എംഎല്‍എയും ജില്ലാ കളക്ടറും പന്തളത്തും കടയ്ക്കാടും സന്ദര്‍ശനം നടത്തി

post

പത്തനംതിട്ട: പന്തളം കടയ്ക്കാട് പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥിതി വിലയിരുത്തുന്നതിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി. ബി. നൂഹും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

പന്തളം, കടയ്ക്കാട്, പൂഴിക്കാട് അടക്കമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും വ്യാപാരികള്‍ കര്‍ശനമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ കടയ്ക്കുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ സംവിധാനം എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും  അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.  

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി പത്തനംതിട്ട നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ കളക്ടര്‍ പി. ബി. നൂഹ് സന്ദര്‍ശനം നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി. കെ. സതി, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ്‌ഗോയല്‍, ആര്‍ഡിഒ എസ്. ഹരികുമാര്‍, വൈസ് ചെയര്‍മാന്‍ ആര്‍. ജയന്‍, കൗണ്‍സിലര്‍മാരായ രാധാ രാമചന്ദ്രന്‍, കെ. വി. പ്രഭ, അടൂര്‍ തഹസില്‍ദാര്‍ ബീന എസ്. ഹനീഫ്, ഡിവൈഎസ്പി ബിനു, പന്തളം സി. ഐ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.