ടു ദിവസമായി നടത്തിയ തിരച്ചില്‍ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ കൃത്യമായി മാധ്യമങ്ങള്‍ക്കു നല്‍കാന്‍  പിആര്‍ഡിയുടെ  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ടീമിനു  കഴിഞ്ഞു. ദുരന്തമുണ്ടായ സ്ഥലത്തു നിന്ന് പതിനെട്ടുകിലോമീറ്റര്‍ അകലെ ദുഷ്‌കരമായ നിബിഡവനപാതകളിലൂടെ തിരച്ചില്‍ സംഘത്തോടൊപ്പം മഴയും മഞ്ഞും അട്ടശല്യവും വകവയ്ക്കാതെ സഞ്ചരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരായ ഉദയരവി, ആരോമല്‍ പ്രസാദ്, അഖില്‍ വി. ആര്‍. വീഡിയോഗ്രാഫര്‍മാരായ ബെന്നി ജോര്‍ജ്, സുനില്‍, ഫോട്ടോഗ്രാഫര്‍ ശെല്‍വന്‍, ഡ്രൈവര്‍ ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പതിവായി പെട്ടിമുടിയിലേക്ക് പോയിരുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാറും അസിസ്റ്റന്റ് എഡിറ്റര്‍ എന്‍. ബി. ബിജുവും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

 തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചെങ്കിലും പുഴയിലെ ഒഴുക്ക് കുറഞ്ഞ് കാലാവസ്ഥ അനുകൂലമായാല്‍ പ്രദേശവാസികളുടെ സഹായത്തോടെ അഗ്‌നിരക്ഷാ സേനവനംപോലീസ് സേനകളുടെ നേതൃത്വത്തില്‍  തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.