ഓണക്കാലം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം- ജില്ലാപോലീസ് മേധാവി

post

പത്തനംതിട്ട : കോവിഡ് പശ്ചാത്തലത്തില്‍ ഓണദിനങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. കോവിഡിന്റെ വ്യാപനം സമ്പര്‍ക്കത്തിലൂടെ വര്‍ധിക്കുന്ന സാഹചര്യം ഗുരുതരമായിക്കണ്ട് ആളുകള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. ഘോഷയാത്ര ഉള്‍പ്പെടെയുള്ള ആഘോഷങ്ങളൊന്നും നിരത്തുകളില്‍ അനുവദിക്കില്ല. മാര്‍ക്കറ്റുകളിലും മറ്റും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ പ്രോട്ടോകോള്‍ മാര്‍ഗനിര്‍ദേശങ്ങളും അനുസരിക്കണം. വ്യാപാരസ്ഥാപനങ്ങളിലും കടകളിലും തിക്കും തിരക്കും ഒഴിവാക്കണം. വ്യാപാരികള്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തണം. ആളുകള്‍ക്ക് ക്യുവില്‍ നില്‍ക്കാന്‍  സൗകര്യം വേണ്ടതാണ്.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വ്യാപാരി പ്രതിനിധികളും പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് മാര്‍ക്കറ്റ് കമ്മിറ്റി രൂപീകരിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഓണത്തിരക്കുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വഴിയോരക്കച്ചവടം നിരോധിച്ചതിനെ തുടര്‍ന്നുള്ള നടപടികള്‍ കര്‍ശനമാക്കും. കോവിഡ് മാനദണ്ഡം അനുസരിച്ചു വീടുകളില്‍ ഓണം ആഘോഷിക്കാം.

ആരാധനാലയങ്ങളിലും മറ്റും ആഘോഷങ്ങള്‍ക്ക് പരമാവധി 20 പേരെ അനുവദിക്കും. പൊതുജനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, തുടങ്ങിയവരെ ഉള്‍പ്പെടുത്തി സുരക്ഷ ഉറപ്പുവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും അനുസരിച്ചു മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. നിശ്ചിത സമയം അനുസരിച്ചു കടകള്‍ പ്രവര്‍ത്തിക്കേണ്ടതാണ്. ഓണക്കാലത്തെ ഗതാഗതനിയന്ത്രണം പ്രത്യേക ശ്രദ്ധയോടെ നിര്‍വഹിക്കാനും, ജീപ്പ് പട്രോളിങ്ങിന് പുറമെ ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

ജില്ലാ അതിര്‍ത്തിയില്‍ പ്രത്യേകശ്രദ്ധ ഉണ്ടാവാനും, ഓണക്കാലവുമായി ബന്ധപ്പെട്ട് ലഹരിപദാര്‍ഥങ്ങളുടെയും മറ്റും കടത്ത് ഉണ്ടാവാതെ നിതാന്ത ജാഗ്രതയോടെ ഡ്യൂട്ടി നോക്കണമെന്നും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ പോലീസ് പരിശോധനകള്‍ നടത്തുമെന്നും, കടകള്‍ക്കു മുന്നില്‍ ശുചിത്വ സൗകര്യങ്ങള്‍ ഉടമകള്‍ ഒരുക്കണമെന്നും, ഇവസംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും, കടയില്‍ വരുന്നവരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി സമൂഹത്തോട്  ഉത്തരവാദിത്വമില്ലാതെ ആരും പ്രവര്‍ത്തിക്കരുതെന്നും, ഇങ്ങനെ ആളുകള്‍ പ്രവര്‍ത്തിക്കുന്നതിന്റ  ഫലമാണ് ഇത്തരത്തില്‍ നോട്ടീസ് നല്‍കുന്നതിന്റെ എണ്ണം കൂടുന്നതെന്നും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കര്‍ശന നിയമനടപടി തുടരും. ഇന്നലെ 299 പേര്‍ക്കെതിരെ മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങിയതിന്റെ പേരില്‍ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 136 ആളുകള്‍ക്കെതിരെ നടപടി എടുത്തതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.