പെട്ടിമുടിയിലെ ദുരന്തഭൂമിയില്‍ കര്‍മ്മനിരതരാണ് റവന്യു വിഭാഗം

post

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുമ്പോള്‍ ദുരന്തമുണ്ടായ അന്ന് മുതല്‍  വിശ്രമമില്ലാതെ ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിച്ചു വരുന്നൊരു വിഭാഗമാണ് റവന്യു ജീവനക്കാര്‍. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദുരന്തമുഖത്ത് പ്രവര്‍ത്തനങ്ങള്‍ അത്രയും ഏകോപിപ്പിച്ച് ദേവികുളം സബ്കളക്ടര്‍ എസ് പ്രേം കൃഷ്ണ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പെട്ടിമുടിയില്‍ കര്‍മ്മനിരതരാണ്.തിരച്ചില്‍ നടത്തുന്ന എന്‍ഡിആര്‍എഫ്,ഫയര്‍ഫോഴ്‌സ്, പോലീസ്,വനംവകുപ്പ് സേനാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നതില്‍  റവന്യു ഉദ്യോഗസ്ഥര്‍ കണിശത പുലര്‍ത്തിപ്പോരുന്നു.വിശ്രമമില്ലാതെ തിരച്ചില്‍ നടത്തുന്ന സേനാംഗങ്ങള്‍ക്കും മറ്റാളുകള്‍ക്കും യഥാസമയം ഭക്ഷണമെത്തിച്ച് നല്‍കുന്ന കാര്യത്തിലും താമസ സൗകര്യവും യാത്രാ സൗകര്യവും ലഭ്യമാക്കുന്ന കാര്യത്തിലും റവന്യു ഉദ്യോഗസ്ഥരുടെ കൃത്യതയാര്‍ന്ന ഇടപെടലുണ്ട്.ആശയ വിനിമയ സംവിധാനത്തില്‍ പിഴവുണ്ടാകാതിരിക്കാന്‍ മൂന്നാര്‍ വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമും തുറന്നിരുന്നു.ദുരന്തമുഖത്തു നിന്നും മാറ്റിപാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അവശ്യസാധന കിറ്റുകള്‍ റവന്യു ഉദ്യോഗസ്ഥര്‍ എത്തിച്ച് നല്‍കി.മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ അപര്യാപ്തത ദുരന്തമുഖത്ത് തിരച്ചില്‍ ജോലികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ മൊബൈല്‍ കവറേജിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്ന കാര്യത്തിലും പെട്ടിമുടിയിലേക്കുള്ള റോഡിലെ കുഴികള്‍ മക്കിട്ട് നികത്തി വാഹനഗതാഗതം കൂടുതല്‍ സുഗമമാക്കുന്ന കാര്യത്തിലും റവന്യു വിഭാഗം കാര്യക്ഷമമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.ദുരന്തമുഖത്തു നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു പോരുന്നതും പെട്ടിമുടിയില്‍ കര്‍മ്മനിരതരായിട്ടുള്ള റവന്യു ഉദ്യോഗസ്ഥരാണ്.ദേവികുളം തഹസീല്‍ദാര്‍ ജിജി കുന്നപ്പള്ളി,മൂന്നാര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫ്, ദേവികുളം ഭൂരേഖ തഹസീല്‍ദാര്‍ ആര്‍ രാധാകൃഷ്ണന്‍,ദേവികുളം ആര്‍ഡിഒ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജെയിംസ് നൈനാന്‍,ഇടുക്കി ആര്‍ഡിഒ അതുല്‍ സ്വാമിനാഥന്‍,അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, മൂന്നാര്‍ വില്ലേജ് ഓഫീസര്‍ സിദ്ദിഖ് തുടങ്ങിയവരെല്ലം ദുരന്തഭുമിയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നു.വിവിധ ഓഫീസുകളിലെ ജീവനക്കാരും നേരവും കാലവും നോക്കാതെ പെട്ടിമുടിയില്‍ അവരവരുടെ ജോലികളില്‍ വ്യാപ്രതരാണ്.മൂന്നാര്‍ ഗ്രാമപഞ്ചായത്ത് അധികൃതരും പെട്ടിമുടിയിലെ തിരച്ചില്‍മേഖലകളില്‍ സജീവസാന്നിധ്യമായുണ്ട്.