അടിമാലി പെട്ടിമുടിയില്‍ ഞാറുനടീല്‍ സംഘടിപ്പിച്ചു

post

ഇടുക്കി : ഒരു പതിറ്റാണ്ടിനിപ്പുറം അടിമാലി ഗ്രാമപഞ്ചായത്തിലെ പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയില്‍ നെല്‍ കൃഷിയിറക്കിയിട്ടുള്ളത്. ഞാറ്റടിയില്‍ പാകമായി നിന്നിരുന്ന ഞാറ് ചെളിയിലാഴ്ത്തി തരിശായി കിടന്നിരുന്ന പാടശേഖരത്ത്  കര്‍ഷകര്‍ ജീവന്റെ തുടിപ്പേകി. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്‍, യുഎന്‍ഡിപി, പഞ്ചായത്ത്, കൃഷി വകുപ്പ് തുടങ്ങിയവയുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് കൃഷിയിറക്കിയിട്ടുള്ളത്.

കുറിയകൈമനാടനെന്ന നാടന്‍ വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്. കൃഷിക്കൊപ്പം ജൈവവൈവിധ്യ സംരക്ഷണവും വകുപ്പുകള്‍ ലക്ഷ്യമിടുന്നുണ്ട്. ജൈവരീതിയിലായിരിക്കും കൃഷി പരിപാലനം മുമ്പോട്ട് പോകുക. മന്നാന്‍ വിഭാഗക്കാരായ ആദിവാസി കുടുംബങ്ങള്‍ കൂട്ടുകൃഷിയായാണ് പാടശേഖരത്ത് ഞാറ് നട്ടിട്ടുള്ളത്.

ഗ്രാമപഞ്ചായത്തംഗങ്ങളായ എം പി വര്‍ഗ്ഗീസ്, മഞ്ചു ബിജു, ശ്രീജ ജോര്‍ജ്, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളായ ഫെലിക്സ് തങ്കച്ചന്‍, ഇ കെ ഷാജി, കാര്‍ത്തിക എസ്, ഊരു മൂപ്പന്‍ രാജന്‍ തുടങ്ങിയവര്‍ ഞാറ് നടീല്‍ ചടങ്ങില്‍ പങ്കെടുത്തു.