പാലിയേറ്റീവ് പരിചരണം പ്രാഥമിക ആരോഗ്യരംഗവുമായി കൂട്ടിയോജിപ്പിക്കും: മന്ത്രി കെ. മുരളീധരൻ

post

രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ആദ്യ ഘട്ടം മുതൽ തന്നെ രോഗികൾക്ക് പാലിയേറ്റീവ് പരിചരണം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയം സത്യൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനവും രോഗീസംഗമവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന്റെ ഭാഗമായി പാലിയേറ്റീവ് രോഗികൾക്കുള്ള പ്രത്യേക കിറ്റ് വിതരണവും നടന്നു.


വീടുകളിലെത്തി നേരിട്ട് രോഗികളെ പരിശോധിക്കുന്ന 'ഹൃദയരാഗം' പദ്ധതി നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരികയാണെന്ന് മന്ത്രി അറിയിച്ചു. ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് നിലവിൽ ഇത് നടപ്പിലാക്കുന്നത്. പരീക്ഷണം വിജയകരമാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ 140 നിയോജക മണ്ഡലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും, ഇതിനെ പാലിയേറ്റീവ് പരിചരണ സംവിധാനവുമായി പൂർണമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


പാലിയേറ്റീവ് പരിചരണം എന്നത് കേവലം ഒരു കാരുണ്യപ്രവർത്തനം മാത്രമല്ലെന്നും, മറിച്ച് അത് ജനങ്ങളുടെ അവകാശാധിഷ്ഠിതവും ജനകീയവുമായ പ്രവർത്തനമാണെന്നും മന്ത്രി ഓർമിപ്പിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യരംഗവും പാലിയേറ്റീവ് മേഖലയും തമ്മിൽ കൂടുതൽ ശക്തമായ കൂട്ടിയോജിപ്പിക്കൽ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.