ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചില്‍: നടപടികള്‍ വേഗത്തിലാക്കും

post

ഇടുക്കി : ഗ്യാപ് റോഡ് ഭാഗത്തെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെയും അഡ്വ.ഡീന്‍ കുര്യാക്കോസ്  എം പിയുടേയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

മണ്ണിടിച്ചിലില്‍ ചിന്നക്കനാല്‍ ബൈസണ്‍വാലി പഞ്ചായത്തുകളിലെ നിരവധി കര്‍ഷകരുടെ ഏക്കറു കണക്കിന് കൃഷി നശിച്ചിരുന്നു. കര്‍ഷകര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കുമെന്ന്  എം പി വ്യക്തമാക്കി.

മേഖലയില്‍ ഇനിയും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നിനാല്‍ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും മുമ്പോട്ടുള്ള നിര്‍മ്മാണങ്ങള്‍ നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.

ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍, അസി. കളക്ടര്‍ സൂരജ് ഷാജി, തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.